റോഹ്തക്: ഹരിയാനയിലെ മഹേന്ദർഗഢിൽ വ്യാഴാഴ്ച രാവിലെ 30 കുട്ടികളുമായി പോയ സ്കൂൾ ബസ് മറിഞ്ഞ് എട്ട് കുട്ടികൾ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കനീനയിലെ ജിഎൽ പബ്ലിക് സ്‌കൂളിന്റെ സ്‌കൂൾ ബസ് മഹേന്ദർഗഡ് ജില്ലയിലെ ഉൻഹാനി ഗ്രാമത്തിന് സമീപം മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ചതിനെ തുടർന്ന് അപകടത്തിൽപ്പെടുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഈദുൽ ഫിത്തർ പ്രമാണിച്ച് അവധിയാണെങ്കിലും സ്കൂൾ പ്രവർത്തിച്ചിരുന്നു.
പരിക്കേറ്റ വിദ്യാർത്ഥികളെ മഹേന്ദർഗഡിലെയും നർനൗലിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ആറ് വർഷം മുമ്പ് 2018-ൽ കാലഹരണപ്പെട്ടതായി ഔദ്യോഗിക രേഖകൾ കാണിക്കുന്നുണ്ടെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേ സമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്‌കൂൾ ബസ് അപകടത്തിൽ മരണപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റ കുട്ടികൾക്ക് പ്രാദേശിക ഭരണകൂടം സഹായം നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
“ഹരിയാനയിലെ മഹേന്ദ്രഗഡിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടത് വളരെ ദുഃഖകരമാണ്. മരിച്ച കുട്ടികളുടെ കുടുംബത്തോടൊപ്പമാണ് എന്റെ അനുശോചനം. ഈ വിയോഗം താങ്ങാനുള്ള ശക്തി ദൈവം അവർക്ക് നൽകട്ടെ. പരിക്കേറ്റ കുട്ടികൾക്ക് പ്രാദേശിക ഭരണകൂടം സഹായം നൽകുന്നുണ്ട്. അവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു,” – അമിത് ഷാ എക്സിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: