വീടിന്റെ വടക്കുകിഴക്ക് (ഈശാനകോണ്) ഭാഗത്തിന്റെ പ്രത്യേകതകള്‍ എന്താണ്?
വീട് പണിയുമ്പോള്‍ സാധാരണ വടക്കുഭാഗവും കിഴക്കുഭാഗവും സ്ഥലം കൂടുതല്‍ വിടേണ്ടതാണ്. എന്നാല്‍ തെക്കുഭാഗവും പടിഞ്ഞാറുഭാഗവും കുറച്ചു സ്ഥലം വിട്ടാല്‍ മതിയാകും. ഒരു വീടു പണികഴിപ്പിച്ച് ചുറ്റുമതില്‍ കെട്ടി കഴിഞ്ഞാല്‍ അത് ഒരു വാസ്തുമണ്ഡലമായി മാറി. ഭൂമി അതിന്റെ അച്ചുതണ്ടില്‍ 23.5 ഡിഗ്രി ചരിവില്‍ സൂര്യനെ ചുറ്റി വരുന്ന അതേ രീതിയില്‍ത്തന്നെയാണ് ഊര്‍ജം പ്രവഹിക്കുന്നത്. ഭൗമോര്‍ജം കൂടുതല്‍ ലഭിക്കുന്നത് ഭൂമിയില്‍ നിന്നാണ്. എന്നാല്‍ പ്രാപഞ്ചി കോര്‍ജം ലഭിക്കുന്നത് സൂര്യനില്‍ നിന്നും മറ്റു ഗ്രഹങ്ങളില്‍ നിന്നും നക്ഷത്രങ്ങളില്നിന്നുമാണ്. വടക്കുകിഴക്ക് ഭാഗത്ത് നിന്ന് വമിക്കുന്ന ഊര്ജപ്രവാഹത്തെ വീടിന്റെ തെക്കുഭാഗത്തേക്ക് തള്ള പ്പെടുകയും ദക്ഷിണധ്രുവത്തില്‍ നിന്നും വരുന്ന കാന്തിക ശക്തിയുമായി ബന്ധപ്പെട്ട് വീടിനുള്ളിലേക്കു വമിക്കുകയാണ് സാധാരണ ചെയ്യുന്നത്. ഉത്തരായനം, ദക്ഷിണായനം എന്ന രീതിയില്‍ സൂര്യന് ആറു മാസം വടക്കോട്ടും (ഉത്തരായനം) ആറു മാസം തെക്കോട്ടും (ദക്ഷിണായനം) മാറിയാണ് ഉദിക്കുന്നത്. ഒരു വീടിന് വടക്കുഭാഗവും കിഴക്കുഭാഗവും കൂടുതല്‍ സ്ഥലം വിടണമെന്നു പറയുന്നതും ഈ ഭാഗത്തു കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്നതിനുവേണ്ടിയാണ്.
ആരൂഢക്കണക്കുള്ള പഴയ തറവാടു വീടിനോടു ചേര്‍ത്ത് കോണ്‍ക്രീറ്റ് ബില്‍ഡിംഗ് പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
പണ്ടത്തെ വാസ്തുശാസ്ത്ര നിയമങ്ങള്‍ പരിപൂര്‍ണമായി ഉള്‍ക്കൊണ്ടു കൊണ്ടു പണിഞ്ഞിട്ടുള്ള ആരൂഢക്കണക്കിലുള്ള വീടുകളോട് ചേര്‍ത്ത് കോണ്‍ക്രീറ്റ് കെട്ടിടം പണിയുന്നതിനു വേണ്ടി പഴയ കെട്ടിടത്തിന്റെ കഴുക്കോലുകള്‍ അറുത്തു മുറിച്ചു മാറ്റി കെട്ടിടം ചേര്‍ത്തു പണിയുന്നത് വളരെയേറെ ആപത്ത് ഉണ്ടാക്കും. ഒന്നുകില്‍ പഴയ കെട്ടിടം പരിപൂര്‍ണമായി പൊളിച്ചുമാറ്റുക. അല്ലെങ്കില്‍ ഊര്‍ജപ്രവാഹത്തിന് തടസ്സം വരാത്ത രീതിയിലുള്ള ക്രമീകരണം ചെയ്തുകൊണ്ട് പഴയവീടിന് ക്ഷതം സംഭവിക്കാതെ വാസ്തുനിയമപ്രകാരമുള്ള അളവുകള്‍ക്ക് വിധേയമായി പുതിയഗൃഹം ചേര്‍ത്തു പണിയുന്നതില്‍ തെറ്റില്ല. എന്നാല്‍ ഈ പറഞ്ഞ കാര്യങ്ങള്‍ ഇക്കാലത്ത് പ്രാവര്‍ത്തികമാക്കാന്‍ പ്രയാസമാണ്. ആയതിനാല്‍ സ്ഥലം ഉണ്ടെങ്കില്‍ ചെറിയ വീടാണെങ്കിലും പഴയതിനോടു ചേര്‍ക്കാതെ പുതിയ ഗൃഹം പണിയുന്നതാണ് ആരോഗ്യത്തിനും ഐശ്വര്യത്തിനും സമ്പത്തിനും ദീര്‍ഘായുസ്സിനും നല്ലത്.
നിലവിലുള്ള സ്ഥലത്തോടും വീടിനോടും ചേര്‍ന്ന് സ്ഥലം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
താമസിച്ചുകൊണ്ടിരിക്കുന്ന വീടിനോടു ചേര്‍ത്ത് സ്ഥലം വാങ്ങുമ്പോള്‍ ഒന്നുകില്‍ വടക്കുഭാഗത്ത് വരുന്ന ഭൂമി അല്ലെങ്കില്‍ കിഴക്കുഭാഗത്ത് വരുന്ന ഭൂമി വാങ്ങുന്നതു നല്ലതാണ്. ഇങ്ങനെ ഭൂമി വാങ്ങിയിരുന്നാലും നിലവിലുള്ള വീടിന്റെ കോമ്പൗണ്ട് ഇടിച്ചു മറ്റതിനോടു ചേര്‍ത്തു ദീര്‍ഘിപ്പിക്കുമ്പോള്‍ അളവുകളുടെ കണക്ക് പ്രത്യേകം ശ്രദ്ധിക്കണം. അതല്ലെങ്കില്‍ നിലവില്‍ ഉണ്ടായിരുന്ന ഊര്‍ജ ലെവലിനു മാറ്റം സംഭവിക്കുകയും അത് ആ ഗൃഹത്തില്‍ വസിക്കുന്നവരെ ബാധിക്കുകയും ചെയ്യും. തെക്കും പടിഞ്ഞാറും ഒരു കാരണവശാലും നമ്മുടെ കോമ്പൗണ്ട് മതില് ഇടിച്ചു സ്ഥലം വാങ്ങി നീട്ടിയെടുക്കുന്നത് അപകടകരമാണ്. നല്ല ഭൂമി ആണെങ്കില്‍ കിഴക്കും വടക്കും വാങ്ങി ചേര്‍ക്കുന്നതില്‍ തെറ്റില്ല. വീട്ടു കോമ്പൗണ്ടിനോടു ചേര്‍ത്ത് റബ്ബര്‍ മരങ്ങള്‍ വളര്‍ത്തുന്നത് നല്ലതല്ല. പണ്ടു കാലത്ത് പറഞ്ഞിട്ടുള്ള വൃക്ഷങ്ങള്‍ തന്നെയാണു വീടിനു ചുറ്റും കോമ്പൗണ്ടിനകത്തും നിലനിറുത്തേണ്ടത്.
വീടുപണിയുന്ന സ്ഥലത്തിന്റെ ഗുണകരമായ കാര്യങ്ങള്‍?
വീടു പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് രത്നക്കല്ലുകളുടെ ഉറവിടം ഉണ്ടെങ്കില്‍ ആ ഭൂമി നല്ലതാണ്. പരിസരത്ത് തോടോ ചെറിയ നദികളോ പടിഞ്ഞാറുനിന്ന് കിഴക്കോട്ടും തെക്കുനിന്ന് വടക്കോട്ടും ഒഴുകുന്ന ഭൂമി നല്ലതാണ്. എല്ലാ സസ്യജാലങ്ങളും വളരുന്ന ഭൂമിയും ഈര്‍പ്പം കലര്‍ന്ന മണ്ണുള്ളതും നല്ലതാണ്. കൂടാതെ വീട് വയ്ക്കുന്ന സ്ഥലത്ത് രാവിലെ സൂര്യകിരണങ്ങള്‍ പതിയുന്നതും നല്ലതാണ്. ഒരു വര്‍ഷത്തില്‍ കേരളത്തില്‍ ഒമ്പതു മാസം തെക്കു പടിഞ്ഞാറന്‍ കാറ്റാണു ലഭിക്കുന്നത്. ബാക്കി മൂന്നുമാസം മാത്രമാണ് മറ്റു ദിക്കുകളില്‍ നിന്നുള്ള കാറ്റ് ലഭിക്കുന്നത്. വീടുവയ്ക്കുവാന്‍ ഉദ്ദേശിക്കുന്ന ഭൂമിയില്‍ കാറ്റിന്റെ ഗതി അനുയോജ്യമായ രീതിയില്‍ ആയിരിക്കണം. പാറയുള്ള ഭാഗം വീടുവയ്ക്കാന്‍ ഉപയോഗിക്കരുത്. മണലുള്ള ഭാഗം ഉത്തമമാണ്.
(തുടരും)
(വാസ്തുശാസ്ത്രവിദഗ്ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ‘സ്ഥപതി’യുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: