Categories: India

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിലെ മാറ്റങ്ങള്‍ നേരില്‍ക്കണ്ട് മനസിലാക്കണം: പ്രധാനമന്ത്രി

Published by

ന്യൂദല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ സംഭവിച്ച നല്ല മാറ്റങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിലെ നല്ല മാറ്റങ്ങള്‍ മനസിലാക്കാനായി നിങ്ങള്‍ അവിടം സന്ദര്‍ശിക്കണം. അതിനായി നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഞാനോ മറ്റാരെങ്കിലുമോ പറയുന്നതല്ല, നിങ്ങള്‍ അവിടെ പോയി അനുഭവിച്ചറിയണമെന്നും ന്യൂസ് വീക്കിന് നല്കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

നരേന്ദ്ര മോദി ആന്‍ഡ് ദ അണ്‍സ്‌റ്റോപ്പബിള്‍ റൈസ് ഓഫ് ഇന്ത്യ എന്ന തലക്കെട്ടോടുകൂടിയാണ് ന്യൂസ് വീക്ക് മാഗസീനില്‍ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ്, ജനാധിപത്യം, മാധ്യമ സ്വാതന്ത്ര്യം, അടിസ്ഥാന സൗകര്യങ്ങളും പരിസ്ഥിതിയും, ഭാരതം-ചൈന നയതന്ത്രബന്ധം-അതിര്‍ത്തി തര്‍ക്കം, ഡിജിറ്റല്‍ പണമിടപാടുകള്‍, സാമ്പത്തിക രംഗം; വളര്‍ച്ച, വെല്ലുവിളികള്‍, വിവേചനം ആരോപിക്കുന്ന മതന്യൂനപക്ഷം, സ്ത്രീകളുടെ നില, പാകിസ്ഥാന്‍, കശ്മീര്‍, ആയോദ്ധ്യ ശ്രീരാമക്ഷേത്രം, മോദിയുടെ നേതൃത്വം എന്നിവയെ പറ്റിയെല്ലാം പ്രധാനമന്ത്രി സംസാരിച്ചു.

ന്യൂസ് വീക്കിന്റെ സിഇഒ ദേവ് പ്രഗദ്, ഗ്ലോബല്‍ എഡിറ്റര്‍ ഇന്‍ ചീഫ് നാന്‍സി കൂപ്പര്‍, ഏഷ്യയിലെ എഡിറ്റോറിയല്‍ ഡയറക്ടര്‍ ഡാനിഷ് മന്‍സൂര്‍ എന്നിവരാണ് അഭിമുഖം നടത്തിയത്.

കഴിഞ്ഞ മാസം കശ്മീരില്‍ പോയിരുന്നു. ഇതാദ്യമായി അവിടുത്തെ ജനങ്ങള്‍ക്ക് അവരുടെ ജീവിതത്തില്‍ ഒരു പ്രതീക്ഷയുണ്ട്. വികസനം, സദ്ഭരണം എന്നിവയിലെല്ലാം ജനങ്ങള്‍ ഇന്ന് വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അവര്‍ സമാധാനത്തിന്റെ നേട്ടം കൊയ്യുന്നു. 2023ല്‍ 2.1 കോടി വിനോദസഞ്ചാരികളാണ് കശ്മീര്‍ സന്ദര്‍ശിച്ചത്. ഭീകരാക്രമണങ്ങള്‍ വന്‍തോതില്‍ കുറഞ്ഞു. ഹര്‍ത്താലുകള്‍, പ്രതിഷേധങ്ങള്‍, കല്ലേറ് എന്നിങ്ങനെ ജനങ്ങളുടെ സാധാരണ ജനജീവിതത്തെ തടസപ്പെടുത്തിയിരുന്ന സംഭവങ്ങളെല്ലാം പഴയകാര്യങ്ങളായി.

മാത്രമല്ല, കശ്മീര്‍ കായിക മത്സരങ്ങള്‍ക്ക് വേദിയായത് യുവാക്കളില്‍ ആവേശം കൊള്ളിച്ചിരിക്കുകയാണ്. കശ്മീരില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമെല്ലാം ഒരു പുതിയ പുലരി തുറന്ന് കിട്ടി. സ്വത്ത് കൈമാറ്റത്തിലുള്‍പ്പെടെ പുരുഷന്മാരുടെ അതേ പ്രാധാന്യം ഇപ്പോള്‍ അവിടെ സ്ത്രീകള്‍ക്കും ലഭിച്ചിരിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഡിജിറ്റല്‍ ഇക്കോണമി, സ്റ്റാര്‍ട്ടപ്പുകള്‍, സ്മാര്‍ട് സൊല്യൂഷന്‍, സാങ്കേതികവിദ്യ തുടങ്ങിയവയെല്ലാം കശ്മീരിന്റെ നിഘണ്ടുവില്‍ ഇടം പിടിച്ചു. വികസനമാണ് കശ്മീരില്‍ സംഭവിച്ച പ്രധാനമാറ്റം. ടൂറിസത്തിന്റെ സാധ്യത കശ്മീര്‍ ഇപ്പോള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നു.

ജി20, മിസ് വേള്‍ഡ് മത്സരം, ഫോര്‍മുല 4 റേസിങ് ഉള്‍പ്പെടെ ഉള്ളവയ്‌ക്ക് കശ്മീര്‍ വേദിയായതും, എപ്രകാരമാണ് കശ്മീര്‍ ഇന്ന് ഓരോരുത്തരേയും സ്വാഗതം ചെയ്യുന്നതെന്ന് നേരിട്ട് അനുഭവിച്ച് അറിയണം പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക