കൊച്ചി: കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന് കര്‍ത്തയ്ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇ ഡി നല്കിയ സമന്‍സ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് സമന്‍സ്. തിങ്കളാഴ്ച ഹാജരാകാനാണ് കര്‍ത്തയ്ക്ക് ഇ ഡി നോട്ടീസ്.
ജസ്റ്റിസ് ടി.ആര്. രവിയാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിക്കാര്‍ക്കെതിരേ നിര്‍ബന്ധിത നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ഇ ഡിക്കു വേണ്ടി ഹാജരായ അഭിഭാഷകന് അറിയിച്ചു. ബെഞ്ച് ഇതു രേഖപ്പെടുത്തി. കേസ് മേയ് 22ന് പരിഗണിക്കും.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഷെഡ്യൂള്‍ ചെയ്ത കുറ്റകൃത്യങ്ങളൊന്നുമില്ലാത്തതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ ഇ ഡിക്ക് അധികാരമില്ലെന്നു ഹര്‍ജിക്കാര്‍ ആരോപിച്ചു. മുഴുവന്‍ അന്വേഷണവും നിര്‍ബന്ധിത നടപടികളും സ്റ്റേ ചെയ്യാന്‍ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.
ഇ ഡിക്കു മുന്നില്‍ വെള്ളിയാഴ്ച ഹാജരാകാന്‍ അപേക്ഷകരില്‍ ചിലര്‍ക്കു സമന്‍സ് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: