നിഗമാഗമങ്ങളുടെ സമന്വിതഗ്രന്ഥം
വേദമാണ് എല്ലാ ധര്‍മ്മങ്ങളുടേയും മൂലമെന്ന് പൊതുവേ പറഞ്ഞു വരാറുണ്ടെങ്കിലും ഹിന്ദുധര്‍മ്മത്തിന്റെ അടിസ്ഥാനം വേദം മാത്രമല്ല. ആഗമങ്ങളും അത്രത്തോളം തന്നെ ഉള്‍ച്ചേര്‍ന്നതാണ്.
നിഗമാഗമങ്ങളുടെ രണ്ടു ധാരകളും അതായത് നിഗമധാരയും ആഗമധാരയും നൂറ്റാണ്ടുകള്‍ കൊണ്ട് സംയോജിച്ചുണ്ടായ ധര്‍മ്മ മാര്‍ഗമാണ് നാം അനുവര്‍ത്തിച്ചു പോരുന്നത്. ഈ ധര്‍മ്മചര്യയില്‍ രണ്ടിന്റെയും സംയോജനം പരിപൂര്ണമായതിനുശേഷം ആവിര്‍ഭവിച്ച ഗ്രന്ഥമാണ് ഭഗവദ്ഗീത. ത്രിവേണീസംഗമം പോലെ രണ്ടു ധാരകളുടേയും പ്രത്യേകതകള്‍ പ്രത്യക്ഷത്തില്‍ തന്നെ തിരിച്ചറിയാവുന്ന വിധത്തില്‍ ഒരുമിച്ച് പരസ്പരം ചേരാതെ തന്നെ കുറേ ദൂരം ഒഴുകി (ഗംഗയുടെയും യമുനയുടെയും ധാരകള്‍ അന്യോന്യം ചേരാതെ തന്നെ പ്രത്യേകം ശുക്ലവര്ണധാരയും ശ്യാമ വര്ണധാരയും ആയിത്തന്നെ കുറേ ദൂരം ഒഴുകി) ക്രമേണ ഒന്നായി ച്ചേര്‍ന്ന് രണ്ടിന്റെയും പല പ്രത്യേകതകളും ലയിച്ചാണ് ഭഗവദ്ഗീത ആവിര്‍ഭവിച്ചിരിക്കുന്നത്. മഹാഭാരതമെന്ന കാവ്യാത്മകമായ ഇനിഹാസകഥാശില്പത്തിലെ കൗസ്തുഭരതനമായി തിളങ്ങുന്നതാണല്ലോ ഭഗവദ്ഗീത.
അതുകൊണ്ടുതന്നെയാണ് സമന്വയാത്മകമായ ഈ മഹദ്ഗ്രന്ഥം പൊതുവേ വൈദികവിഭാഗത്തില് പെടുത്തിയാണ് പറയാറുള്ളതെങ്കിലും വേദകാലത്തിന് വളരെ വര്‍ഷങ്ങള്‍ക്കു ശേഷം എഴുതപ്പെട്ടതാണ്. നിഗമങ്ങളുടെയും ആഗമങ്ങളുടെയും മുഖ്യങ്ങളായ താത്ത്വിക സങ്കല്പങ്ങള് ഇതില്‍ ഉള്ച്ചേര്ന്നിട്ടുള്ളതുകൊണ്ടാണ് ഈ ഗ്രന്ഥം ഹൈന്ദവധര്‍മ്മത്തിന്റെ അടിസ്ഥാനഗ്രന്ഥമായി സ്വീകരിക്കപ്പെട്ടിട്ടുള്ളത്.
സിതാസിതേ സരിതേയത്ര സംഗഥേ
തത്രാപ്ലതാസോ ദിവമുത്പതന്തി
യേ വൈ തത്ത്വം വിസൃജന്തി ധീരാ
സ്തേ ജാനാസോ അമൃതത്വം ഭജന്തേ
(ഋഗ്വേദീയമായ ഒരു ഖിലസൂക്തത്തില് നിന്ന്)
സിതവും അസിതവുമായ സരിതകള്‍ (ഗംഗായമുനാധാരകള് വൈദികവും (വൈദികേതരവുമായ ധാരകള്‍, അര്‍ത്ഥാദ് നിഗമാ ഗമധാരകള്) സംഗമിക്കുന്നിടത്ത് സ്നാനം ചെയ്യുന്നവര്‍) ഗീതയില്‍ മുഴുകുന്നവര്‍ ദിവ്യമായ പ്രകാശത്തെ പ്രാപിക്കുന്നു. ഗീതയില്‍ മുഴുകുന്നവര്‍ക്ക് ദേഹം സന്ത്യജിക്കുമ്പോള് അമൃതത്വം ലഭിക്കുന്നു.
ഭഗവദ്ഗീതയുടെ സ്വരൂപം വിശ്ലേഷണാത്മകമായി ആഴത്തില്‍ പഠിച്ചാല്‍ നിഗമങ്ങളുടേയും ആഗമങ്ങളുടേയും പല പ്രത്യേകതകളും അതില്‍ സങ്കലിതമായിട്ടുള്ളതായി കാണാവുന്നതാണ്. ഉദാഹരണമായി മൂന്നാം അദ്ധ്യായത്തില്‍ ഭഗവാന് ഇങ്ങനെ അരുളിച്ചെയ്തിരിക്കുന്നു:
ലോകേ fസ്മിന് ദ്വിവിധാ നിഷ്ഠാ
പുരാ പ്രോക്താ മയാനഘ
ജ്ഞാനയോഗേന സാംഖ്യാനാം
കര്‍മ്മയോഗേന യോഗിനാം
(ഗീത)
ഈ അരുളപ്പാട് അനുസരിച്ച് പണ്ടുമുതലേ (വൈദികമായി അഥവാ നൈഗമികമായിത്തന്ന) ജ്ഞാനയോഗമെന്നും കര്‍മ്മയോഗമെന്നും ഉള്ള പേരുകളില്‍ രണ്ടു നിഷ്ഠകള്‍ അഥവാ മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നതായി സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. പിന്നീട് 12ാം അദ്ധ്യായത്തിലാണ് മൂന്നാമത്തെ മാര്‍ഗ്ഗമായ ഭക്തിയോഗത്തെപ്പറ്റി ചര്‍ച്ച ചെയ്തിട്ടുള്ളത്. ഇതിനുകാരണം, ഭക്തി എന്നത് വേദങ്ങളിലെങ്ങും കാണ പ്പെടുന്നില്ലെന്നതാണ്. ഭക്തി എന്ന വാക്കുപോലും വേദങ്ങളില്‍ പ്രയോഗിച്ചിട്ടുള്ളതായി കാണപ്പെടുന്നില്ല. തന്നെയല്ല, ഭക്തിയുടെ പൗരാണികാചാര്യന്മാരായ ശാണ്ഡില്യന്റേയും നാരദന്റേയും പേരു പോലും വേദങ്ങളില്‍ പരാമര്‍ശിച്ചു കാണപ്പെടുന്നില്ല.) ഭക്തി, പൂര്‍ണ്ണമായും ആഗമികസ്രോതസ്സില് നിന്നാണ് ഹൈന്ദവധര്‍മ്മ ത്തില്‍ പ്രവേശിച്ചിട്ടുള്ളത്. എന്നുള്ളതിന് ഇതൊരു സ്പഷ്ടമായ തെളിവാണ്. ഇന്നിപ്പോള്‍ ഈ മൂന്നും (ജ്ഞാനം, കര്‍മ്മം, ഭക്തി) മോക്ഷപ്രാപ്തിക്കുവേണ്ടിയുള്ള (ഭഗവദ്പ്രാപ്തിക്കുള്ള) സാധനാമാര്ഗ്ഗങ്ങളായി നമ്മുടെ ധര്‍മ്മം കാട്ടിത്തരുന്നവയാണ്.
(തുടരും)
(പ്രൊഫ. കെ.കെ. കൃഷ്ണന് നമ്പൂതിരിയുടെ ‘ ഹിന്ദുധര്‍മസ്വരൂപം’ ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: