ഗുരുവായൂര്‍: ഗുരൂവായൂര്‍ ക്ഷേത്രത്തിന് രണ്ട് വലിയ നടപ്പന്തലുകള്‍ കൂടി. കുംഭകോണം ശ്രീഗുരുവായൂരപ്പന് ട്രസ്റ്റാണ് ഈ രണ്ട് നടപ്പന്തലുകളും വഴിപാടായി നിര്‍മ്മിച്ചുകൊടുക്കുന്നത്.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ പ്രധാന നടപ്പന്തലില്‍ നിന്ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന്റെ പിന്‍ഭാഗത്തുകൂടി ഗണപതിക്ഷേത്രവുമായി ബന്ധിപ്പിക്കുന്നതാണ് പുതുതായി വരുന്ന ഒരു നടപ്പന്തല്‍. ഗണപതിക്ഷേത്രം വരെ നടപ്പന്തല്‍ നിര്‍മ്മിക്കുന്നത് ഭക്തര്‍ക്ക് അനുഗ്രഹമാണ്. കാരണം ഗുരുവായൂരപ്പനെ തൊഴുത് പുറത്തിറങ്ങി ഗണപതിയെ തൊഴാന്‍ പോകുന്നവര്‍ക്ക് ഇനി മഴയും വെയിലും കൊള്ളാതെ പോകാം.
നിലവിലുള്ള വരിപ്പന്തലിന്റെ മേല്‍ക്കൂര പടിഞ്ഞാറ് ഭാഗത്തേക്ക് കൂടി ബന്ധിപ്പിച്ച് പണിയുന്നതാണ് രണ്ടാമത്തെ മേല്‍ക്കൂര. ക്ഷേത്രത്തിന്റെ നാഴികമണി നില്ക്കുന്ന മതിലിനോട് ചേര്‍ന്നായിരിക്കും നടപ്പുര. വരിപ്പന്തലിന്റെ പടിഞ്ഞാറ് ഭാഗത്ത് പണിയുന്ന നടപ്പന്തലും ഭക്തര്‍ക്ക് അനുഗ്രഹമാകും. കിഴക്കേനടയിലെ ദീപസ്തംഭത്തിന്റെ മുന്പില് നിന്ന് ഭഗവതി കവാടം ഭാഗത്തേയ്ക്കോ തീര്‍ത്ഥക്കുളം ഭാഗത്തേയ്ക്കോ നേരെ പോകാന്‍ പുതിയ നടപ്പന്തല്‍ സഹായകമാകും.
40 ലക്ഷം രൂപ ചെലവിലാണ് ഈ നടപ്പന്തലുകള്‍ ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: