തിരുവനന്തപുരം: കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയായി ഉയര്‍ത്തിക്കാട്ടുന്നതാണ് തിരുവനന്തപുരം പാളയത്തെ മൂന്നു ദേവാലയങ്ങള്‍. ഗണപതി ക്ഷേത്രം, ജുമാ മസ്ജിദ്, സെന്റ് ജോസഫ്സ് ചര്‍ച്ച്. മൂന്നു മതങ്ങളുടെ ആരാധനാലയങ്ങള്‍ അടുപ്പുകല്ലുപോലെ അടുത്തടുത്ത്.
മതസൗഹാര്‍ദ്ദത്തിന്റെ മാതൃക തന്നെ. പക്ഷേ അഭിമാനമുള്ള ഹിന്ദുവിന് അപകര്‍ഷതയും ഉണ്ടാക്കുമായിരുന്നു. പള്ളിയും മോസ്ക്കും മാര്‍ബിളിലും വെള്ളക്കല്ലിലും പ്രൗഢിയോടെ തലയുയര്‍ത്തി നില്ക്കുമ്പോള് ശ്രദ്ധയില്‍ പെടാത്ത ചെറിയൊരു ഓടിട്ട കെട്ടിടമായി . സ്വന്തമായുള്ള സ്ഥലമെല്ലാം കയ്യുക്കുള്ളവര്‍ കയ്യേറിയതിനാല്‍ തൊഴാനെത്തുന്നവര്‍ക്ക് പ്രദക്ഷണം ചെയ്യാന്‍ പോലുമില്ലാത്ത അവസ്ഥ.
ക്ഷേത്രത്തിന്റെ മുഖച്ഛായമാറ്റാന്‍ ഹിന്ദുക്കള്‍ക്ക് ആഗ്രഹമില്ലാതിരുന്നിട്ടോ ശ്രമിക്കാതിരുന്നിട്ടോ അല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വാമി സത്യാനന്ദ സരസ്വതി ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനായി മുന്നിട്ടിറങ്ങിയിരുന്നു. പക്ഷേ ഒരുഘട്ടത്തില്‍ ദേവസ്വം ബോര്‍ഡ് ഇടങ്കോലിട്ടതിനാല്‍ നടന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം പാളയം മഹാഗണപതി ക്ഷേത്രത്തിന് സമീപത്തെ മറ്റ് ആരാധനാലയങ്ങള്‍ക്കൊപ്പം തലയെടുപ്പ് ഉണ്ടാകുന്നു.
വ്യവസായ പ്രമുഖനും ഹിന്ദുത്വാഭിമാനിയുമായ ചെങ്കല്‍ രാജശേഖരന് നായരുടെ മുന്‍കയ്യില്‍ നിര്‍മ്മിച്ച അലങ്കാര ഗോപുരവും തിടപ്പള്ളിയും ഭജനമണ്ഡപവും വിഷുദിനത്തില്‍ സമര്‍പ്പണം നടത്തും. 50 അടി നീളവും 20 അടി വീതിയിലും 50 അടി ഉയരത്തിലുമാണ് ഗോപുരം നിര്‍മിക്കുന്നത്. 18 അടി പൊക്കത്തിലുള്ള ഗണപതി വിഗ്രഹമാണ് ഗോപുരത്തിലെ പ്രധാന ആകര്‍ഷണം. സ്വാമി ചിതാന്ദപുരി, സ്വാമി ബ്രഹ്മാനന്ദ സരസ്വതി, സ്വാമി സാന്ദ്രാനന്ദ, സ്വാമി മഹേശ്വരാനന്ദ സരസ്വതി, തന്ത്രി കണ്ഠരര് മഹേശ്വരര്, ഫാ സജി ഇളമ്പശ്ശേരില്‍, ഡോ വി പി സുഹൈബ്് മൗലവി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗങ്ങളായ ജി സന്ദരേശന്‍, എ അജികുമാര്‍, മുന്‍ പ്രസിഡന്റ് കെ അനന്തഗോപന്‍ തുടങ്ങിയവര്‍ സമര്‍പ്പണ ചടങ്ങില്‍ സന്നിഹിതരാകും
രാജശേഖരന് നായര്‍ ആദ്യമായിട്ടല്ല ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ഏറ്റെടുക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പുരാതനമായ ശംഖുമുഖം ക്ഷേത്രത്തിന്റെ സ്വന്തുക്കളില്‍ ഭൂരിഭാഗവും കയ്യറ്റത്തിന് വിധേയമായിരുന്നു. തിരിച്ചു പിടിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായില്ല. ചവറു തള്ളുന്ന സ്ഥലമായി ക്ഷേത്രഭൂമി ഉപയോഗിക്കപ്പെട്ടു. രാജശേഖരന് നായര്‍ സ്വന്തം നിലയില്‍ ചുറ്റുമതില്‍ നിര്‍മ്മിച്ച് ക്ഷേത്രഭൂമിയുടെ കുറച്ചു ഭാഗം സംരക്ഷിച്ചു. കോവളം ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിന്ശ്രീകോവില്‍ ,അലങ്കാരഗോപുരം, ചിത്രമതില്‍, മണിമണ്ഡപം എന്നിവയും നിര്‍മ്മിച്ചു നല്കി.
‘വ്യവസായ വളര്‍ച്ചയുടെ പിന്നില്‍ അടിയുറച്ച് ഈശ്വരവിശ്വാസം ഉണ്ട്. അതിനാലാണ് ക്ഷേത്രകാര്യങ്ങള്‍ ഏറ്റെടുക്കുന്നത്. അ്പ്പോള്‍ ചെലവ് എത്രയെന്ന് നോക്കില്ല.’ രാജശേഖരന് നായര്‍ പറഞ്ഞു.
പതിനെട്ടാം നൂറ്റാണ്ടില്‍ മാര്‍ത്താണ്ട വര്‍മ്മയുടെ കാലശേഷം കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവായി സ്ഥാനമേറ്റപ്പോള്‍ പദ്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തെക്ക് തലസ്ഥാനം മാറ്റി. .അക്കാലത്ത് ട്രാവന്‍കൂര്‍ നായര്‍ ബ്രിഗേഡിയലില് പെട്ട പട്ടാളക്കാരും കുതിരപ്പട്ടാളക്കാരും തങ്ങള്‍ ആരാധിച്ചിരുന്ന രണ്ടു ഗണപതി വിഗ്രഹങ്ങളും ഒരു ഹനുമാന് വിഗ്രഹവും കൂടെ കൊണ്ടു വന്നു. അതില്‍ ഒന്നാണ് ഇന്നത്തെ പഴവങ്ങാടി ക്ഷേത്രത്തില്‍ ഉള്ള വിഗ്രഹം. രണ്ടാമത്തേത് പട്ടാളക്കാര്‍ തമ്പടിച്ച പാളയത്തും പ്രതിഷ്ഠിച്ചു. ഹനുമാന് വിഗ്രഹം ഇന്നത്തെ നിയമസഭാ മന്ദിരത്തിന്റ അടുത്തും പ്രതിഷ്ഠിച്ചു.
പില്ക്കാലത്ത് തിരുവിതാംകൂര്‍ സേനയില്‍ ധാരാളം ഇസ്ലാം മതസ്ഥരും ക്രിസ്തുമത വിശ്വാസികളും അണിനിരന്നു,1814ല്‍ സ്വാതി തിരുനാള്‍ മഹാരാജാവ് നാട് ഭരിച്ചിരുന്ന കാലത്താണ് ആദ്യമായി ഒരു പള്ളി പാളയത്ത് ഉയരുന്നത് , ‘പട്ടാള പള്ളി’ എന്നറിയപ്പെട്ടിരുന്ന ആ പള്ളിയാണ് ഇന്നത്തെ പാളയം ജുമാ മസ്ജിദ്. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് തൊട്ടടുത്ത് തന്നെ ഒരു ക്രിസ്ത്യന്‍ പള്ളി പണിതത്. അതാണ് ഇന്ന് കാണുന്ന സെന്റ് ജോസെഫ്സ് പള്ളി .അങ്ങനെ സകല മതത്തില്‍ പെട്ട സൈനീകര്‍ക്കും ആരാധിക്കാന്‍ നിര്‍മ്മിച്ച ദേവാലയങ്ങള്‍ ഇന്നും തോളോട് തോള് ചേര്‍ന്ന് നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: