ഒട്ടാവ: കനേഡിയന്‍ തെരഞ്ഞെടുപ്പില്‍ ചൈനയുടെ ഇടപെടലുണ്ടായെന്ന് റിപ്പോര്‍ട്ട്. കനേഡിയന്‍ രഹസ്വാന്വേഷണ ഏജന്‍സി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ട വിജയിച്ച 2019, 2021 തെരഞ്ഞെടുപ്പുകളിലാണ് ചൈനീസ് ഇടപെടല്‍ നടന്നിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വന്നത്. എന്നാല്‍ കനേഡിയന്‍ രാഷ്‌ട്രീയത്തിലും തെരഞ്ഞെടുപ്പുകളിലും ഇന്ത്യ ഇടപെടല്‍ നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രതിപക്ഷ സമ്മര്‍ദത്തെ തുടര്‍ന്ന് ട്രൂഡോ തന്നെ നിയോഗിച്ച കമീഷനാണ് ചൈനീസ് ഇടപെടല്‍ കണ്ടെത്തിയിരിക്കുന്നത്. 2019, 2021 തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യയും പാകിസ്ഥാനും ഇടപെടല്‍ നടത്തിയെന്ന് കനേഡിയന്‍ സെക്യുരിറ്റി ഇന്റലിജന്‍സ് സര്‍വീസ് (സിഎസ്‌ഐഎസ്) ആരോപിച്ചിരുന്നു.
2021ലെ സെന്‍സെസ് പ്രകാരം കാനഡയില്‍ ഏകദേശം 1.7 മില്യണ്‍ ചൈനീസ് വംശജരുണ്ട്. കാനഡയുടെ ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണിത്. അതിനാല്‍ ചൈനയുടെ നയങ്ങളെ പിന്തുണക്കുകയോ അവയോട് നിഷ്പക്ഷത പുലര്‍ത്തുകയോ ചെയ്യുന്ന സ്ഥാനാര്‍ഥികളെ പിന്തുണക്കുകയാണ് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന (പിആര്‍സി)ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, തെരഞ്ഞെടുപ്പില്‍ ഇടപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ചൈന നിഷേധിച്ചിരുന്നു. എന്നാല്‍, പുതിയ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ചൈനീസ് എംബസി തയാറായിട്ടില്ല.
ട്രൂഡോ സര്‍ക്കാറിന് ചൈനീസ് ഇടപെടല്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനങ്ങളുണ്ട്.കാനഡയില്‍ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചൈനക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ ചൈന നടത്തുന്ന പീഡനങ്ങളില്‍ വിമര്‍ശനം ഉന്നയിച്ച അവര്‍ ചൈനീസ് കമ്പനിയായ വാവേക്ക് 5ജി നെറ്റ്‌വര്‍ക്ക് പിന്തുണ നല്‍കരുതെന്നും ആവശ്യപ്പെട്ടിരുന്നു.
നിരന്തരം ഇന്ത്യക്കെതിരെ കനേഡിയന്‍ സര്‍ക്കാരും മാധ്യമങ്ങളും തെളിവുകളൊന്നുമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പതിവായിരുന്നു. കാനഡയിലെ 2019, 2021 ഫെഡറല്‍ തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യയും പാകിസ്ഥാനും ഇടപെടാന്‍ ശ്രമിച്ചുവെന്ന് ഏപ്രില്‍ 5ന് ഒരു കനേഡിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കനേഡിയന്‍ ചാര സംഘടയായ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസിനെ (സിഎസ്‌ഐഎസ്) ഉദ്ധരിച്ചായിരുന്നു മാധ്യമ റിപ്പോര്‍ട്ട്.
2023ല്‍ ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാണെന്ന് കാനഡ ആരോപിച്ചത് ഇന്ത്യ നിഷേധിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധവും വഷളായിരുന്നു.
2019 ലും 2021 ലും കാനഡയില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യ ഇടപെട്ടത് സംബന്ധിച്ച് കാനഡയുടെ ഫെഡറല്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറി അന്വേഷിക്കുകയാണെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. എന്നാല്‍ കനേഡിയന്‍ മാധ്യമ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ദീപ് ജയ്‌സ്വാള്‍ പ്രതികരിച്ചിരുന്നു.
മറ്റ് രാജ്യങ്ങളുടെ ജനാധിപത്യ പ്രക്രിയയില്‍ ഇടപെടുന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ നയമല്ല. വാസ്തവത്തില്‍, ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് കാനഡയാണ്, ‘രണ്‍ദീപ് ജയ്‌സ്വാള്‍ പറഞ്ഞു.
2019ലെയും 2021ലെയും തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇടപെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണെന്നുമാണ് അന്നത്തെ മാധ്യമ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.
തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതിനായി അജ്ഞാതനെയാണ് ഇന്ത്യ നിയോഗിച്ചതെന്നാണ് കാനഡയുടെ വാദം. ഇന്ത്യന്‍ വംശജരും ഇന്ത്യയോട് താതപര്യമുളളവരുമായ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ പണം നല്‍കി സഹായിച്ചിരുന്നുവെന്നാണ് വാദം. സമാനമായി പാകിസ്ഥാനും ഇടപെടല്‍ നടത്തി.
ഖാലിസ്ഥാന്‍ വിഘടനവാദികളെ ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ ഇടപെടലെന്നും കാനഡ പറയുന്നു. എന്നാല്‍ കാനഡ ഖാലിസ്ഥാന്‍ ഭീകരരെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഇന്ത്യ ആരോപിക്കുന്നത്.
എന്തായാലും ട്രൂഡോ തന്നെ നിയോഗിച്ച കമ്മീഷനാണ് ഇപ്പോള്‍ ചൈനീസ് ഇടപെടല്‍ കണ്ടെത്തിയിരിക്കുന്നതും ഇന്ത്യ ഇടപെട്ടില്‍ ഉണ്ടായിട്ടില്ല എന്ന് കണ്ടെത്തിയതും ഇന്ത്യക്ക് ഏറെ ഗുണകരമായിട്ടുണ്ട്.
അതിനിടെ എ.ഐ നിർമിത ഉള്ളടക്കം ഉപയോഗിച്ച് ഇന്ത്യ, അമേരിക്ക, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇടപെടാനും സ്വാധീനം ചെലുത്താനും ചൈന ഒരുങ്ങുന്നതായി മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ് ദിവസങ്ങള്‍ക്ക് മുമ്പ് വന്നിരുന്നു. തായ്‌വാനിലെ പ്രസിഡൻറ് തിരഞ്ഞെടുപ്പിനിടെ, ഫലത്തെ സ്വാധീനിക്കാൻ AI ഉപയോഗിച്ചുകൊണ്ട് ചൈന ട്രയൽ റൺ നടത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്.
ഒരു വിദേശ തെരഞ്ഞെടുപ്പില്‍ എ.ഐ നിര്‍മിത ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ഇടപെടാന്‍ സര്‍ക്കാര്‍ പിന്തുണയുള്ള ഒരു ഏജന്‍സി ശ്രമിക്കുന്നത് തങ്ങള്‍ ആദ്യമായാണ് കാണുന്നതെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ഐ.ഐ വഴി സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങൾക്ക് നിലവില്‍ കാര്യമായ ആഘാതം സൃഷ്ടിക്കാൻ കഴിയില്ലെങ്കിലും, ആ മേഖലയിൽ ചൈന നടത്തുനന കാര്യമായ പരീക്ഷണങ്ങൾ കാലക്രമേണ കൂടുതൽ ഫലപ്രദമായി മാറിയേക്കുമെന്ന് മൈക്രോസോഫ്റ്റ് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: