കൊച്ചി: കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍ നിന്ന് മാസപ്പടി വാങ്ങിയ കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനൊപ്പം കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എംഡി ശശിധരന് കര്‍ത്തെയും ചോദ്യംചെയ്യുമെന്ന് സൂചനയുണ്ട്.
മാസപ്പടി കേസില്‍ യ സിഎംആര്‍എലിന്റെ ഉദ്യോഗസ്ഥര്‍ നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്കി. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദേശമുളളത്. ധനകാര്യ ചുമതല ഉള്ള ഉദ്യോഗസ്ഥനെയാണ് നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്.മറ്റ് ഉദ്യോഗസ്ഥരെയും ഉടന്‍ വിളിപ്പിക്കും. ഇല്ലാത്ത സേവനത്തിന് പണം നല്‍കിയെന്ന് ഇവരില്‍ ചിലര്‍ നേരത്തേ മൊഴിനല്‍കിയ പശ്ചാത്തലത്തിലാണിത്.മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും അന്വേഷിക്കുന്നുണ്ട്.
മകള്‍ വീണ വിജയനും അവരുടെ സോഫ്റ്റ് വെയര്‍ സ്ഥാപനമായ എക്സാലോജിക്കിനും, കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ നല്‍കാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്റെ ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതുകൂടാതെ വായ്പ എന്ന നിലയിലും വീണയ്ക്ക് പണം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും അന്വേഷണം തുടരവെയാണ് ഇഡി അന്വേഷണവും നടക്കുന്നത്. വീണ വീജയന്, എക്സാലോജിക് കമ്പനി, സിഎംആര്‍എല്‍, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എന്നിവരാണ് നിലവില്‍ അന്വേഷണം നേരിടുന്നത്.
നല്‍കാത്ത സേവനത്തിന് വീണയുടെ കമ്പനി പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡി നിഗമനം. അന്വേഷണത്തിന്റെ അടുത്ത പടിയായി വീണയടക്കമുളള എതിര്‍കക്ഷികളില്‍ നിന്ന് രേഖകള്‍ ആവശ്യപ്പെടും. ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്താനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: