തിരുവനന്തപുരം: ദേശീയ പോഷണ്‍ അഭിയാന് പദ്ധതിയുടെ ഭാഗമായുള്ള പുസ്തക വിതരണം സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞു. കേന്ദ്ര സഹായത്തോടെ അച്ചടിച്ച് സംസ്ഥാനത്തെ 33,115 അങ്കണവാണികള് വഴി വിതരണം ചെയ്യാന്‍ തയാറാക്കിയ ‘ശരിയായ പോഷകം, നാടിന് പ്രകാശം’ എന്ന പുസ്തകമാണ് ഒരു വര്‍ഷമായിട്ടും വിതരണം ചെയ്യാതെ തടഞ്ഞുവച്ചിരിക്കുന്നത്. പുസ്തകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും അദ്ദേഹത്തിന്റെ വാക്കുകളുമുള്പ്പെടുത്തിയതിനാലാണ് പുസ്തകം തടഞ്ഞുവച്ചത്. ‘കുട്ടിക്കാലത്ത് എത്ര മികച്ച പോഷകാഹാരം ലഭിക്കുന്നുവോ അത്രയും മികച്ച മാനസിക വികാസം നടക്കുന്നു. കുഞ്ഞിന്റെ ശരിയായ പോഷകാഹാരത്തിന്, അമ്മയ്ക്ക് സമ്പൂര്‍ണ പോഷകാഹാരം ലഭിക്കേണ്ടത് അത്യാവശ്യമാണ്’ എന്ന വാക്യവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും പുസ്തകത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയമാണ് ചിത്രകഥാരൂപത്തിലുള്ള പുസ്തകം തയാറാക്കിയത്. ശരിയായ പോഷകം നാടിന്പ്രകാശം, ഗര്‍ഭവതികളുടെ കൂട്ടുകാരി മുലയൂട്ടുന്ന അമ്മമാരുടെ സുഹൃത്ത്, പതിവായ വാക്സിനേഷന് ആരോഗ്യകരമായ ജീവിതം, ശരിയായ ഭാരം ശരിയായ വളര്‍ച്ച, താരാ റം പം, കാണിക്കൂ ചെറുധാന്യത്തിന് ശക്തി, അമ്മയും ചെറിയമ്മയും അമ്മായിയും യഥാര്‍ത്ഥ പോഷകം നേടുന്നു, അഭിനന്ദനങ്ങള്‍, സബാഷ് എന്നി അധ്യായങ്ങളാണ് 30 പേജുള്ള പുസ്തകത്തിലുള്ളത്.
നവജാത ശിശുക്കള്‍, ഗര്‍ഭിണികള്‍, അമ്മമാര്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവരുടെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ പോഷണ്‍ അഭിയാന് പദ്ധതിയുടെ ബോധവത്കരണത്തിനായാണ് പുസ്തകം തയാറാക്കിയതും അങ്കണവാടികള്‍ വഴി വീടുകളില്‍ വിതരണം ചെയ്യാനും നിശ്ചയിച്ചത്. എന്നാല്‍ ഈ പുസ്തകങ്ങളുടെ ലക്ഷക്കണക്കിന് കോപ്പികളാണ് വിതരണം ചെയ്യാന്‍ പാടില്ലെന്ന് ഉന്നത കേന്ദ്രങ്ങളുടെ വാക്കാലുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് കെട്ടിക്കിടക്കുന്നത്.
രാജ്യത്തെ ഉയര്‍ന്ന തോതിലുള്ള പോഷകാഹാരക്കുറവിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വിവിധ കാലഘട്ടങ്ങളില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. 1975ല്‍ ആരംഭിച്ച സമഗ്ര ശിശു വികസന പദ്ധതി, 1993ല്‍ ആരംഭിച്ച ദേശീയ പോഷകാഹാര നയം, 1995ല്‍ ആരംഭിച്ച ഉച്ചഭക്ഷണ പരിപാടി, 2013ല്‍ ആരംഭിച്ച ദേശീയ ആരോഗ്യ ദൗത്യം തുടങ്ങിയവ അവയില്‍ ചിലതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനില്‍ നിന്ന് 2018 മാര്‍ച്ച് 8 നു തുടക്കമിട്ട പദ്ധതിയാണ് പോഷണ്‍ അഭിയാന്. സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുള്ള ദൗത്യമാണ് പോഷണ്‍ അഭിയാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: