തിരുവനന്തപുരം: മെമ്മറി കാർഡ് ചോർന്നതിലെ ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് ഞെട്ടിക്കുന്നതെന്ന് അതിജീവിത. കോടതിയിൽ പോലും എന്റെ സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല എന്നത് തന്നെ ഭയപ്പെടുത്തുന്നുവെന്നും കോടതി കസ്റ്റഡിയിലിരുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യു പലവട്ടം മാറിയത് സ്വകാര്യതയുടെ ലംഘനമാണെന്നും അതിജീവിത പറഞ്ഞു. താൻ പ്രത്യാശ നഷ്ടപ്പെടാതെ നിയമപോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അതിജീവിത കുറിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
കോടതിയിൽ നിന്നും ദുരനുഭവം ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യരാണ്. തനിക്ക് മുറിവേറ്റപ്പോൾ അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ച നീചരരാണ്. സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചുവെന്ന് കരുതുന്നില്ല. നീതികിട്ടും വരെ പോരാട്ടം തുടരുമെന്നും അതിജീവിത പറഞ്ഞു.
കേസിൽ മെമ്മറികാർഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോർട്ടിനാധാരമായ സാക്ഷിമൊഴികൾ അതിജീവിതയ്‌ക്ക് നൽകണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് ലഭിക്കുന്നതും തുടർന്ന് അതിജീവിതയുടെ പ്രതികരണം വരികയും ചെയ്തത്. മെമ്മറി കാര്‍ഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അങ്കമാലി മജിസ്ട്രേറ്റും ജില്ലാ ജഡ്ജിയുടെ ഓഫിസിലെ സ്റ്റാഫും മെമ്മറി കാര്‍ഡ് പരിശോധിച്ചു. അതേസമയം, ജില്ലാ ജഡ്ജിയുടെ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് അതിജീവിത രംഗത്തെത്തി. ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ അന്വേഷണം നടത്തിയത്. അസമയത്തടക്കം മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടുണ്ടെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് ഇതില്‍ അന്വേഷണം ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: