കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസിലെ ഇ ഡി സമന്‍സിനെതിരെ ഹൈക്കോടതിയിലെത്തിയ സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയ്ക്ക് തിരിച്ചടി.അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇ ഡി സമന്‍സിലെ തുടര്‍ നടപടി തടയണമെന്ന് ആവശ്യപ്പെട്ടാണ് ശശിധരന് കര്‍ത്ത ഹൈക്കോടതിയെ സമീപിച്ചത്. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകണമെന്നാണ് ഇഡി ശശിധരന് കര്‍ത്തയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട് വെയര്‍ സേവനത്തിനായി ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയത്. ഇതിന് പുറമെ വായ്പ എന്ന പേരിലും അരക്കോടിയോളം രൂപ നല്‍കിയിരുന്നു. ഇത് സംബന്ധിച്ചാണ് ഇഡിയും കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇല്ലാത്ത സേവനത്തിന് വീണയുടെ കമ്പനി പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡി കണക്കുകൂട്ടല്‍.സിഎംആര്‍എല്ലിന്റെ ബാലന്‍സ് ഷീറ്റില്‍ കളളക്കണക്കിന്റെ പെരുക്കങ്ങളുണ്ടെന്ന് ആദായ നികുതി വകുപ്പും കണ്ടെത്തിയിരുന്നു.
വീണ വീജയന്, എക്സാലോജിക് കമ്പനി, സിഎംആര്‍എല്‍, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എന്നിവരാണ് അന്വേഷണ പരിധിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: