അമ്പലപ്പുഴ കാക്കാഴം വെള്ളം തെങ്ങില്‍ എം. മനോജ് ഇന്ന് മൂന്ന് ചെറുപ്പക്കാര്‍ക്ക് ശമ്പളം നല്കുന്ന തൊഴിലുടമയാണ്. കുറേനാള്‍ മുമ്പ് വരെ മറ്റൊരാള്‍ക്ക് കീഴില്‍ ജോലി ചെയ്തിരുന്ന മനോജിനെ സംരംഭകനാക്കിയത് മോദി സര്‍ക്കാരും.
ഇത് ചാരിതാര്‍ത്ഥ്യത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണ്. എന്നെപ്പോലെ സംരംഭകനാകാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും രാജ്യത്ത് ഇന്ന് അതിന് അവസരമുണ്ട്. പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം പ്രകാരം ഒന്‍പത് ലക്ഷം രൂപ വായ്പയെടുത്ത് ആരംഭിച്ചതാണ് സിനിമാക്കാര്‍ക്ക് ഗിമ്പല്‍ വാടകയ്‌ക്ക് നല്കുന്ന യൂണിറ്റ്, മനോജ് പറയുന്നു.
കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ പദ്ധതിയിലൂടെ സംരംഭകനാകാന്‍ സാധിച്ചതിന്റെ അഭിമാനം മനോജ് മറച്ചുപിടിക്കുന്നില്ല. കഴിഞ്ഞ ദിവസം വരെ ഒരാളുടെ കീഴില്‍ ജോലി ചെയ്തിരുന്ന ഞാന്‍ പ്രധാനമന്ത്രിയുടെ പുതിയ പദ്ധതിയിലൂടെ മൂന്ന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന ആളായി മാറി, ഇതിന് മുന്‍പ് പല തവണ, പല ബാങ്കുകളില്‍ സ്വയം തൊഴിലിനായി വായ്പയ്‌ക്കായി കയറിയിറങ്ങി. ബാങ്കുകളുടെ പടി ചവിട്ടി തളര്‍ന്നതല്ലാതെ വായ്പകളൊന്നും ലഭിച്ചില്ല. പിഎംഇജിപി പദ്ധതിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ത്തന്നെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, സ്ഥലത്തിന്റെ സ്‌ക്കെച്ച്, കരമടച്ച രസീത് എന്നിവ അമ്പലപ്പുഴ കാനറാ ബാങ്കില്‍ ഹാജരാക്കി. രണ്ട് മാസത്തിനുള്ളില്‍ ഒന്‍പത് ലക്ഷം രൂപ വായ്പ ലഭിച്ചു. അതിന്റെ ഫലമാണ് നീര്‍ക്കുന്നം അപ്പക്കല്‍ കാവിന് സമീപം ഗിമ്പല്‍’ വാടകയ്‌ക്ക് നല്‍കുന്ന സ്വയം തൊഴില്‍ സംരംഭം, മനോജ് ചൂണ്ടിക്കാട്ടി.
തുടക്കത്തില്‍ 20,000 രൂപയായിരുന്നു പ്രതിമാസ തിരിച്ചടവ്. സബ്‌സിഡി ലഭിച്ചതോടെ ഇത് 15,000 രൂപയായി കുറഞ്ഞു. ഒരു സ്വയം തൊഴില്‍ സംരംഭത്തിന് ഉടമയാകുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. അത് സാക്ഷാത്ക്കരിച്ചതിന് ഏറ്റവും കടപ്പെട്ടിരിക്കുന്നത് പ്രധാനമന്ത്രിയോടും കേന്ദ്ര സര്‍ക്കാരിനോടുമാണ്, മനോജ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: