തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർത്ഥി ശശിതരൂരിനോടുള്ള കോൺഗ്രസ് പ്രവർത്തകരുടെ വിയോജിപ്പും അഭിപ്രായവ്യത്യാസവും സാമൂഹിക പ്രശ്നമായി മാറിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ്. ഇത് തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കാതിരിക്കാൻ പോലീസും കോൺഗ്രസ് നേതൃത്വവും ശ്രദ്ധിക്കണം. കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിക്ക് സംരക്ഷണം നൽകണമെന്നും ബിജെപി ജില്ല പ്രസിഡൻ്റ് വി.വി. രാജേഷ് പറഞ്ഞു.
യുഡിഎഫ് സ്ഥാനാർത്ഥിയോട് യുഡിഎഫ് പ്രവർത്തകർക്ക് തന്നെ വിയോജിപ്പും വ്യത്യസ്ഥമായ അഭിപ്രായവുമാണ്. ഇത് ലഭ്യമായ അറിവുകൾ വച്ച് ബിജെപി തന്നെ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. സ്ഥാനാർത്ഥി പര്യടനം തുടങ്ങിയതോടെ അത് മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎ കേന്ദ്ര തെരഞ്ഞെടുപ്പ് കാര്യാലയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം ബാലരാമപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെ യുഡിഎഫ് പ്രവർത്തകർ തന്നെ പ്രതിഷേധവുമായെത്തി. അവർ കൂക്കി വിളിക്കുകയും സ്ഥാനാർത്ഥിയുടെ മുഖത്തിന് നേരെ ഷാളുകൾ വലിച്ചെറിയുകയുമുണ്ടായി. കഴിഞ്ഞ 15 വർഷക്കാലം പാർട്ടി പ്രവർത്തകരെയും ജനങ്ങളെയും നിരാകരിച്ച ഒരു ജനപ്രതിനിധിക്ക് നേരെ ഇങ്ങനെയുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ കോവളം നിയോജക മണ്ഡലത്തിൽ നിന്നും ആരംഭിച്ച പ്രവർത്തകരുടെ വിയോജിപ്പും പ്രതികരണവും കഴക്കൂട്ടം മണ്ഡലത്തിലെ മണ്ണന്തലയിൽ എത്തിയപ്പോൾ കൈയ്യാങ്കളിയായി മാറി. യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെ യുഡിഎഫ് പ്രവർത്തകർ തന്നെ കൈയ്യാങ്കളി നടത്തുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തി.
ഇതിന്റെ വീഡിയോ റെക്കോർഡ് ചെയ്ത കോൺഗ്രസ് പ്രവർത്തകന്റെ മൊബെൽ ഫോൺ പോലീസ് പിടിച്ചുവച്ചിരിക്കുന്നു. ഇതിന്റെ പല വീഡിയോകളും പോലീസ്
പൂഴ്ത്തി വച്ചിരിക്കുന്നു. കൈയ്യാങ്കളിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ കാൽ വിരലിൽ പരിക്കുപറ്റിയതായും അറിയുന്നു. പാർട്ടി പ്രവർത്തകരുടെ രോഷം ഭയന്ന് കോൺഗ്രസിന് മുൻതൂക്കമുള്ള പല ബൂത്തുകളിലെയും സ്വീകരണം ഇതിനകം ഒഴിവാക്കിയിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് കരിക്കകം പ്രദേശത്ത് ശശിതരൂരിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിൽ ശ്രീകാര്യം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയോടുള്ള വിയോജിപ്പ് ഒരു സാമൂഹ്യ പ്രശ്നമായി മാറുകയാണ്. ഇത്രത്തോളം പാർട്ടി പ്രവർത്തകർക്ക് വിയോജിപ്പുള്ള സ്ഥാനാർത്ഥിയെ തെരഞ്ഞെടുപ്പിന് നിർത്തുമ്പോൾ ആ നേതൃത്വം തന്നെ ആലോചിക്കണമായിരുന്നെന്ന് രാജേഷ് പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് ഇത് വലിയ അത്യാഹിതത്തിലേക്കും അക്രമത്തിലേക്കും പോകാതെ കോൺഗ്രസ് നേതൃത്വവും പോലീസും ശ്രദ്ധിക്കണമെന്നാണ് ബിജെപിക്ക് പറയാനുള്ളത്. തെരഞ്ഞെടുപ്പ് വളരെ സമാധാനപരമായി നടക്കണം. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മികച്ച സ്ഥാനാർത്ഥിയാണ്. അദ്ദേഹം ജയിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സമാധാനപരമായി ജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഇവിടെ ഉണ്ടാകണം. പ്രത്യേകിച്ച് യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ നിന്ന് സംരക്ഷണം നൽകണം. ഇതൊരു സാമൂഹ്യ പ്രശ്നമായി മാറിയാൽ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനെ അതു ബാധിക്കും. അതിനാൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പോലീസ് സംരക്ഷണം കൊടുക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: