Categories: World

48 മണിക്കൂറിനകം ഇറാന്‍ ഇസ്രയേലിനെ ആക്രമിക്കുമെന്ന് റിപ്പോര്‍ട്ട്;ലോകം യുദ്ധഭീതിയില്‍; വന്‍സാമ്പത്തിക പ്രതിസന്ധിയുണ്ടാകും

ഇറാന്‍ ഇസ്രയേലിനെ അടുത്ത 48 മണിക്കൂറിനകം ആക്രമിക്കുമെന്ന് അമേരിക്കന്‍ പത്രമായ വാള്‍ സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Published by

വാഷിംഗ്ടണ്‍: ഇറാന്‍ ഇസ്രയേലിനെ അടുത്ത 48 മണിക്കൂറിനകം ആക്രമിക്കുമെന്ന് അമേരിക്കന്‍ പത്രമായ വാള്‍ സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഡമാസ്കസില്‍ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഇസ്രയേല്‍ ആക്രമണം നടന്നതില്‍ പ്രതിഷേധിച്ചാണ് ഇറാന്‍ ഇസ്രയേലിനെ ആക്രമിക്കാനൊരുങ്ങുന്നത്. 48 മണിക്കൂറിനുള്ളില്‍ ഇറാന്‍ ഇസ്രയേലിനെ ആക്രമിക്കുമെന്നും ആ ആക്രമണം മുന്നില്‍ കണ്ട് ഒരുക്കങ്ങള്‍ നടത്തി നില്‍ക്കുന്ന ഇസ്രയേല്‍ തിരിച്ചടിക്കുകയും ചെയ്യുമെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പറയുന്നു.

ഇന്ന് അല്ലെങ്കില്‍ നാളെ ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും സ്ഥിരീകരിച്ചു. ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചാല്‍ അമേരിക്ക നോക്കിനില്‍ക്കില്ലെന്നും ജോ ബൈഡന്‍ ഇറാനെ താക്കീത് ചെയ്തു. ഇതോടെ ഇതൊരു ലോകയുദ്ധത്തിലേക്ക് വളര്‍ന്നേക്കുമോ എന്ന ഭീതിയും നിലനില്‍ക്കുന്നു.

വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് ഇറാൻ സൈന്യം ഇസ്രയേലിന്റെ ചരക്ക് കപ്പൽ തടഞ്ഞത്. ദുബായിലേക്ക് പോകുകയായിരുന്ന കപ്പൽ ഹോർമുസ് കടലിടുക്കിൽ വച്ചാണ് ഇറാൻ സൈന്യം പിടിച്ചെടുത്തത്. ഇതോടെ സംഘര്‍ഷം വര്‍ധിക്കുകയാണ്.

ഇസ്രയേല്‍ ഹമാസിനെതിരെ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇറാനുമായുള്ള ശത്രുതയും വര്‍ധിച്ചത്. ഇസ്രയേലിന്റെ ഹമാസിന് നേരെയുള്ള ആക്രമണം നിര്‍ത്താതെ തുടരുന്നതില്‍ ഇറാന്‍ കഴിഞ്ഞ കുറെ നാളായി അസ്വസ്ഥരായിരുന്നു. കാരണം ഹമാസ് തീവ്രവാദികളുടെ വളര്‍ത്തുകേന്ദ്രം കൂടിയാണ് ഇറാന്‍. ഇതും ഇറാന്റെ പ്രകോപനത്തിന് പിന്നിലുണ്ട്.

പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രയേല്‍ യുദ്ധം മുര്‍ച്ഛിച്ചാല്‍ അത് ലോകമാകെ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. ചരക്ക് നീക്കങ്ങള്‍ വരെ സ്തംഭിക്കും. ഭീതിയോടെയാണ് ലോകം ഈ സംഭവവികാസങ്ങളെ നോക്കിക്കാണുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക