യോഗശാസ്ത്രപരവും വൈദികവും താന്ത്രികവുമായി ക്രിയാഭാഗങ്ങള് വളരെ സമഞ്ജസമായി സമ്മേളിച്ച ഒരു സുന്ദരക്രിയയാണ് സാധാരണയായി നാം ചെയ്യാറുള്ള ക്ഷേത്രദര്‍ശനം. അതിന്റെ പ്രാധാന്യവും ഗൗരവവും മനസ്സിലാക്കി ക്ഷേത്രദര്‍ശനം ചെയ്യുന്നതുതന്നെ പൂര്‍ണമായ ഒരു ഉപാസനയാണ്.
മറ്റൊരു ഉപാസനയും ചെയ്യുവാന്‍ അശക്തരായ സാധാരണക്കാരുടെ ആദ്ധ്യാത്മികോന്നമനത്തിനുവേണ്ടിത്തന്നെയാണ് ഗ്രാമങ്ങള്‍തോറും ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. മറ്റു ഉപാസനാ മാര്‍ഗങ്ങളിലെ കൃത്യതയൊന്നും ക്ഷേത്രദര്ശനത്തിനില്ല. ഗ്രാമജീവിതവുമായി ബന്ധപ്പെട്ടതിനാല്‍ സാമൂഹ്യമായ പ്രാധാന്യവും അതിനുണ്ട്. അങ്ങനെ വ്യക്തിയുടേയും നാടിന്റേയും ഭൗതികവും ആദ്ധ്യാത്മികവമായ ഉത്കര്‍ഷത്തിനുവേണ്ടി നമ്മുടെ പൂര്വികന്മാര് മെനഞ്ഞെടുത്ത ഈ ലളിതസമ്പ്രാദയം ഭാരതത്തിലെ ഓരോ ഗ്രാമത്തിലും സശ്രദ്ധം ബോധപൂര്‍വം ആചരിക്കേണ്ടതാണ്. അങ്ങനെ ചെയ്താല്‍ നമുക്കും നമ്മുടെ കുടുംബത്തിനും തദ്വാരാ സമാജത്തിനും രാജ്യത്തിനുതന്നേയും ഉത്തരോത്തരം അഭിവൃദ്ധിയുണ്ടാകുമെന്നതിന് സംശയമേയില്ല. അതാണ് ഹൈന്ദവധര്‍മ്മത്തിന്റെ ആദ്ധ്യാത്മികലക്ഷ്യം.
(ആര്‍എസ്എസ് പ്രചാരകനും തന്ത്രവിദ്യാപീഠം സ്ഥാപകനും കേരള ക്ഷേത്ര സംരക്ഷണസമിതി അമരക്കാരനുമായിരുന്ന പി. മാധവ്ജിയുടെ ‘ക്ഷേത്ര ചൈതന്യ രഹസ്യം’ ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: