ബിജെപി വളര്‍ന്നതും മുന്നണി ആയതും അധികാരത്തിലെത്തിയതും ഭരണത്തില്‍നിന്ന് പുറത്തുപോയതും വീണ്ടും വന്നതും ഇപ്പോള്‍ തുടരുന്നതും മൂന്നാം വട്ടം ഭരണത്തിലേക്കെന്ന് ഉറപ്പാക്കിയതും പഠിച്ചാല്‍, അത് ചിട്ടപ്രകാരമുള്ള വളര്‍ച്ചയാണെന്ന് കാണാം. മുന്നണി ആയല്ല, സഖ്യമായാണ് ബിജെപി മറ്റുപാര്‍ട്ടികളെ ഒപ്പം കൂട്ടിയത്. ബിജെപിയാണ് അടുത്തതായി ഭരണത്തിലെത്താന്‍ പോകുന്നതെന്ന പ്രതീതി സമൂഹത്തിലുണ്ടായപ്പോഴേ ഓരോ കാര്യങ്ങളില്‍ ആ പാര്‍ട്ടി തയാറെടുപ്പുകള്‍ നടത്തി. അല്ലാതെ, ചില തല്‍ക്കാല ലക്ഷ്യങ്ങള്‍ സാധിക്കാന്‍ ഒപ്പിച്ചെടുത്ത കൂട്ടുകെട്ടായിരുന്നില്ല ബിജെപിയുടെ സഖ്യം. അതാണ് മുന്നണി രാഷ്‌ട്രീയത്തില്‍ എന്‍ഡിഎയെ വേറിട്ടു നിര്‍ത്തുന്നത്.
1996ലെ തെരഞ്ഞെടുപ്പാണ് ബിജെപി കേന്ദ്രം ഭരിക്കാന്‍ പോന്ന പാര്‍ട്ടിയെന്ന് ജനങ്ങളില്‍ വിശ്വാസ്യതയുണ്ടാക്കിയത്. ഒരുപക്ഷേ പാര്‍ട്ടി പ്രവര്‍ത്തകരില്‍ പലരും പോലും ആ തെരഞ്ഞെടുപ്പിനു ശേഷം ഒരു ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കരുതിയിരുന്നില്ല. 13 ദിവസത്തെ സര്‍ക്കാര്‍, അത് പലര്‍ക്കും അത്ഭുതവും അപ്രതീക്ഷിതവുമായിരുന്നു, ആവേശമായിരുന്നു, ആസൂത്രിതമായിരുന്നു. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി എന്നതൊഴിച്ചാല്‍ ഭരിക്കാനുള്ള സീറ്റോ വോട്ടുവിഹിതമോ സാങ്കേതികമായി അവകാശപ്പെടാന്‍ ഇല്ലായിരുന്നല്ലോ.
എന്നാല്‍ പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്ഭരണം കാലാവധി പകുതി പിന്നിട്ടപ്പോഴേ കേന്ദ്രസര്‍ക്കാരിനോട് ജനവികാരം വിരുദ്ധമായി. അഴിമതി, അനാഥത്വം, കോണ്‍ഗ്രസിലെ തമ്മിലടി ഒക്കെയായിരുന്നു പ്രധാന കാരണം. ഒടുവില്‍ ജെയിന്‍ ഹവാല കേസ് വന്നതോടെ ധ്രുവീകരണം പൂര്‍ത്തിയായി. ‘കോണ്‍ഗ്രസ് സര്‍ക്കാര്‍ പോകണം’ എന്ന വികാരം ജനം ഏറ്റെടുത്തു. ബിജെപി ഏറെ കണക്കുകൂട്ടിത്തന്നെ ഓരോ ചുവടും മുന്നോട്ടുവച്ചു. കോണ്‍ഗ്രസ് വക്താവായിരിക്കെ മുതിര്‍ന്ന നേതാവ് വി.എന്‍. ഗാഡ്ഗില്‍ നടത്തിയ ഒരു പ്രസ്താവനയുണ്ട്: ‘കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയല്ല, വലിയൊരു ആള്‍ക്കൂട്ടമാണ്. അത് അവസരംവരുമ്പോള്‍ ഒന്നിക്കും.’ രൂക്ഷമായ ഗ്രൂപ്പിസം, നേതാക്കളുടെ രാജി, പാര്‍ട്ടി പിളര്‍ന്ന് പുതിയ പ്രാദേശിക പാര്‍ട്ടിയുടെ രൂപീകരണം ഒക്കെ സംഭവിച്ച കാലത്താണ് വക്താവിന്റെ ഈ വിശദീകരണം. ബിജെപിയെക്കുറിച്ച് എല്‍.കെ. അദ്വാനി ഒരിക്കല്‍ നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു: ‘ബിജെപി കമ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലെ ഒരു കേഡര്‍ പാര്‍ട്ടിയല്ല. കോണ്‍ഗ്രസിനെപ്പോലെ ആള്‍ക്കൂട്ടവുമല്ല. മറിച്ച്, കേഡര്‍ സ്വഭാവമുള്ള ബഹുജന സംഘടനയാണ്.’ വ്യക്തമാണ് നിരീക്ഷണവും നിര്‍വചനവും. ബിജെപിയുടെ ഓരോ നയ-നടപടി-നടപ്പാക്കലുകളിലും അത് കാണാമായിരുന്നു.
1995; അടുത്തത് തെരഞ്ഞെടുപ്പ് വര്‍ഷം, മുംബൈയില്‍ ബിജെപി മഹാ അധിനിവേശന്‍. ഒരുലക്ഷം പ്രതിനിധികളാണ് പങ്കെടുത്തത്. 1995 നവംബര്‍ 11 മുതല്‍ 13 വരെ. ചരിത്രപരമായിരുന്നു ആ പ്ലീനറി സമ്മേളനം. പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലുകളുടെ ചരിത്രത്തില്‍ ശ്രദ്ധേയമായത്. യശോഭൂമി എന്ന് പേരിട്ട് അന്നത്തെ വിക്ടറി ഗ്രൗണ്ടിലായിരുന്നു സമ്മേളനം. മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്സില്‍നിന്ന് ദല്‍ഹിയിലെ സെവന്‍ റേസ് കോഴ്സിലേക്കുള്ള യാത്രയ്‌ക്ക് അവസാനഘട്ട ഒരുക്കമായിരുന്നു അത്.
അന്ന് പാര്‍ട്ടി അധ്യക്ഷന്‍ എല്‍.കെ. അദ്വാനി. ബിജെപി രൂപീകരിക്കപ്പെട്ടശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെ പാര്‍ട്ടി വിജയങ്ങളുടെ ചരിത്രം കണക്കുകള്‍ നിരത്തി പറഞ്ഞ് അദ്വാനി പ്രസ്താവിച്ചു: 1996 ല്‍ ബിജെപി സര്‍ക്കാരുണ്ടാക്കും. സ്വാഭാവികമായും ഏത് പാര്‍ട്ടിയും മുന്നണിയും തെരഞ്ഞെടുപ്പിന് മുമ്പ് അങ്ങനെയേ പറയൂ. ഉദാഹരണത്തിന്, 100 സീറ്റില്‍ തികച്ച് മത്സരിക്കാത്ത വേളയില്‍ സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത് പറഞ്ഞു, ‘ഇടതുപക്ഷം സര്‍ക്കാര്‍ രൂപീകരിക്കും; ഭരിക്കും’ എന്ന്. കെ.എം. മാണി ജീവിച്ചിരിക്കെ ഒരു ഘട്ടത്തിലും കേരള കോണ്‍ഗ്രസ് കേരളം ഭരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ പോലും പറഞ്ഞിട്ടില്ല; പക്ഷേ മകന്‍ ജോസ്.കെ.മാണി പ്രസ്താവിക്കുന്നു; കേരള കോണ്‍ഗ്രസ് (എം) അംഗമായ എല്‍ഡിഎഫ് പിന്തുണയ്‌ക്കുന്ന ഇന്‍ഡി മുന്നണി കേന്ദ്രത്തില്‍ അധികാരത്തില്‍ വരും എന്ന്. അതൊക്കെ ആഗ്രഹം പോലുമല്ല, ആവേശം ഉണ്ടാക്കാന്‍ പറയുന്നതാണ്. പക്ഷേ, മഹാ അധിനിവേശനിലെ അദ്വാനിയുടെ പ്രസംഗം ആവേശക്കാര്‍ക്കുവേണ്ടി ആയിരുന്നില്ല, മറിച്ച് ആവശ്യകത യുക്തിസഹമായി ജനത്തിനു മുന്നില്‍ അവതരിപ്പിക്കാനായിരുന്നു. അദ്വാനിയുടെ ആ പ്രഖ്യാപനത്തിന്റെ രണ്ടാം ഭാഗമാണ് വാസ്തവത്തില്‍ ഒന്നാമത്തെ വിഷയമായത്. ‘ബിജെപി വിജയിക്കും, നമ്മള്‍ സര്‍ക്കാര്‍ രൂപീകരിക്കും, തെരഞ്ഞെടുപ്പിനെ അടല്‍ബിഹാരി വാജ്പേയി നയിക്കും, വാജ്പേയി ആണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. ‘അഗ്ലി ബാരി, അടല്‍ ബിഹാരി’ (അടുത്ത തവണ അടല്‍ബിഹാരി) എന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല, സാമാന്യജനങ്ങളും പറയാന്‍ തുടങ്ങിയത് നടപ്പാകാന്‍ പോകുന്നു.’
എത്ര കൃത്യമായി ഒരു സംഘടന അതിന്റെ അജണ്ട (രഹസ്യമല്ല, പരസ്യമായിത്തന്നെ) നടപ്പാക്കി. ഭാരതത്തില്‍ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ അതുവരെ ഒരു പാര്‍ട്ടിയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. ആദ്യമായാണ് അങ്ങനെയൊന്ന് സംഭവിച്ചത്. എതിര്‍പക്ഷത്ത്, പ്രത്യേകിച്ച് കോണ്‍ഗ്രസില്‍, പാര്‍ട്ടിയിലും സര്‍ക്കാരിലും നേതൃത്വം കിട്ടാനുള്ള തമ്മില്‍ത്തല്ല് രൂക്ഷമായി നില്‍ക്കുമ്പോഴാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ തുല്യസ്ഥാനം കല്‍പ്പിച്ചുകൊടുത്തിട്ടുള്ള രണ്ടുപേരില്‍ ഒരാള്‍ മറ്റൊരാളെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. മഹാധിനിവേശനിലെ ആ വേള ചരിത്രപരമായ നിമിഷം ആയി മാറി; ഒരുപക്ഷേ, ഭാരത രാഷ്‌ട്രീയ ചരിത്രത്തിലെതന്നെ.
കോണ്‍ഗ്രസ് നരസിംഹറാവുവിനെ ഇനി നേതൃത്വത്തില്‍ വേണ്ടെന്ന് തീരുമാനിച്ചിരുന്നു. 1996 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികളിലും പോസ്റ്ററുകളിലും തെരഞ്ഞെടുപ്പ് നടക്കുന്ന കാലത്ത് പ്രധാനമന്ത്രിയായിരുന്ന റാവുവിന്റെ ചിത്രം ഉണ്ടായിരുന്നില്ല. പകരം അന്തരിച്ച, മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരയുടേയും രാജീവിന്റെയും ചിത്രങ്ങള്‍ സ്ഥാനം പിടിച്ചു. ആരാണ് പ്രധാനമന്ത്രിയെന്ന് പറയാനാവാതെ കോണ്‍ഗ്രസും മറ്റുകക്ഷികളും കുഴങ്ങി. പില്‍ക്കാലത്ത് രൂപപ്പെട്ടതാണെങ്കിലും ഐക്യമുന്നണിയുടെ പ്രാഗ്രൂപമായ ‘മതേതരപ്പാര്‍ട്ടി’കളുടെയും ‘ഇടതുപക്ഷ ശക്തി’കളുടെയും പൊതുവേദിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു. തെരഞ്ഞെടുപ്പു ചരിത്രത്തിലെ നാഴികക്കല്ലായി, അദ്വാനിയുടെ ആ പ്രഖ്യാപനം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: