ചെങ്ങന്നൂര്‍: പുതിയ തലമുറ വിമുഖത കാട്ടിയതോടെ നാമമാത്രമായ അവശേഷിപ്പുകളായി മാറിയ പരമ്പരാഗത കൈത്തൊഴിലായ മണ്‍പാത്ര നിര്‍മ്മാണ വ്യവസായത്തിന് വളയിട്ട കൈകളിലൂടെ പുനരുജ്ജീവനി.
കല്ലിശ്ശേരി മുത്താരമ്മ ഗ്രാമീണ കലാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പതിനെട്ട് കുടുംബങ്ങളില്‍ നിന്നുള്ള 19 സ്ത്രീകളാണ് കളിമണ്‍പാത്ര നിര്‍മാണത്തില്‍ സജീവമാകുന്നത്. ചെങ്ങന്നൂര്‍ താലൂക്കില്‍പെട്ട തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ കല്ലിശ്ശേരി ഉമയാറ്റുകര, ഇരമല്ലിക്കര, ബുധനൂര്‍, മിത്രക്കരി, ചക്കുളത്തുകാവ്, തിരുവല്ല താലൂക്കിലെ ആലുംതുരുത്തി എന്നിവിടങ്ങളിലായിരുന്നു മണ്‍പാത്ര നിര്‍മ്മാണത്തിന്റെ ഈറ്റില്ലമായിരുന്നത്. 250 കുടുംബങ്ങളാണ് കൈത്താഴിലില്‍ വ്യാപൃതരായി ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരുന്നത്. പുതു തലമുറ ഈ തൊഴിലിനോട് വിമുഖത കാട്ടിയതോടെ കല്ലിശ്ശേരിയിലും ഇരമല്ലിക്കര, മഴുക്കീര്‍, പ്രാവിന്‍കൂട്ടിലുമായി മൂന്നു കുടുംബങ്ങള്‍ മാത്രമായി.
72 കാരനായ കല്ലിശ്ശേരി ഉമയാറ്റുകര വല്യ വീട്ടില്‍ വടക്കേതില്‍ വി.കെ ഉണ്ണി, ഭാര്യ വി.കെ ലളിതമ്മ, വല്യവീട്ടില്‍ വടക്കേതില്‍ ശിവശങ്കര അയ്യര്‍, ഭാര്യ പൊന്നമ്മ ശിവശങ്കര്‍, പ്രാവിന്‍കൂട് അമല്‍ ഭവനില്‍ വിജയന്‍, വി.കെ, ഭാര്യ ഗീത എന്നിവരാണ് പരമ്പരാഗതമായി മണ്‍പാത്ര നിര്‍മ്മാണം നഷ്ടം സഹിച്ചും നിലനിര്‍ത്തുന്നത്. ഇവരുടെ കാലശേഷം മണ്‍പാത്ര നിര്‍മാണ വ്യവസായം നിലച്ചു പോകുമെന്ന തിരിച്ചറിവിലാണ് ചില ഇടപെടലുകള്‍ ഉണ്ടായത്. കല്ലിശ്ശേരിയിലെ 18 കുടുംബങ്ങളിലെ 19 സ്ത്രീകള്‍ ചേര്‍ന്ന് മുത്താരമ്മ ഗ്രാമീണ കലാകേന്ദ്രം എന്ന പേരില്‍ സൊസൈറ്റി രൂപീകരിച്ചത് ഇതിന്റെ ഭാഗമാണ്.
ഈ സൊസൈറ്റിക്ക് ഗ്രാമീണ കലാകേന്ദ്രം പദ്ധതി വഴി സാംസ്‌കാരിക വകുപ്പും ആറന്മുള വാസ്തു വിദ്യാ ഗുരുകുലവും സംയുക്തമായി 9 ലക്ഷം രൂപ നല്‍കി. ഈ പണം ഉപയോഗിച്ച് 19 സ്ത്രീകള്‍ക്ക് സ്റ്റൈഫന്റ് നല്‍കി മണ്‍പാത്രങ്ങളും അലങ്കാര വസ്തുക്കളും നി ര്‍മ്മിക്കാന്‍ പരിശീലനം നല്‍കി. ഇത്തരത്തില്‍ നിര്‍മിച്ച കളിമണ്‍ പാത്രങ്ങളുടേയും അലങ്കാര വസ്തുക്കളുടേയും വിപണി കണ്ടെത്തുകയാണ് മുന്നിലെ വെല്ലുവിളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: