കോട്ടയം: കേരള കോണ്‍ഗ്രസിലെ ചതുരംഗ കളി അവസാനിക്കുന്നില്ല. ഒരു കരു അങ്ങോട്ട്, ഒരു കരു ഇങ്ങോട്ട്.. കളി തുടരുകയാണ്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്ന് ജില്ലാ യുഡിഎഫ് ചെയര്‍മാനും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡണ്ടുമായ സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചതോടെയാണ് ഈ സീസണിലെ കളി ആരംഭിച്ചത്.
പിന്നാലെ കേരള കോണ്‍ഗ്രസ് എം ഉന്നതാധികാരെ സമിതി അംഗവും മുന്‍ എംഎല്‍എയുമായ പി.എം.മാത്യു യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ്പ്രചാരണയോഗത്തില് പങ്കെടുത്തു . അന്നു തന്നെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി അംഗം പ്രസാദ് ഉരുളികുന്നം രാജിവച്ചു. മോന്‍സ് ജോസഫിന്റെ ഏകാധിപത്യ പ്രവണതക്കെതിരെയാണ് പ്രസാദിന്റെയും രാജി.
പി എം. മാത്യുവിനെ ഒമ്പതുമാസം മുമ്പ് പുറത്താക്കിയിരുന്നുവെന്നാണ് കേരള കോണ്‍ഗ്രസ് എം. ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജിന്റെ ഭാഷ്യം. അപ്പുറത്ത് കേരളകോണ്‍ഗ്രസ് ചെയര്മാന് പി.ജെ.ജോസഫ് സജി മഞ്ഞക്കടമ്പിലിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. സജിയുടെ പോക്ക് വൈകാരികമായിപ്പോയെന്നും തിരിച്ചുവന്നാല്‍ സ്വീകരിക്കുമെന്നുമാണ് പിജെ ജോസഫ് പറഞ്ഞത്.
ഇതിനിടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വര്‍ക്കിംഗ് ചെയര്മാന് പി.സി തോമസ് കരിങ്ങോഴക്കല്‍ വീട്ടിലെത്തി കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മയെയും ജോസ് കെ.മാണിയുടെ ഭാര്യ നിഷ ജോസിനെയും സന്ദര്‍ശിച്ചതും അഭ്യൂഹങ്ങള്‍ക്കിടയാക്കി. തന്റെ ബന്ധു എന്ന നിലയ്ക്കും മാണിയുടെ ഭാര്യയെന്ന നിലയ്ക്കുമാണ് കുട്ടിയമ്മയെ കണ്ടതെന്നാണ് പി.സി തോമസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: