സൃഷ്ടി പ്രക്രിയയില്‍ ഏര്‍പ്പെടുമ്പോഴും മാറിനില്‍ക്കുന്ന അസ്ഥിത്വത്തോടെ, തന്റെ ഇച്ഛയെ ബീജരൂപത്തില്‍ പകര്‍ന്ന് നല്‍കി, ഈശ്വരന്‍ അവന്റെ തന്നെ സാക്ഷാത്കാര ശക്തികൊണ്ട് പ്രജകളെയെല്ലാം സൃഷ്ടിച്ച്, തന്റെ ഇച്ഛയ്‌ക്ക് അനുസരിച്ച് അവയെ ഓരോ നിയമങ്ങളില്‍ അണിനിരത്തി, ഭരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അവസ്ഥ അവനെ പ്രജകളുടെ പതിയുമാക്കുന്നു. ഒരേ സമയം ബീജദാതാവായ പുരുഷനും സൃഷ്ടിയെ ഉണ്ടാ ക്കിയെടുക്കുന്ന സ്ത്രീയും ഉള്‍ച്ചേരുന്ന സര്‍ഗശക്തിയുടെ കാലസ്വരൂപമായതിനാല്‍, ഇവന്‍ സംവത്സരങ്ങളുടെ പ്രജാപതിയാണ്. സത്യത്തില്‍ ഈ ലോകങ്ങളായ ലോകങ്ങളെല്ലാം ഈ സംവത്സരപ്രജാപതിയില്‍ ഗര്‍ഭമായി ശയിക്കുകയാണ്. ഇവനെയാണ് ഋഷിമാര്‍ ഹിരണ്യഗര്‍ഭനായി ദര്‍ശിച്ചത്.
സമസ്തലോകങ്ങളുടേയും അച്ഛനും അമ്മയും ബന്ധുവും താന്‍ തന്നെയാണെന്നും, എല്ലാം തന്നില്‍ തന്നെ ശയിക്കുന്നു എന്നും താന്‍ കാലസ്വരൂപനാണെന്നും സ്വയം ഭഗവാന്‍ തന്നെ ഭഗവദ്ഗീതയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍നിന്നെല്ലാം നാം മനസ്സി ലാക്കേണ്ടത് സ്വയം ഈശ്വരന്‍ തന്നെ ആദ്യം ഒരു രൂപത്തിലാകുകയും അതിലെ ഇച്ഛ അനുസരിച്ച് ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാ രൂപങ്ങളുമായി തീരുകയും, വിരുതോടെ അവയെ ഇന്നും പരിപാലിക്കുകയും ചെയ്യുന്നുയെന്നാണ്. അങ്ങനെയുള്ള ഈ ലോകത്ത് പ്രകടമാകുന്ന ദോഷങ്ങള്‍ക്ക് കാര ണം നമ്മള്‍ തന്നെയാണ്. ‘സ്വതന്ത്രബുദ്ധിയോടെ സൃഷ്ടിക്കപ്പെട്ടവരാണ് നമ്മള്‍’ എന്ന സത്യത്തെ മറന്ന് ‘സ്വതന്ത്രരാണ് നമ്മള്‍’ എന്ന അബദ്ധ ചിന്തയോടെ ചെയ്ത് കൂട്ടിയതിന്റെ ഫലങ്ങളാണ് ഇതെല്ലാം.
(എങ്കില്‍ പരിപാലിക്കുന്ന ഈശ്വരന്‍ എന്ത് കൊണ്ട് ഇടപെടുന്നില്ല? എന്ന് ചോദിച്ചാല്‍, അവന്‍ ഇടപെടുന്നത് കൊണ്ടാണ് ഈ ലോകം ഇപ്പോഴും നിലനില്‍ക്കുന്നത്. എന്നാല്‍ കര്‍മ്മങ്ങളുടെ ഫലത്തിലാണ് ലോകത്തെ അവിടുന്ന്, സൃഷ്ടിച്ച് നിലനിര്‍ത്തുന്നത്. ഈശ്വരന്‍ ഒരുപക്ഷവാദി ആകാത്തതിനാല്‍, നിങ്ങളിലുള്ള അവന്റെ സങ്കല്‍പ്പശക്തികൊണ്ട് ഓരോരുത്തര്‍ക്കും നല്ലതും ചെയ്യാം ചീത്തയും ചെയ്യാം. അതിന്റെ ഫലമെന്തായാലും, നിങ്ങള്‍ തന്നെ അനുഭവിക്കേണ്ടിവരും. അങ്ങ നെയാണ് കര്‍മ്മഫലങ്ങള്‍ തങ്ങിനില്‍ക്കുന്ന ഈ ഭൂമിയെ, പരിപാലിക്കുവാനായി ഉദ്ദേശിച്ച് സൃഷ്ടിച്ച മനുഷ്യനാല്‍ തന്നെ, ജീവിക്കുവാന്‍ കൊള്ളാത്തതാക്കി മാറ്റപ്പെട്ടത്).
ഋഷിമാര്‍ ദര്‍ശിച്ച ആ ഹിരണ്യഗര്‍ഭനെയാണ് അനന്തശയനനായ വിഷ്ണുവായി നമ്മള്‍ ആരാധിച്ച് വരുന്നത്. പ്രത്യേകം ശ്രദ്ധിക്കുക. ലോകമായും, ലോകാതീതമായും പ്രകാശിച്ചു നില്‍ക്കുന്ന സങ്കല്‍പ്പശക്തിയെയാണ് ഒരു രൂപത്തിലേക്ക് ഒതുക്കുന്നത്. ആയതിനാല്‍ സര്‍വരൂപങ്ങളും ഭാവങ്ങളുമായി നില്‍ക്കുന്ന അവന്, പ്രത്യേകിച്ച് ഒരു രൂപമോ ഭാവമോ ഇല്ല എന്ന ചിന്തയില്‍ ഉറച്ചുനിന്നുകൊണ്ട് വേണം, അവനെ വിഷ്ണുവിന്റെ രൂപത്തിലേക്ക് സങ്കല്‍പ്പിക്കുവാന്‍. അപ്പോള്‍ മാത്രമേ, വിശ്വവ്യാപിയായ ഈശ്വരന്‍ ഒരു ശരീരത്തില്‍ ഉണ്ടാകാവുന്ന വ്രണങ്ങളോ, ഞരമ്പുകളോ ഇല്ലാത്തവനായി മാറുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: