തൃശ്ശൂര്‍: തൃശൂര്‍ പൂരത്തിന്റെ ആനയെഴുന്നെള്ളിപ്പിന് പ്രതിസന്ധി സൃഷ്ടിച്ച് വനംവകുപ്പിന്റെ സർക്കുലർ. ആനയ്‌ക്ക് 50 മീറ്റർ അടുത്തുവരെ ആളുകൾ നിൽക്കരുത്, അവയുടെ 50 മീറ്റർ ചുറ്റളവിൽ തീവെട്ടി, പടക്കങ്ങൾ, താളമേളങ്ങൾ എന്നിവ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് വനംവകുപ്പ് സർക്കുലറിലുള്ളത്. ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഈ മാസം15 ന് മുമ്പ് ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വനം വകുപ്പിനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരിട്ട് പോയി ആനകളുടെ പരിശോധന ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതിനിടെയാണ് വനം വകുപ്പിന്റെ സർക്കുലർ പുറത്തിറങ്ങിയത്. ഇതോടെ തൃശൂർ പൂരത്തിന് പ്രതിസന്ധി നേരിട്ടിരിക്കുകയാണ്, സർക്കുലർ പിൻവലിച്ചില്ലെങ്കിൽ തൃശൂർ പൂരത്തിന് ആനകളെ വിട്ടു നൽകില്ലെന്നാണ് ആന ഉടമ സംഘടനയുടെ നിലപാട്. ആന ഉടമകളുടെയും ഉത്സവ സംഘടകരുടെയും അടിയന്തര യോഗം ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിക്ക് തൃശൂരിൽ നടക്കും.
മദപ്പാട് അവസ്ഥയിലുള്ളതോ ഗര്‍ഭിണികളായിട്ടുള്ളതോ പ്രായാധിക്യം വന്നിട്ടുള്ളതോ അസുഖമുള്ളതോ പരിക്കേറ്റതോ ക്ഷീണിതമായതോ ആയ ആനകളെ ഉത്‌സവാഘോഷങ്ങളില്‍ പങ്കെടുപ്പിക്കാന്‍ പാടുള്ളതല്ല. അഞ്ചില്‍ കൂടുതല്‍ ആനകളെ അണിനിരത്തുന്ന സാഹചര്യത്തില്‍ പ്രത്യേകമായി രൂപീകരിച്ചിട്ടുള്ള എലിഫന്റ് സ്‌ക്വാഡില്‍ നിന്ന് ആവശ്യാനുസരണം വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം നിര്‍ബന്ധമായും ഉത്സവക്കമ്മിറ്റി ഉറപ്പ് വരുത്തേണ്ടതാണ്.
എലിഫന്റ് സ്‌ക്വാഡുകളിലെ വെറ്റിനറി ഡോക്ടര്‍മാര്‍ ആവശ്യാനുസരണം മരുന്നുകളും മയക്കുവെടി വെക്കുന്നതിനുള്ള ഉപകരണങ്ങളും കരുതേണ്ടതാണ്. അംഗീകാരമില്ലാത്ത എലിഫന്റ് സ്‌ക്വാഡ് അംഗങ്ങളെ യാതൊരു കാരണവശാലും നാട്ടാനകളുമായി ഇടപെടാന്‍ അനുവദിക്കാന്‍ പാടുള്ളതല്ല. ഉത്സവത്തിനുപയോഗിക്കുന്ന ആനകളുടെ പൂര്‍വ്വ ചരിത്രം പരിശോധിച്ച് ആനകള്‍ മുന്‍കാലങ്ങളില്‍ മനുഷ്യന് ജീവഹാനി വരുത്തിയിട്ടുള്ളതോ ഇടഞ്ഞ് മറ്റ് നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുള്ളതോ അല്ലാ എന്ന് ഉത്സവക്കമ്മിറ്റി ഉറപ്പ് വരുത്തേണ്ടതാണ് എന്നും വനംവകുപ്പ് സര്‍ക്കുലറില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: