ക്ഷേത്രദര്‍ശനം നടത്തുന്ന സാധാരണക്കാരന് ചെയ്യുന്ന ക്രിയയില്‍ ഒന്നാണല്ലോ പ്രദക്ഷിണം വെക്കുകയെന്ന ചടങ്ങ്. ദേവനെ ഒരു കേന്ദ്രബിന്ദുവായി കല്പിച്ച് അതിനുചുറ്റും ഘടികാരത്തിന്റെ സൂചികള്‍ കറങ്ങുന്ന ക്രമമനുസരിച്ച് വര്‍ത്തുളാകാരത്തില്‍ സാവധാനം നടന്നുനീങ്ങുക എന്നതത്രേ പ്രദക്ഷിണം.
ദേവപ്രീതീകരണമാണെന്നാണ് ഈ പ്രക്രിയയെ പറയുന്നത്. ശ്രീകോവിലിനുചുറ്റും ഇന്ദ്രാദി ദ്വിക്പാലകന്മാരേയും മറ്റുചില ദേവന്മാരേയും പ്രതിഷ്ഠിച്ചവയായ ബലിക്കല്ലുകള്‍ കാണാം. ആ ബലിക്കല്ലുകള്‍ വരെയുള്ള സ്ഥലത്തെയാണ് അന്തഹാര അഥവാ അന്തര്‍മണ്ഡലം എന്ന് വിവരിക്കുന്നത്. അതിനുപുറത്തുകൂടി വേണം പ്രദക്ഷിണം വെക്കാന്‍ എന്നതാണ് വിധി.
ഭക്തന് (അതായത് ദീക്ഷിതന്‍) ഗര്‍ഭഗൃഹത്തെയല്ല പ്രദക്ഷിണം വെക്കേണ്ടത്. ലോകപാലപ്രതിഷ്ഠചെയ്ത അന്തര്‍മണ്ഡലത്തെയാണ്. അങ്ങനെ ചെയ്ത പ്രദക്ഷിണത്തിന്റെ മൂന്ന് മടങ്ങ് ഫലം കിട്ടുന്നതാണ് നാലമ്പലത്തിനെ വലത്തുവെച്ചാല്. പുറത്തെ ബലിക്കല്ലുകളുടേയും പുറത്തുകൂടി ക്ഷേത്രത്തിന്റെ മതില്കെട്ടിന്റെ പുറമേക്കൂടി പ്രദക്ഷിണം വെച്ചാല്‍ ആദ്യത്തേതിന്റെ നാലിരട്ടി ഫലം കിട്ടുന്നതാണ്. മഹാമര്യാദ അഥവാ വലിയ മതില്കെട്ടിന്റെ പുറത്തുകൂടി മുഴുവനായി പ്രദക്ഷിണം വെച്ചാല്‍ നൂറിരട്ടി ഫലവും ലഭിക്കുമെന്നാണ് ഇതിന്നര്‍ത്ഥം. അന്തര്‍ മണ്ഡലമെന്നതു ദേവന്റെ മുഖത്തെയും സൂക്ഷ്മമായ മാനസിക ശരീരത്തേയും നാലമ്പലവും മതില്‍ക്കെട്ടും അരവരെയുള്ള വിഭാഗങ്ങള്‍ ഉള്‍പ്പെട്ടതുമായ ദേവന്റെ സ്ഥൂല സൂക്ഷ്മാദി ദേഹസമുച്ചയത്തേയും സൂചിപ്പിക്കുന്നു എന്നോര്‍ത്താല്‍ ഈ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാകും.
(ആര്‍എസ്എസ് പ്രചാരകനും തന്ത്രവിദ്യാപീഠം സ്ഥാപകനും കേരള ക്ഷേത്ര സംരക്ഷണസമിതി അമരക്കാരനുമായിരുന്ന പി. മാധവ്ജിയുടെ ‘ക്ഷേത്ര ചൈതന്യ രഹസ്യം’ ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: