വെല്ലൂര്‍(തമിഴ്നാട്): ‘ഐക്യരാഷ്ട്രസഭയില്‍, ഞാന്‍ തമിഴ് ഭാഷയില്‍ സംസാരിക്കും. അങ്ങനെ തമിഴ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയാണെന്ന് ലോകം മുഴുവന്‍ അറിയും. കാശിയുടെ എംപി എന്ന നിലയില്‍, കാശി തമിഴ് സംഗമം കൂടുതല്‍ വിപുലമാക്കാന്‍ നിങ്ങളെ ക്ഷണിക്കാനാണ് ഞാന്‍ വന്നത്. ഗുജറാത്തില്‍ ജനിച്ച ഞാന്‍ സൗരാഷ്ട്ര തമിഴ് സംഗമത്തിലേക്കും എല്ലാവരെയും ക്ഷണിക്കുന്നു’, വെല്ലൂരിലെ എന്‍ഡിഎ റാലിയെ അഭിവാദ്യം ചെയ്ത് തമിഴ് മനസ് കീഴടക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.
മതവും ജാതിയും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുക, മയക്കുമരുന്ന് മാഫിയയെ വളര്‍ത്തുക, രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുക… തമിഴ്നാട്ടിലെ ഡിഎംകെ രാഷ്ട്രീയം പൊതുസമൂഹം നേരിടുന്ന വിപത്താണെന്നും മോദി മുന്നറിയിപ്പ് നല്കി ഇത് അപകടകരമായ രാഷ്ട്രീയമാണ്. ഭിന്നിപ്പിച്ച് ഭരിക്കുന്നതിന്റെ ഈ രാഷ്ട്രീയം ജനങ്ങള്‍ മനസിലാക്കുന്ന ദിവസം ഡിഎംകെയ്ക്ക് ഒരു വോട്ട് പോലും ലഭിക്കില്ലെന്ന് മോദി പറഞ്ഞു.
ആരാണ് മയക്കുമരുന്ന് മാഫിയയെ സംരക്ഷിക്കുന്നത്? എന്‍സിബി പിടികൂടിയ മയക്കുമരുന്ന് മാഫിയ ഏത് കുടുംബത്തിലാണ്, അദ്ദേഹം ചോദിച്ചു. കച്ചത്തീവ് ശ്രീലങ്കയ്ക്ക് തീറെഴുതിയത് ഇവരാണ്. ഇത്രകാലം അക്കാര്യം പൊതിഞ്ഞുവയ്ക്കാനാണ് കോണ്‍ഗ്രസും ഡിഎംകെയും ശ്രമിച്ചത്. ദ്വീപിന് സമീപം നമ്മുടെ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തതില്‍ അവരും പങ്കാളികളാണ്.
ബഹിരാകാശ മേഖലയിലും നിര്‍മാണ മേഖലയിലും തമിഴ്നാടിന്റെ സംഭാവനകള്‍ മഹത്തരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരതം ഒരു ലോകശക്തിയായി ഉയരുന്നതില്‍ തമിഴ്നാട് നിര്‍ണായക പങ്ക് വഹിച്ചു. തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. പട്ടാളി മക്കള്‍ കച്ചിയുടെ ധര്‍മ്മപുരി സ്ഥാനാര്‍ത്ഥി സൗമ്യ അന്‍പുമണിക്കും ബിജെപി ചിഹ്നത്തില്‍ മത്സരിക്കുന്ന ന്യൂ ജസ്റ്റിസ് പാര്‍ട്ടിയുടെ വെല്ലൂരിലെ സ്ഥാനാര്‍ത്ഥി എ.സി. ഷണ്മുഖത്തിനും പിന്തുണ തേടിയാണ് മോദി വെല്ലൂരില്‍ പ്രസംഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: