അടുത്തടുത്ത് വന്ന രണ്ട് ഇടക്കാല തെരഞ്ഞെടുപ്പുകളോടെ മതേതരമുന്നണി എന്ന പേരില്‍ തട്ടിക്കൂട്ടിയ സംവിധാനം തകര്‍ന്നു. ഐക്യമുന്നണി പല പാര്ട്ടികളായിപ്പിരിഞ്ഞു. പല ചെറുപാര്‍ട്ടികളും വിഘടിച്ചു. ആകെ സംഭവിച്ചത് വാജ്പേയി സര്‍ക്കാരിനെ വീഴ്ത്തിയെന്നത് മാത്രമാണ്. അത് ബിജെപിയുടെ വളര്‍ച്ചയ്ക്കുള്ള കാരണമായി എന്നതാണ് വാസ്തവം.
എന്തുകൊണ്ട് ബിജെപിക്കെതിരെ അയിത്തം? എന്തിന് ബിജെപിയെ എതിര്‍ക്കുന്നു? എന്ന ചോദ്യം ബുദ്ധിജീവികള്‍ മുതല്‍ സാധാരണക്കാര്‍വരെ ചോദിച്ചുതുടങ്ങി. അദ്ദേഹത്തിന്റെ ഈ ചിന്തയ്ക്കെതിരെ അതിശക്തമായി പ്രതികരിച്ച ചിന്തകനും എഴുത്തുകാരനുമായ ഒ.വി. വിജയന് എഴുതിയ വിഖ്യാത ലേഖനത്തില്‍ (1988) എന്തിന് രാഷ്ട്രീയ അസ്പൃശ്യത എന്ന ചോദ്യം ഉയര്‍ന്നു. ആദര്‍ശങ്ങളും ആശയങ്ങളും തമ്മിലുള്ള മത്സരമാകാം, എന്തിന് ആദര്‍ശങ്ങളുടെ പേരില്‍ രാഷ്ട്രീയ തൊട്ടുകൂടായ്മ? അതല്ലേ എതിരാളികളുടെ ഉന്മൂലനം എന്ന ആശയം നടപ്പാക്കാന്‍ രാഷ്ട്രീയ ആക്രമണങ്ങള്‍ നടക്കു ന്നത് എന്നും ചര്‍ച്ച വളര്‍ന്നു.
വാജ്പേയി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്നു എല്‍.കെ. അദ്വാനി. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടന്ന ദിവസമാണ് സിപിഎം നേതാവ് ഇ.എം. ശങ്കരന് നമ്പൂതിരിപ്പാട് അന്തരിച്ചത്. ബിജെപിയോട് രാഷ്ട്രീയ അയിത്തം പാലിക്കാനും അതിന് മറ്റ് പാര്‍ട്ടികളെ പ്രേരിപ്പിക്കാനും ബുദ്ധിയും ശക്തിയും സമയവും ഏറ്റവും വിനിയോഗിച്ച നേതാവായിരുന്നു ഇഎംഎസ്. ആദ്യ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തശേഷം എല്‍.കെ. അദ്വാനി ആദ്യം പങ്കെടുത്ത ഔദ്യോഗിക ചടങ്ങ് ഇഎംഎസിന്റെ ഭൗതികദേഹ സംസ്കാരമായിരുന്നു. പ്രധാനമന്ത്രി വാജ്പേയി, സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായി അദ്വാനിയെ നിയോഗിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് സംസ്കാര ചടങ്ങില്‍ പങ്കെടുത്ത്, അനുശോചന യോഗത്തില്‍ അദ്വാനി സംസാരിച്ചപ്പോള്‍ രാഷ്ട്രീയ തൊട്ടുകൂടായ്മയെ പരാമര്‍ശിച്ചു. മുമ്പൊരിക്കല്‍ എഴുതിയതുപോലെ, അദ്വാനിയുടെ ഏത് പ്രസംഗത്തിലും ചരിത്രവും വര്‍ത്തമാനവും സംസ്കൃതിയും ആദര്‍ശവും കടന്നുവരും. അദ്വാനി പറഞ്ഞു: ഇഎംഎസ്, അദ്ദേഹം വിശ്വസിച്ച ആദര്‍ശത്തിനുവേണ്ടി അവസാനംവരെ നിലകൊണ്ടു. കുട്ടിക്കാലം മുതല്‍ ഞാന്‍ വിശ്വസിച്ചുപോരുന്ന രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെ സ്ഥാപകന്‍ ഡോ. കേശവബലിറാം ഹെഡ്ഗേവാര്‍ കോണ്‍ഗ്രസിന്റെ വിദര്‍ഭാ മേഖലയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ഇ.എം. ശങ്കരന് നമ്പൂതിരിപ്പാട് അതേകാലത്ത് മലബാര്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. രണ്ടുപേരും തികച്ചും വ്യത്യസ്തമായ ആദര്‍ശത്തില്‍ വിശ്വസിച്ചിരിക്കെയും ഒരു ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. അത് ബ്രിട്ടീഷ് ഭരണാധിപത്യത്തില്നിന്ന് രാജ്യത്തെ സ്വതന്ത്രമാക്കുക എന്ന ലക്ഷ്യമായിരുന്നു. അപ്പോള്‍ എന്തിനാണ് രാഷ്ട്രീയത്തില്‍ അസ്പൃശ്യത? ബിജെപിക്ക് ആരോടും അസ്പൃശ്യതയില്ല.”
പക്ഷേ ഇന്നും ബിജെപി വിരോധം പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നവരില്‍ ചാമ്പ്യന്മാരെന്ന് ഭാവിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബിജെപിയുടെ ആദ്യരൂപമായ ജനസംഘവുമായി സഖ്യം ചേര്‍ന്ന രാഷ്ട്രീയമുണ്ട്. ദല്‍ഹിയിലെ മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പിനുശേഷം ഭരണത്തിന്, ആ രാഷ്ട്രീയ നിലപാടിന്, ധാരണ ഉറപ്പിച്ച നേതാവ് എല്‍.കെ. അദ്വാനി ആയിരുന്നു. അന്നും ‘രഹസ്യ ഇടപാടുകള്‍ക്ക്’ ശ്രമിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട്, പരസ്യമായി, രേഖാമൂലം ധാരണ ഉണ്ടാക്കാന്‍ നിര്‍ബന്ധിച്ചത് അദ്വാനിയായിരുന്നു. അതൊരു ചരിത്രമാണ്. കടുത്ത ബിജെപി വിരോധം പറയുന്ന സിപിഎമ്മിനെ, അല്ല കമ്യൂണിസ്റ്റ് പാര്‍ട്ടികളെ ആ സഖ്യം ഓര്‍മിപ്പിക്കാന്‍, അതിന് 65 വര്‍ഷം കഴിഞ്ഞു വരുന്ന 2024 ലെ ഈ ലോക്സഭാ തെരഞ്ഞെടുപ്പ് മികച്ച അവസരമാണ്.
1958 ല്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ തെരഞ്ഞെടുപ്പ്. ആകെ 80 ഡിവിഷന്. ഫലം വന്നപ്പോള്‍ ജനസംഘത്തിന് 25, കോണ്‍ഗ്രസിന് 27, പിളരും മുമ്പുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എട്ട്, ഹിന്ദു മഹാസഭയ്ക്ക് ഒന്ന്, ഏതാനും സ്വതന്ത്രന്മാര് എന്നിങ്ങനെയായിരുന്നു അംഗബലം. ഭൂരിപക്ഷമില്ലാത്തതിനാല്‍ കോണ്‍ഗ്രസ് ഭരണം വന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പക്ഷേ കോണ്‍ഗ്രസ് പിന്തുണയില്‍ ഭരിച്ചു. അതിനിടെയാണ് 1959 ല്‍ നെഹ്റു സര്‍ക്കാര്‍, കേരളത്തിലെ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ടത്. കമ്മ്യൂണിസ്റ്റ് പ്രതിഷേധം ശക്തമായി. കോണ്‍ഗ്രസ് ദല്‍ഹി കോര്‍പ്പറേഷനിലെ സിപിഎമ്മിനുള്ള പിന്തുണ പിന്‍വലിച്ചു. അതോടെ ഭരണം വീണു. മേയര്‍ കമ്മ്യൂണിസ്റ്റ് നേതാവ് അരുണ അസഫ് അലി ആയിരുന്നു. പ്രത്യേക സാഹചര്യത്തില്‍, ആരോടും രാഷ്ട്രീയ അയിത്തമില്ലാത്ത, രാഷ്ട്രീയ പ്രവര്‍ത്തനം തത്ത്വാധിഷ്ഠിതമായി, ആദര്‍ശാത്മകമായി ചെയ്യുന്ന ജനസംഘം, കൃത്യമായ രാഷ്ട്രീയ നീക്കം നടത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ തയ്യാറായി. ജനസംഘത്തിന്റെ പിന്തുണ സ്വീകരിക്കാന്‍ അന്ന് കമ്മ്യൂണിസ്റ്റുകര്ക്ക് മടിയില്ലായിരുന്നു.
അന്ന് ദല്‍ഹി ജനസംഘത്തിന്റെ ചുമതല വഹിച്ചിരുന്ന എല്‍.കെ. അദ്വാനിയും കേദാര്‍നാഥ് സാഹ്നിയും വ്യവസ്ഥവച്ചു. മേയര്‍സ്ഥാനം തുല്യ കാലാവധികളായി രണ്ടു പാര്‍ട്ടികളും പങ്കുവെക്കണം. കമ്മ്യൂണിസ്റ്റുകള്‍ അതും സമ്മതിച്ചു. പോരാ, അത് രേഖയിലാക്കണം, കരാര്‍ ഉണ്ടാക്കണം എന്ന് ജനസംഘം നേതാക്കള്‍ പറഞ്ഞു. ജനസംഘ പിന്തുണ കിട്ടാന്‍ രേഖയുണ്ടാക്കാനും കമ്മ്യൂണിസ്റ്റുകള്‍ക്ക് മടിയില്ലായിരുന്നു. അങ്ങനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അരുണാ അസഫലി മേയറും ജനസംഘത്തിന്റെ കേദാര്‍നാഥ് സാഹ്നി ഡെപ്യൂട്ടി മേയറുമായി ഭരിച്ചു.
അതായത്, കോണ്‍ഗ്രസിന്റെ പിന്തുണ വാങ്ങാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മടിയില്ലായിരുന്നു, ജനസംഘത്തിന്റെ പിന്തുണ വാങ്ങാന്‍ അയിത്തമില്ലായിരുന്നു; ഭരണം കിട്ടുമെങ്കില്‍ രണ്ടും സ്വീകാര്യമായിരുന്നു. ഇപ്പോള്‍ ആദര്‍ശ രാഷ്ട്രീയവും ബിജെപി വിരോധവും സംഘപരിവാര്‍ ശത്രുത്വവും പ്രസംഗിക്കുന്ന സിപിഎമ്മും സിപിഐയും ഒന്നായിരുന്ന കാലത്തെ കാര്യമാണിത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: