തിരുവനന്തപുരം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനിൽ ആൻ്റണിക്കെതിരായ കോഴ ആരോപണത്തിൽ പ്രതികരിച്ച് പി.സി ജോർജ്. വായ തുറന്നാൽ നുണ മാത്രം പറയുന്ന ആളാണ് ദല്ലാൾ നന്ദകുമാറെന്നും പണമുണ്ടാക്കാന്‍ അദ്ദേഹം എന്തും പറയുമെന്നും പി.സി വിമർശിച്ചു.
‘നന്ദകുമാറിന് പിന്നിൽ ആന്റോ ആന്റണിയാണ്. അക്കാര്യത്തിൽ യാതൊരു തർക്കവുമില്ല. പിതാവായ എ.കെ ആന്റണി പ്രതിരോധമന്ത്രി ആയിരുന്നപ്പോൾ എത്ര കോടി വേണമെങ്കിലും അനിൽ ആന്റണിക്ക് കിട്ടുമായിരുന്നല്ലോ? പിന്നെ എന്തിന് 25 ലക്ഷം വാങ്ങാൻ പോകണം. നുണ പറയുന്നതിൽ ഡോക്ടറേറ്റ് എടുത്തയാളാണ് ദല്ലാൾ നന്ദകുമാര്‍. പണ്ട് തന്നെയും കുടുക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു’ – ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അനിൽ ആന്റണിക്കെതിരെ കോഴ ആരോപണവുമായി ദല്ലാൾ നന്ദകുമാർ രംഗത്ത് എത്തിയത്. കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാൻഡിങ് കോൺസൽ നിയമനത്തിനായി അനിൽ ആൻ്റണി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. അനിൽ ആന്റണി വലിയ അഴിമതിക്കാരനാണെന്നും പിതാവിനെ ഉപയോഗിച്ച് വില പേശി പണം വാങ്ങിയിരുന്നെന്നും നന്ദകുമാർ ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം, ആരോപണങ്ങൾ തെളിയിക്കാൻ നന്ദകുമാറിനെ അനിൽ ആന്‍റണി വെല്ലുവിളിച്ചു. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയും ചില കോൺഗ്രസ് നേതാക്കളും ചേർന്നുണ്ടാക്കിയ കെട്ടുകഥയാണ് ആരോപണമെന്നും അനിൽ ആന്റണി പറഞ്ഞു.ദല്ലാള്‍ നന്ദകുമാറിനെ ഒന്ന് രണ്ട് തവണ കണ്ടിട്ടുണ്ട്. ചില ആവശ്യങ്ങള്‍ പറഞ്ഞിരുന്നു. നടക്കില്ല എന്ന് അറിയിച്ച് മടക്കി അയക്കുകയായിരുന്നു.ബ്ലാക്ക് മെയിലിങ്ങിന്റെ ആളാണ് നന്ദകുമാർ . നിയമനടപടികൾക്ക് പോകാൻ തെരഞ്ഞെടുപ്പ് കാലത്ത് സമയമില്ലെന്നും ഉമാ തോമസിനും പി.ജെ കുര്യനും അറിയാമെങ്കിൽ അവരോട് ചോദിക്കുവെന്നും അനിൽ ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: