അമ്പലപ്പുഴ: വെല്‍ഡിങ് പണിക്കു പോകുമ്പോഴും സുജിത്തിന്റെ മനസില്‍ ഒരു മോഹമുണ്ടായിരുന്നു, സ്വന്തമായി ഒരു സംരംഭം. മറ്റൊരാളുടെ കീഴില്‍ വല്ലപ്പോഴും ലഭിക്കുന്ന പണികൊണ്ട് കൂട്ടിയാല്‍ കൂടില്ല എന്നറിയാമായിരുന്നു സുജിത്തിന്. ഒരു ലോണിനായി എസ്ബിഐ അടക്കമുള്ള ബാങ്കുകളെ സമീപിച്ചെങ്കിലും ഉദ്യോഗസ്ഥ ജാമ്യം, വസ്തു ജാമ്യം ഇതിനുശേഷം ലോണ്‍ ലഭിച്ചാല്‍ ഭീമമായ പലിശയും തിരിച്ചടവും വേണ്ടിവരും എന്നറിഞ്ഞതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
അപ്പോഴാണ് പ്രൈംമിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷന് പ്രോഗ്രാമിനെപ്പറ്റി അറിഞ്ഞത്. ഉടന്‍ തന്നെ ആലപ്പുഴയിലെ ജില്ലാ വ്യവസായ കേന്ദ്രത്തെ സമീപിച്ചു. ഇവിടുത്തെ ഉദ്യോഗസ്ഥന്മാര് വളരെ വേഗം വായ്പ ലഭിക്കുവാന്‍ വേണ്ട സംവിധാനങ്ങള്‍ കാനറാ ബാങ്കിലൂടെ ഏര്‍പ്പെടുത്തി. സ്വന്തമായി പവര്‍ ടൂള്‍സുകള്‍ വാടകയ്ക്ക് നല്കുന്ന തൊഴിലാണ് പ്രധാനമന്ത്രി തൊഴില്‍ ദാന പദ്ധതി പ്രയോജനപ്പെടുത്തി ആരംഭിച്ചത്. തുടര്‍ന്ന് വീടിന് സമീപത്തു തന്നെ കടമുറി വാടകയ്ക്ക് കണ്ടെത്തുകയും ഇവിടെ വെല്‍ഡിങ് മെഷീന്, ഹാന്‍ഡ് കട്ടര്‍, ജനറേറ്റര്‍, ജാക്ക് ഹാമര്‍, വൈബ്രേറ്റിങ് മെഷീന്, കാര്‍ വാഷിങ് ഉപകരണങ്ങള്‍ തുടങ്ങിയവ വാടകയ്ക്ക് നല്കുന്ന സ്ഥാപനം ആരംഭിക്കുകയായിരുന്നു.
ഒന്‍പതു ലക്ഷം രൂപയാണ് സുജിത്തിന് പദ്ധതി വഴി ആറു മാസം മുന്‍പ് ലഭിച്ചത്. കൃത്യമായി തിരിച്ചടവ് നടത്തുന്നതിനാല്‍ സബ്സിഡി തുകയായ മൂന്നു ലക്ഷത്തി പതിനയ്യായിരം രൂപയും അക്കൗണ്ടില്‍ വന്നു കഴിഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥരും സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താറുണ്ടെന്നും സുജിത് പറയുന്നു.
സ്ഥാപനം തുടങ്ങിയതോടെ ഉപകരണങ്ങള്‍ വാടകയ്ക്ക് വാങ്ങുവാന്‍ നിരവധി പേരാണെത്തുന്നത്. ഒരിക്കലും നടക്കാത്ത മോഹം എന്നു കരുതിയത് യാഥാര്‍ത്ഥ്യമായതിന്റെ ആഹ്ലാദമുണ്ടിപ്പോള് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം ദേവസ്വം പറമ്പില്‍ എസ്. സുജിത്തിന്. വെല്‍ഡിങ് തൊഴിലാളിയില്‍ നിന്ന് കടയുടമയിലേക്ക് ഉയര്‍ന്ന സുജിത്ത് പ്രധാനമന്ത്രിയുടെ തൊഴില്‍ ദാന പദ്ധതിയിലൂടെയാണ് വിജയക്കൊടി പാറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: