കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിനൊപ്പം, ഈ തെരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം. മുന്നണി മാറ്റം ഏറെ വിവാദ ചര്‍ച്ചകള്‍ക്കിടയാക്കിയപ്പോഴും കെ.എം മാണിയില്ലാത്ത പാര്‍ട്ടിയെ നയിച്ച് മുന്നോട്ട് പോകുകയാണ് ജോസ് കെ. മാണി.
സിപിഎമ്മുമായി പ്രാദേശിക തലത്തില്‍ പലയിടങ്ങളിലും തര്‍ക്കങ്ങള്‍ ഉള്ളപ്പോഴും അതൊന്നും മുന്നണി ബന്ധത്തെ ബാധിക്കില്ലെന്ന നിലപാടാണ് ജോസ് കെ. മാണിയുടെ ആത്മവിശ്വാസം. ഇടതിനൊപ്പം നില്ക്കുമ്പോള് ലഭിച്ച ഏക സീറ്റായ കോട്ടയം ഒപ്പം നിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് പാര്‍ട്ടി മിഷണറി. ആത്യന്തിക വിജയം ഇന്ത്യ മുന്നണിക്കായിരിക്കുമെന്ന വിശ്വാസമാണ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായ ജോസ് കെ. മാണി പ്രകടിപ്പിക്കുന്നത്.
എങ്ങിനെ പോകുന്നു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍?
നന്നായി പോകുന്നു. ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് തോമസ് ചാഴിക്കാടന്. സ്ഥാനാര്‍ത്ഥിയെ ആദ്യം തന്നെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ പ്രാദേശിക വികസന ഫണ്ട് 100 ശതമാനം ഉപയോഗിക്കാന്‍ കഴിഞ്ഞു, നെഗറ്റീവ്സ് ഒന്നുമില്ല. ഭവന സന്ദര്‍ശനവും പോഷകസംഘടനാ പ്രവര്‍ത്തകരുടെ യോഗങ്ങളും കണ്‍വന്‍ഷനുകളും കഴിഞ്ഞ് മൂന്നാംഘട്ട പര്യടനം തുടങ്ങിക്കഴിഞ്ഞു.
സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണല്ലോ?
കേരളത്തിന് അര്‍ഹതപ്പെട്ട കേന്ദ്ര വിഹിതം ലഭിക്കാതെ പോകുന്നുണ്ട്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ കേരളം മാതൃകാപരമായ നേട്ടമുണ്ടാക്കി. അത് ഒരു അപരാധമായാണ് കേന്ദ്രം കാണുന്നത്. ആമേഖലയില്‍ ലഭിക്കേണ്ട വിഹിതത്തില്‍ കാര്യമായ കുറവുണ്ടായി.
സംസ്ഥാനം ഭരിച്ച സര്‍ക്കാരുകള്‍ക്ക് ഈ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മാറിനില്ക്കാന് കഴിയുമോ?
മാറിമാറി വന്ന സര്‍ക്കാരുകള്‍ സംസ്ഥാനത്തിന്റെ വികസനകാര്യത്തില്‍ കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അത് എല്ലായിപ്പോഴും നടന്നു പോകണം.
കാര്‍ഷിക മേഖലയില്‍ റബ്ബര്‍, നെല്ല്, നാളികേരം എന്നിവ വിലത്തകര്‍ച്ചയിലാണ്. ഈ മേഖലയെ രക്ഷിക്കാന്‍ താങ്കളുടെ പാര്‍ട്ടിയുടെ എംപി എന്ത് ചെയ്തു ?
റബ്ബറിന്റെ കാര്യത്തില്‍ ആഗോള വിപണിയിയാണ് വില നിശ്ചയിക്കുന്നത്. അത് കേന്ദ്ര സര്‍ക്കാരിനെ ആശ്രയിച്ചാണ് ഇരിക്കുത്. സംസ്ഥാനത്തിന് പരിമിതിയുണ്ട്.
വിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ രാജഭരണകാലം മുതലേ കേരളം വലിയ മുന്നേറ്റം ഉണ്ടാക്കിയിരുന്നില്ലേ?
അടിസ്ഥാന സൗകര്യ വികസനത്തില്‍ പിന്നീട് കേരളം വലിയ മുന്നേറ്റം ഉണ്ടാക്കി. ഗ്രാമീണ മേഖലയില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബ ആരോഗ്യ കേന്ദ്രങ്ങളും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളുമായി ഉയര്‍ന്നു. ആരോഗ്യം, വിദ്യാഭ്യാസം, ഐ.ടി, ടെക്നോളജി ഇവയുടെ അടിസ്ഥാനത്തില്‍ വികസനം ഉണ്ടാവണം. സെന്‍ട്രല്‍ എക്സലന്‍സ് 90% ആയിരുന്നത് വെട്ടിക്കുറച്ച് 50% ല്‍ താഴെയായി.
പ്രകൃതി സമ്പത്തിന്റെ കാര്യത്തില്‍ സമ്പന്നമായിരുന്ന കേരളത്തെ ഇന്നത്തെ പ്രതിസന്ധിയില്‍ ആക്കിയത് സര്‍ക്കാരുകളുടെ ദീര്‍ഘവീക്ഷണമില്ലാത്തതും ഭാവനാശൂന്യവുമായ നയപരിപാടികള്‍ അല്ലെ, പരിഹാരം എന്താണ്?
കേരളം ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റ് ആണ്. വലിയ വ്യവസായങ്ങള്‍ വരാന്‍ ഇവിടെ സ്ഥലമില്ല. ബഫര്‍സോണ്‍, സി.ആര്.ഇസഡ്, നദീതടം ഇവയെല്ലാം കഴിഞ്ഞ് 30% ഭൂമിയേ ജനങ്ങള്‍ക്ക് താമസിക്കാനായി ഇവിടെയുള്ളു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ തകര്‍ച്ച മൂലം വിദ്യാര്‍ത്ഥികളും യുവാക്കളും നാടുവിട്ട് പോകുന്ന കാലമാണല്ലോ ഇത്. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചും പരിഹാരത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാട് എന്താണ്? വിദേശ സര്‍വ്വകലാശാലകളുടെ കടന്നുവരവിനെ സ്വാഗതം ചെയ്യുന്നുണ്ടോ?
അതെല്ലാം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ചെയ്യേണ്ട കാര്യങ്ങളാണ്. ഐബിഎം, ഗൂഗിള്‍ എല്ലാം ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാന്‍ കഴിയുന്നില്ല. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും കാര്യങ്ങള്‍ ചെയ്യാനും കഴിയുക കേന്ദ്രത്തിനാണ്.
വിദ്യാഭ്യാസ മേഖലയുടെ ശുദ്ധീകരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എടുക്കുന്ന നടപടികളെ എങ്ങിനെ വിലയിരുത്തുന്നു?
ഗവര്‍ണറുടെ നയങ്ങളോട് യോജിക്കുന്നില്ല. തെറ്റുകള്‍ ചൂണ്ടിക്കാണിക്കാം. ഇപ്പോള്‍ ഗവര്‍ണര്‍ നടത്തുന്നത് വെല്ലുവിളിയാണ്.
വിദ്യാര്‍ത്ഥി രാഷ്ട്രീയം കാമ്പസ് ഭീകരതയിലേയ്ക്ക് മാറുന്നതിനെക്കുറിച്ച്?
അത്തരം പ്രവണതകളോട് ഒരുവിധത്തിലും യോജിക്കുന്നില്ല.
ഇടത് മുന്നണിയില്‍ നില്‍ക്കുമ്പോഴും സിപിഎമ്മുമായി പലയിടത്തും തര്‍ക്കങ്ങള്‍ ഉണ്ടല്ലോ. അവ പരിഹരിച്ചോ?
ഗൗരവമുള്ള തര്‍ക്കങ്ങള്‍ ഇല്ല. പ്രാദേശികമായുള്ള ചില അഭിപ്രായവ്യത്യാസങ്ങള്‍ മുന്നണി ബന്ധത്തെ ബാധിക്കില്ല.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുമുന്നണി നേട്ടം ഉണ്ടാക്കിയപ്പോള്‍ മുന്നണിയിലെ പ്രധാന കക്ഷിയായ കേരളകോണ്‍ഗ്രസിന് തോല്‍വി സംഭവിച്ചു. സിപിഎം മിഷനറി വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചില്ലെന്ന് തോന്നുന്നുണ്ടോ?
അങ്ങിനെ തോന്നിയിട്ടില്ല.
കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ ആയിരുന്നെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലായില്‍ വിജയിക്കാന്‍ കഴിയുമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ?
യുഡിഎഫില്‍ നിന്ന് പുറത്താക്കിയതല്ലെ, പിന്നീട് അതിനേക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല.
കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന ഏക സീറ്റാണ് കോട്ടയം. വിജയസാദ്ധ്യത എങ്ങിനെ? ജയിച്ചില്ലെങ്കില്‍ തിരിച്ചടി ആകില്ലേ?
വിജയം സുനിശ്ചിതം
എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളിയുടെ വരവ് എങ്ങിനെ കാണുന്നു?
ഞങ്ങളുടെ വിജയത്തേക്കുറിച്ച് മാത്രമെ ചിന്തിക്കുന്നുള്ളു.
നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ വരുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. സംസ്ഥാനത്തിന്റെ വികസനവും കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആഗ്രഹിക്കുന്ന കേരളകോണ്‍ഗ്രസ് ഒരു മുന്നണി മാറ്റത്തിന് ശ്രമിക്കുമോ?
ഇടത് മുന്നണിയില്‍ ഉറച്ച് നില്ക്കും. ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി അധികാരത്തില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: