Categories: Local NewsKottayam

കടനാട് സഹകരണ ബാങ്ക് നിക്‌ഷേപകര്‍ക്ക് നല്‍കാനുള്ളത് 55 കോടി, ഉപരോധ സമരവുമായി നിക്‌ഷേപക കൂട്ടായ്മ

Published by

കോട്ടയം: പാലയ്‌ക്കെടുത്തുള്ള കടനാട് സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതില്‍ പ്രതിഷേധിച്ച് നിക്‌ഷേപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഹെഡ് ഓഫീസ് ഉപരോധിച്ചു. നിലവില്‍ വന്‍തുക നിക്ഷേപിച്ചവര്‍ക്ക് ആഴ്ചയില്‍ 2000 രൂപ വെച്ചാണ് പരമാവധി തിരികെ ലഭിക്കുന്നത്. മക്കളുടെ വിദ്യാഭ്യാസവും വിവാഹവും അടക്കം ലക്ഷ്യമിട്ട് നിക്ഷേപിച്ചവര്‍ കെണിയില്‍ പെട്ടിരിക്കയാണ് . ഓരോ ആഴ്ചയും ബാങ്കില്‍ കയറിയിറങ്ങിയാല്‍ 2000 വീതം കിട്ടും.

വന്‍ തുക വായ്പയെടുത്തവര്‍ തിരിച്ചടയ്‌ക്കാതെ വന്നതോടെയാണ് ബാങ്ക് പ്രതിസന്ധിയിലായത്. 600 ഓളം നിക്ഷേപകര്‍ക്കായി 55 കോടി രൂപയാണ് തിരികെ കൊടുക്കാനുള്ളതെന്ന് നിക്ഷേപ കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു. സമരക്കാര്‍ അഡ്മിനിസ് കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തിയപ്പോള്‍ പണം തിരികെ പിടിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് പറയുന്നത്. കുടിശികക്കാരുടെ വസ്തുവകകള്‍ ലേലം ചെയ്യാനുള്ള നടപടികളും നടക്കുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് പ്രതിസന്ധിയെത്തുടര്‍ന്ന് ഭരണസമിതി അംഗങ്ങള്‍ രാജിവച്ചത്. തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചുമതലേറ്റ് വായ്പാ തുക തിരികെ പിടിക്കാന്‍ നടപടി തുടങ്ങി. തൊട്ടുപിന്നാലെ ഇവരെ മാറ്റി പുതിയ സമിതിയെ ഏകപക്ഷീയമായി നിയമിച്ചുവെന്നും ഇവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് ഇപ്പോള്‍ പണം ലഭിക്കുന്നതെന്നും സമരസമിതി കുറ്റപ്പെടുത്തുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by