ന്യൂദല്‍ഹി: ഭാരതത്തിന്റെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര പാവോ നുര്‍മി ഗെയിംസില്‍ പങ്കെടുക്കും. ഫിന്‍ലന്‍ഡിലെ ടൂര്ക്കുവില് ജൂണ്‍ 18നാണ് ഒരു ദിവസംകൊണ്ട് അവസാനിക്കുന്ന അത്ലറ്റിക്സ് പൂരം.
ജാവലിന്‍ ത്രോയില്‍ അടുത്തകാലത്തെ പുത്തന്‍ താരോദയം 19കാരന് മാക്സ് ഡെഹ്നിങ്ങ് ടൂര്‍ണമെന്റില്‍ പങ്കെടുക്കും. 19 കാരനായ ഈ ജര്‍മന്‍ താരം 90 മീറ്റര്‍ ക്ലബില്‍ ഇടംപിടിച്ച താരമാണ്. ഒളിംപിക് സ്വര്‍ണവും ലോക അത്ലറ്റിക്സ് മീറ്റ് സ്വര്‍ണവും എല്ലാം നേടിയ നീരജ് ചോപ്രയ്ക്ക് കരിയറില്‍ ഇതുവരെ 90 മീറ്റര്‍ മറികടക്കാന്‍ സാധിച്ചിട്ടില്ലെന്നത് വലിയ വെല്ലുവിളിയായി നല്‍ക്കുകയാണ്.
ഒളിംപിക്സ് വര്‍ഷത്തില്‍ നീരജിന്റെ സീസണ് ആരംഭിക്കുന്നത് അടുത്ത മാസം പത്തിന് നടക്കുന്ന ദോഹ ഡയമണ്ട് ലീഗ് മത്സരങ്ങളോടെയാണ്. ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നീരജ് പാവോ നുര്മിയില് പങ്കെടുക്കുന്നത്. ഇതിന് മുമ്പ് 2022 പാവോ നുര്മിയില് മത്സരിച്ച നീരജ് ചോപ്ര 89.30 മീറ്റര്‍ ദൂരം കുറിച്ച് വെള്ളിമെഡലുമായാണ് ഇവിടെ നിന്ന് മടങ്ങിയത്. കഴിഞ്ഞ വര്‍ഷം പരിക്ക് കാരണം നീരജിന് പങ്കെടുക്കാനായില്ല.
ലോകത്തെ കോണ്ടിനെന്റല് അത്ലറ്റിക്സ് ഗോള്‍ഡ് സീരീസ് ടൂര്‍ണമെന്റുകളില്‍ ഡയമണ്ട് ലീഗ് കഴിഞ്ഞാല്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് പാവോ നുര്‍മി ഗെയിംസ്. 79.13 മീറ്റര്‍ മികച്ച ദൂരമായിരുന്ന ഡെഹ്നിങ് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് 11.07 മീറ്റര്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് തന്റെ പുതിയ ദൂരം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: