ന്യൂദല്‍ഹി: മദ്യനയക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ കൂടുതല്‍ തെളിവുകളുമായി സിബിഐ.
ദല്‍ഹി മദ്യ ലൈസന്‍സ് അഴിമതിയിലെ മുഖ്യപങ്കാളിയായ സൗത്ത്ഗ്രൂപ്പിലെ ഒരു വ്യവസായിയില്‍ നിന്ന് 100 കോടി കൈപ്പറ്റിയതിന്റെ തെളിവുകള്‍ ലഭിച്ചതായി സിബിഐ പ്രത്യേക കോടതിയില്‍ അറിയിച്ചു. കേസിലെ മറ്റൊരു പ്രതിയായ ബിആര്‍എസ് നേതാവ് കെ. കവിതയുടെ കസ്റ്റഡി ആവശ്യപ്പെട്ട് റോസ് അവന്യൂ കോടതിയില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2022 മാര്‍ച്ച് 16ന് സൗത്ത് ഗ്രൂപ്പിലെ ഒരു മദ്യ വ്യവസായി മുഖ്യമന്ത്രിയുടെ ഓഫീസ് ചേബറിലെത്തി കേജ്രിവാളുമായി കൂടിക്കാഴ്ച നടത്തുകയും ദല്‍ഹി മദ്യനയത്തില്‍ ഇടപെടലുകള്‍ നടത്താനുള്ള അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു. കേജ്രിവാള് പകരം 100 കോടിയും ആവശ്യപ്പെട്ടു.
വ്യവസായി സമ്മതിച്ചതോടെ കെ. കവിത ഇയാളുമായി ബന്ധപ്പെടുമെന്നും കേജ്രിവാള് ഉറപ്പ് നല്കി. പിന്നീട് വ്യവസായിയെ കവിത ബന്ധപ്പെട്ടു. വിഷയത്തില്‍ കേജ്രിവാളും ആപ്പ് മിഡിയ കോഓര്‍ഡിനേറ്റര്‍ വിജയ് നായരും സംസാരിച്ചു. ഹൈദരാബാദിലെത്തി തന്നെ നേരിട്ട് കാണാനും ആവശ്യപ്പെട്ടു. മദ്യ ലൈസന്‍സിനായി മൊത്തം 100 കോടി നല്‍കണം. ആദ്യം 50 കോടി സംഭാവനയായി നല്‍കണം. ബാക്കി പിന്നീടെന്നാണ് കവിത വ്യവസായിയെ അറിയിച്ചത്. സൗത്ത് ഗ്രൂപ്പുമായുള്ള ഇടനിലക്കാരിയായാണ് കവിത പ്രവര്‍ത്തിച്ചതെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിജയ് നായരും കേസിലെ മറ്റൊരു പ്രതിയാണ്.
തേസമയം കവിതയെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന സിബിഐയുടെ ആവശ്യത്തില്‍ പ്രത്യേക കോടതി ഉത്തരവ് പറയാന്‍ മാറ്റി. മദ്യ നയക്കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത് തീഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കവിതയെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുകയും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇവര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് സിബിഐ കവിതയെ കസ്റ്റഡിയില്‍ വിട്ടു നല്കാന് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: