ഒരു കാലത്ത് യുഎസില്‍ ഡപ്യൂട്ടി അംബാസഡറായിരുന്നപ്പോഴും പിന്നീട് യുഎസില്‍ ഇന്ത്യാപ്രതിനിധിയായിരുന്നപ്പോഴും ടി.പി. ശ്രീനിവാസന് ശശി തരൂരിന്റെ അടുത്ത സുഹൃത്തായിരുന്നു. പിന്നീട് ശശി തരൂര്‍ തിരുവനന്തപുരത്ത് എംപിയായി മത്സരിക്കാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ചിരുന്ന വ്യക്തിയായിരുന്നു. പക്ഷെ ടി.പി. ശ്രീനിവാസന് ഇപ്പോള്‍ രാജീവ് ചന്ദ്രശേഖറിനൊപ്പമാണ്. ഇന്ത്യന്‍ ഫോറിന് സര്‍വ്വീസില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ടി.പി. ശ്രീനിവാസന്റെ ഈ മാറ്റം വെറുതെയല്ല. കഴിഞ്ഞ 15 വര്‍ഷം എംപിയായിരുന്നിട്ടും തിരുവനന്തപുരത്തിന് കാതലായ ഒരു മാറ്റവും കൊണ്ടുവരാന്‍ തരൂരിന് കഴിഞ്ഞില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഒരു ചുവടുമാറ്റത്തിന് ടി.പി. ശ്രീനിവാസന് തയ്യാറാവുന്നത്. ”
രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കാന്‍ അദ്ദേഹത്തിന്റെ പ്രചാരണകമ്മിറ്റിയുടെ ചെയര്‍മാനാണ് ടി.പി. ശ്രീനിവാസന് ഇപ്പോള്‍. “അദ്ദേഹത്തെ വിജയിപ്പിക്കുക എന്നതാണ് ലക്ഷ്യം. കാരണം കഴിഞ്ഞ 15 വര്‍ഷം ശശി തരൂരിന് ഒന്നും നേടിയെടുക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം ഒരിയ്ക്കലും തിരുവനന്തപുരത്തിന്റെ ഇന്‍സൈഡര്‍ ആയി ആരും കണ്ടിട്ടില്ല. കോണ്‍ഗ്രസുകാര്‍ ഇരിക്കുന്ന ഒരു സ്ഥലത്തേക്ക് അദ്ദേഹം കടന്നുവന്നാല്‍ തങ്ങളില്‍ ഒരാളായി ഒരിയ്ക്കലും അവര്‍ ശശി തരൂരിനെ കാണില്ല. “- ടി.പി. ശ്രീനിവാസന് പറയുന്നു.
“ദല്‍ഹിയിലും തിരുവനന്തപുരത്തും എതിര് സര്‍ക്കാരുകളായതിനാല്‍ തിരുവനന്തപുരത്തിന് ഒന്നും നേടിയെടുക്കാന്‍ ശശി തരൂരിന് സാധിച്ചില്ല. അദ്ദേഹം എംപിയായിരുന്നപ്പോള്‍ കുറച്ചുകാലം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചപ്പോഴും കാര്യമായി ഒന്നും ചെയ്യാന്‍ തരൂരിന് കഴിഞ്ഞില്ല. എന്നാല്‍ രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചാല്‍ കേന്ദ്രമന്ത്രിയാകും എന്നുറപ്പാണ്. അത് തിരുവനന്തപുരത്തിന് വലിയ രീതിയില്‍ ഗുണം ചെയ്യും. “- ടി.പി. ശ്രീനിവാസന് പറയുന്നു.
മോദിയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന വ്യക്തി കൂടിയാണ് ടി.പി. ശ്രീനിവാസന്. “ഇന്ത്യയില്‍ ഒരു ഭരണത്തുടര്‍ച്ചയുടെ ആവശ്യമുണ്ട്. മോദിയ്ക്കെതിരായി പ്രധാനമന്ത്രിയാവാന്‍ കഴിവുള്ള ഒരാളെ കാണാനില്ല. അഞ്ചുവര്‍ഷം കൂടി കിട്ടിയാല്‍ ഇന്ത്യയുടെ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയകാര്യങ്ങള്‍ ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയും. ഇത് ഇന്ത്യയുടെ നിര്‍ണ്ണായക സമയമാണ്. ആ സമയത്ത് ഒരു കരുത്തനായ പ്രധാനമന്ത്രി ആവശ്യമാണ്. ഞാന്‍ പാര്‍ട്ടിയിലൊന്നും ഇല്ലാത്ത ആളാണ്. ഈ പ്രധാനമന്ത്രിയെ പിന്തുണയ്ക്കണം എന്നതിനാലാണ് ഞാന്‍ രാജീവ് ചന്ദ്രശേഖറിനെ തിരുവനന്തപുരത്ത് പിന്തുണയ്ക്കുന്നത്. “- ടി.പി. ശ്രീനിവാസന് പറയുന്നു.
“മോദി ഒരു മാന്‍ ഓഫ് ആക്ഷന്‍ ആണ്. അതാണ് മോദിയുടെ സവിശേഷത. കാര്യങ്ങള്‍ പറയുകയല്ല, അത് നടപ്പാക്കുകയാണ് അദ്ദേഹത്തിന്റെ രീതി. ഇന്ത്യയില്‍ ആഭ്യന്തരമായി ഉണ്ടാക്കിയ നേട്ടങ്ങള്‍ മോദി പുറംരാജ്യങ്ങളില്‍ എത്തിച്ചു. സൈനിക ശക്തി വര്‍ധിപ്പിച്ചു. 15ാംമത് സാമ്പത്തിക ശക്തിയായ ഇന്ത്യ അഞ്ചാമതെത്തി. ഇനി അത് 3ാം സ്ഥാനത്തെത്തുമെന്ന് പറയുന്നു. “-ടി.പി. ശ്രീനിവാസന് വിശദമാക്കുന്നു.
തിരുവനന്തപുരത്തിന്റെ തീരദേശത്തിന് ചന്ദ്രശേഖര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. നെയ്യാറ്റിന്‍കരയിലും മറ്റും അദ്ദേഹം കടല്‍ക്ഷോഭം നേരിടാന്‍ കേന്ദ്രത്തില്‍ നിന്നും പണം നല്കി. അടുത്ത ടെക്നോപാര്‍ക്ക് നെയ്യാറ്റിന്കരയിലായിരിക്കും എന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: