വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ മൂലങ്കാവ് ദേശീയ പാതയോരത്ത് കാരശ്ശേരി വനത്തില്‍ വന്‍ കാട്ടുതീ പടര്‍ന്നു. രാവിലെ പതിനൊന്ന് മണിയോടെയാണ് തീ കണ്ടത്.
മുളങ്കൂട്ടത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് സമീപത്തെ റബര്‍ തോട്ടത്തിലേയ്ക്കും മറ്റിടങ്ങളിലേയ്ക്കും തീ പടന്നുപിടിച്ചു. അഗ്നിശമനസേനയും വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് തീ കെടുത്താനുള്ള ശ്രമം നടത്തുകയാണ്.
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മുത്തങ്ങയിലേക്ക് പോകുന്ന വഴിയിലാണ് തീപിടിത്തമുണ്ടായ ഓടപ്പള്ളം ഭാഗം. ജനവാസ മേഖലയിലേയ്ക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടിക്കാടുകളാണ് കത്തിയത്. തീ നിയന്ത്രണവിധേയമാകുന്നുവെന്നാണ് അധികൃതര്‍ വെളിപ്പെടുത്തിയത്.
ഏകദേശം നൂറ് ഏക്കറോളം വനമേഖലയെ കാട്ടുതീ ബാധിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: