പിലിഭിത്ത്: കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും സിഎഎയെ എതിര്‍ക്കുന്നത് പ്രീണനരാഷ്ട്രീയം മൂലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയല്‍രാജ്യങ്ങളില്‍ മതത്തിന്റെപേരില്‍ പീഡനം ഏറ്റുവാങ്ങുന്ന ന്യൂനപക്ഷങ്ങള്‍ക്ക് നമ്മളല്ലാതെ ആരാണ് പൗരത്വം നല്‍കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ കേന്ദ്രമന്ത്രി ജിതിന് പ്രസാദയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
പ്രാണപ്രതിഷ്ഠാച്ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് ഭഗവാന് രാമനെ അപമാനിച്ചവരാണ് ഇന്‍ഡി മുന്നണിയുടെ നേതാക്കളെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രീണനരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് മുങ്ങിപ്പോയിരിക്കുന്നു. അതില്‍നിന്ന് ഇനി അവര്‍ക്ക് പുറത്തുവരാനാകില്ല. മുസ്ലീംലീഗ് അജണ്ടയാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍. സ്വന്തമായി ഒന്നും പറയാനില്ലാത്ത പാര്‍ട്ടിയായി അവര്‍ മാറിയിരിക്കുന്നു.
രാജ്യത്തെ ജനങ്ങളാണ് അയോദ്ധ്യയിലെ രാമക്ഷേത്രം നിര്‍മ്മിച്ചത്. ഇന്‍ഡി മുന്നണിയിലെ പാര്‍ട്ടികള്‍ ക്ഷേത്രനിര്‍മ്മാണത്തിനെതിരെ എപ്പോഴും വിദ്വേഷമാണ് പ്രചരിപ്പിച്ചത്. എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് കോടതിയിലാകാമായിരുന്നു. അത് ചെയ്തില്ല. സംഘാടകര്‍ നിങ്ങളെ പ്രാണപ്രതിഷ്ഠാച്ചടങ്ങിന് ആദരവോട് ക്ഷണിച്ചു. നിങ്ങളത് നിരസിച്ചു. നിങ്ങള്‍ ഭഗവാന് രാമനെ അപമാനിച്ചു. നിങ്ങളുടെ അനുവാദമില്ലാതെ പങ്കെടുത്ത പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കി. നിങ്ങള്‍ ചെയ്ത തെറ്റ് ജനങ്ങള്‍ നിങ്ങളെ ബോധ്യപ്പെടുത്തും, മോദി പറഞ്ഞു.
രാജ്യം പുതുവര്‍ഷം ആഘോഷിക്കുകയായാണ്. ചൈത്രനവരാത്രിക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. എല്ലാവരും ശക്ത്യാരാധനയില് മുഴുകുന്ന കാലമാണിത്. പിലിഭിത്തിലെ ഈ മഹാറാലിയും ശക്തിയുടെ പ്രകടനമാണ്. ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍ എന്നാണ് എവിടെയും മുഴങ്ങുന്നത്, പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: