മുംബൈ: പ്രകാശ് അംബേദ്കറെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ അവസാനവട്ട നീക്കവും പാളിയതോടെ വഞ്ചിത് ബഹുജന്‍ അഘാഡി (വിബിഎ)യെ ഒഴിവാക്കി മഹാരാഷ്‌ട്രയില്‍ മഹാവികാസ് അഘാഡി സീറ്റ് വിഭജനം പൂര്‍ത്തിയായി. തെരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് സീറ്റ് വിഭജനം അന്തിമമാക്കാനായത്.
മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം 21 സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് 17 സീറ്റുകളിലും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി 10 ഇടങ്ങളിലും മത്സരിക്കും.
മുംബൈയിലെ ആറില്‍ നാല് സീറ്റുകളിലും ഉദ്ധവിന്റെ സേനയ്‌ക്കാണ് നല്‍കിയിരിക്കുന്നത്. നോര്‍ത്ത് വെസ്റ്റ്, സൗത്ത് സെന്‍ട്രല്‍, സൗത്ത്, സൗത്ത് ഈസ്റ്റ് മുംബൈ സീറ്റുകളിലാണ് സേന സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുക. നോര്‍ത്തിലും നോര്‍ത്ത് സെന്‍ട്രല്‍ മുംബൈയിലും കോണ്‍ഗ്രസ്. 2019- ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തില്‍ മത്സരിച്ച ശിവസേനയ്‌ക്ക് ഈ ആറില്‍ മൂന്ന് സീറ്റുകളില്‍ വിജയിക്കാനായിരുന്നു. മൂന്ന് സീറ്റ് ബിജെപിയും നേടി.
കഴിഞ്ഞ തവണ മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിച്ച പ്രകാശ് അംബേദ്കറെ രാജ്യസഭാസീറ്റ് നല്‍കി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എട്ട് സീറ്റുകള്‍ വേണമെന്നായിരുന്നു പ്രകാശ് അംബേദ്കറിന്റെ ആവശ്യം.
ചര്‍ച്ചകള്‍ ഫലം കാണാതിരുന്നതോടെ പ്രകാശ് അംബേദ്കര്‍ 20 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. അകോല മണ്ഡലത്തിലാണ് അംബേദ്കര്‍ മത്സരിക്കുന്നത്. മത്സരരംഗത്തുനിന്ന് പിന്മാറുകയാണെങ്കില്‍ രാജ്യസഭാസീറ്റാണ് പ്രകാശ് അംബേദ്കര്‍ക്ക് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക