തെരഞ്ഞെടുപ്പിലേക്ക് രാജ്യം പോകുന്നുവെന്ന് ഉറപ്പിച്ചിരിക്കെ, രാഷ്ട്രപതി ഭവനില്‍നിന്ന് വന്ന വാര്‍ത്ത മറ്റൊന്നായിരുന്നു. ഏപ്രില്‍ 20ന് രാഷ്ട്രപതി കെ.ആര്. നാരായണന് കോണ്‍ഗ്രസ് നേതാവ് സോണിയയ്ക്ക് കൂടിക്കാഴ്ചയ്ക്ക് സമയമനുവദിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത വന്നു. 140 എംപിമാരുള്ള കോണ്‍ഗ്രസ് എങ്ങനെ സര്‍ക്കാരുണ്ടാക്കും? ബിജെപിയും സഖ്യകക്ഷികളും എതിരാവും; അതായത് 269പേര് എതിര്‍ക്കും. കോണ്‍ഗ്രസിനോടും ബിജെപിയോടും മത്സരിച്ച് വിജയിച്ചതാണ് മറ്റു പല പാര്‍ട്ടികളുടെയും എംപിമാര്‍. അവരില്‍ കോണ്‍ഗ്രസ് വിരോധികളായ കമ്യൂണിസ്റ്റ് പാര്‍ട്ടികളുമുണ്ട്. അവര്‍ പിന്തുണയ്ക്കില്ല. അവരുടെയൊന്നും പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപീകരണം സാധ്യവുമല്ല. പിന്നെ എങ്ങനെ കണക്കൊപ്പിക്കും? ബിജെപി വിരുദ്ധരെല്ലാവരും ചേര്‍ന്ന് വോട്ട് ചെയ്തിട്ട്, ഒറ്റവോട്ടിന്റെ സാഹസികതയില്‍ വിയര്‍ത്തിട്ട്, വാജ്പേയിയെ തോല്‍പ്പിക്കാന്‍ ആകെക്കൂടി കിട്ടിയത് 270 വോട്ടാണ്. 543 അംഗസഭയില്‍ ഭൂരിപക്ഷത്തിന് 272 വോട്ടു വേണം. രാഷ്ട്രീയ നിരീക്ഷകര്‍ തല പുകഞ്ഞാലോചിക്കുമ്പോള്‍ രാഷ്ട്രപതി ഭവനില്‍ കേന്ദ്രീകരിച്ച്, പഴയ കോണ്‍ഗ്രസുകാരനായ കെ.ആര്. നാരായണനും മറ്റ് കോണ്‍ഗ്രസ് നേതാക്കളും കൂട്ടലും കിഴിക്കലും നടത്തുകയായിരുന്നു.
രാഷ്ട്രപതിയെന്ന നിലയില്‍ കെ.ആര്. നാരായണന്റെ സ്ഥാനം ചരിത്രത്തില്‍ ഏറ്റവും വലുതാണ്. പിന്നാക്ക വിഭാഗത്തില്‍ നിന്ന് ഭാരതത്തിന്റെ പ്രഥമ പൗരനായി ഉയര്‍ന്ന മലയാളി എന്നത് ഏറ്റവും പ്രധാനം. ലോകരാജ്യങ്ങളില്‍ പലതിലും അംബാസഡറായി മികച്ച സേവനം ചെയ്ത ശേഷം ലോക്സഭയിലേക്ക് രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാള്‍ എന്ന പ്രത്യേകതയും വേറെ. ഇതിനു പുറമേ, രാഷ്ട്രപതി ഭവനില്‍ പുതിയ കീഴ്വഴക്കങ്ങള് സൃഷ്ടിച്ചുവെന്നത് രാഷ്ട്രീയമായും ഭരണപരമായും അദ്ദേഹത്തിന്റെ പേരിലുള്ള ചരിത്രമാണ്.
അതായത്, തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഒരു കക്ഷി അല്ലെങ്കില്‍ മുന്നണി രാഷ്ട്രപതിയെ കണ്ട്, അവരുടെ ഭൂരിപക്ഷം അവകാശപ്പെടുകയും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള യോഗ്യത തെളിയിക്കുകയും ചെയ്യേണ്ടതുണ്ട്. വ്യക്തമായ ഭൂരിപക്ഷമുള്ളതാണ് ഫലമെങ്കില്‍ തര്‍ക്കമില്ല. എന്നാല്‍, കേവല ഭൂരിപക്ഷത്തിന് തക്ക എംപിമാരില്ലെങ്കില്‍ ലോക്സഭയുടെ ആദ്യ സമ്മേളനത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസവോട്ട് തേടണം. അത് സഭാതലത്തില്‍ത്തന്നെ വേണം എന്നാണ് ചട്ടം, സുപ്രീംകോടതി ഒരു കേസില്‍ അങ്ങനെ വിധിക്കുകയും ചെയ്തു. ലോക്സഭയില്‍ മാത്രമല്ല, നിയമസഭകള്‍ക്കും അതാണ് നിയമം. എന്നാല്‍ അടല്‍ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ ബിജെപി സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചപ്പോള്‍, അതിനുമുമ്പ് ഡോ. ശങ്കര്‍ദയാല്‍ ശര്‍മ്മ ചെയ്തതില്‍നിന്ന് വ്യത്യസ്തമായി, പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഔദ്യോഗിക കത്ത് രാഷ്ട്രപതിക്ക് സമര്‍പ്പിക്കണമെന്ന് കെ.ആര്. നാരായണന് നിബന്ധന വെച്ചു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം സോണിയ ഉന്നയിച്ചപ്പോഴും അദ്ദേഹം ഈ നിലപാടെടുത്തു. എന്നാല്‍ ആവശ്യമായ പിന്തുണയില്ലാതെ വന്നപ്പോള്‍ കൂടുതല്‍ സമയം അനുവദിച്ചു. അതിനു പിന്നാലേയാണ് സോണിയയുടെ കുപ്രസിദ്ധമായ ആ പ്രസ്താവന വന്നത്. രാഷ്ട്രപതിഭവന് പരിസരത്ത് മാധ്യമ പ്രവര്‍ത്തകരോട് സോണിയ പ്രസ്താവിച്ചു; കോണ്‍ഗ്രസിന് 272 എംപിമാരുടെ പിന്തുണയുണ്ടെന്ന്. വാസ്തവത്തില്‍ രാഷ്ട്രതിക്ക് ഭൂരിപക്ഷം ബോധ്യപ്പെടാന്‍ പാകത്തിന് പിന്തുണക്കത്തുകള്‍ നല്‍കാന്‍പോലും അപ്പോള്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
അതിനിടെ, മറ്റൊരു രാഷ്ട്രീയനീക്കം നടന്നു. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് ബിജെപി അധ്യക്ഷന്‍ എല്‍. കെ. അദ്വാനിയുമായി നടത്തിയ സംസാരത്തില്‍ ആ നീക്കത്തെക്കുറിച്ച് വിവരം കൊടുത്തു. കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാനാവില്ല, അതു സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാന്‍ ഒരു പ്രധാനവ്യക്തി കൂടിക്കാഴ്ചയ്ക്ക് ആഗ്രഹിക്കുന്നുവെന്നായിരുന്നു വിവരം. സോഷ്യലിസ്റ്റായ ജോര്‍ജ് ഫെര്‍ണാണ്ടസാണ് ബിജെപിയുമായി രാഷ്ട്രീയ സഖ്യത്തിന് തയാറായ, ബിജെപി- സാംസ്കാരിക ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു പുറത്തുനിന്നുള്ള ആദ്യ നേതാവ്. സമതാ പാര്‍ട്ടിനേതാവയ ഫെര്‍ണാണ്ടസ് അതിനുശേഷം എക്കാലവും എന്‍ഡിഎയ്ക്കൊപ്പം നിന്നു. എന്‍ഡിഎ കണ്‍വീനറായിരുന്നു. തത്ത്വാധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം. ഒരേസമയം കോണ്‍ഗ്രസില്‍നിന്നും കമ്യൂണിസ്റ്റുകളില്‍നിന്നും തുല്യദൂരം പാലിച്ചു. മറ്റ് സോഷ്യലിസ്റ്റുനേതാക്കളുടെ അവസരവാദ നിലപാടുകള്‍ എടുത്തില്ല. അതിനാല്‍ത്തന്നെ ഫെര്‍ണാണ്ടസിന്റെ അറിയിപ്പ് അദ്വാനി കേട്ടു.
ഏറെ രഹസ്യാത്മകമായിരുന്ന കൂടിക്കാഴ്ച. അദ്വാനിയുടെ പണ്ടാരാ പര്‍ക്കിലെ വീട്ടിലേക്ക് അദ്ദേഹം വന്നാല്‍ അത് പലരും അറിയും. അദ്വാനി അദ്ദേഹത്തിന്റെ സ്ഥലത്തേക്കു പോയാല്‍ സുരക്ഷാ സംവിധാനങ്ങളുടെ ബഹളത്താല്‍ അതും അറിയും. അതിനാല്‍, സമതാ പാര്‍ട്ടി നേതാവ് ജയാ ജെയ്റ്റ്ലിയുടെ വീട്ടില്‍ ആയിരുന്നു കൂടിക്കാഴ്ച. മലയാളിയായ ജയാ ജെയ്റ്റ്ലി അന്ന് പാര്‍ട്ടി പ്രസിഡന്റ് ആയിരുന്നു. അദ്വാനി അവസാന നിമിഷമാണ് ആ വിശിഷ്ട വ്യക്തി മുലായം സിങ് ആയിരുന്നുവെന്നറിഞ്ഞത്. ഒരു കാരണവശാലും ഒരു കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ സമാജ്വാദി പാര്‍ട്ടി തയാറല്ലെന്ന് മുലായം അറിയിച്ചു. സമാജ്വാദി പാര്‍ട്ടിയുടെ 20 എംപിമാര്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കില്ലെന്ന് രാഷ്ട്രപതിയെ രേഖാമൂലം അറിയിക്കാന്‍ തയാറെന്നും മുലായം പറഞ്ഞു. പക്ഷേ, അദ്വാനിയില്‍നിന്ന് ഒരു ഉറപ്പ് ലഭിക്കാനാണ് മുലായം ആ രഹസ്യക്കൂടിക്കാഴ്ച നടത്തിയത്. സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി വീണ്ടും ശ്രമിക്കരുത്, തെരഞ്ഞെടുപ്പ് അല്ലാതെ മറ്റൊന്നിനും സഹകരിക്കരുത് എന്നായിരുന്നു മുലായത്തിന്റെ ആവശ്യം. ബിജെപിയും സഖ്യകക്ഷികളും നേരത്തേ തന്നെ ആ തീരുമാനത്തിലെത്തിയിരുന്നു. അങ്ങനെ മുലായം ഏപ്രില്‍ 23 ന് രാഷ്ട്രപതിക്ക് കത്ത് നല്കി. തൊട്ടുപിന്നാലെ ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ ഇടതുകക്ഷികളും കോണ്‍ഗ്രസിന് പിന്തുണയില്ലെന്ന് കത്ത് കൈമാറി. സോണിയയ്ക്ക് പരമാവധി ലഭിച്ചത് 233 എംപിമാരുടെ പിന്തുണയാണ്. ഒടുവില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ഇല്ലെന്ന പ്രഖ്യാപനം നടത്തി സോണിയ പിന്‍വാങ്ങി.
അതിനിടെ, ലഖ്നൗവില്‍ തിരികെ എത്തിയ മുലായം സിങ് ഒരു പത്രസമ്മേളനത്തില്‍ നിര്‍ണായക പ്രഖ്യാപനം നടത്തി. രാജ്യത്ത് വിദേശിയായ ഒരു പ്രധാനമന്ത്രി ഉണ്ടാകാതിരിക്കാനാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കാതിരുന്നതെന്ന് പ്രസ്താവിച്ചു. ഇറ്റലിക്കാരിയായ സോണിയയുടെ പൗരത്വ പ്രശ്നം അങ്ങനെ ദേശീയ രാഷ്ട്രീയ വിഷയമായി. പ്രധാനമന്ത്രി സ്ഥാനം ഭാരതീയര്‍ക്ക്, ഭാരതപൗരത്വമുള്ളവര്‍ക്ക് മാത്രമേ നല്‍കാവൂ. പ്രധാനമന്ത്രി പദത്തില്‍ മാത്രമല്ല, രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭാ സ്പീക്കര്‍ എന്നീ സ്ഥാനങ്ങളിലും ഭാരതപൗരന്മാര്‍ക്കു മാത്രമേ യോഗ്യത കല്‍പ്പിക്കാവൂ, അതിനായി നിയമ നിര്‍മാണം നടത്തണമെന്നും മുലായം പ്രസ്താവിച്ചു. 1999 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 182 സീറ്റ് കിട്ടി. സഖ്യത്തിന് 306 സീറ്റ് ലഭിച്ചു. സര്‍ക്കാര്‍ 2004 വരെ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: