കൊച്ചി : ക്ഷേമ പെന്‍ഷന്‍ അവകാശമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ നല്‍കുന്ന സഹായം മാത്രമാണ് ക്ഷേമ പെന്‍ഷനെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാംഗ്മൂലത്തില്‍ പറയുന്നു.
ക്ഷേമ പെന്‍ഷന്‍ എപ്പോള്‍ വിതരണം ചെയ്യണമെന്ന് തീരുമാനമെടുക്കുന്നത് സര്‍ക്കാരാണ്. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെന്‍ഷനെന്നും നിയമം അനുശാസിക്കുന്ന പെന്‍ഷന്‍ ഗണത്തില്‍ പെടുന്നതല്ല അതെന്നും സര്‍ക്കാരിന്റെ മറുപടി സത്യവാംഗ് മൂലത്തില്‍ പറയുന്നു.
സംസ്ഥാനത്ത് അഞ്ച് വിഭാഗങ്ങളിലായി 45 ലക്ഷത്തിലധികം ആളുകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നു. കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് പുറമെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി പ്രത്യേക സഹായമായും പെന്‍ഷന്‍ വിതരണം ചെയ്യുന്നു. പെന്‍ഷന്‍ വിതരണത്തിന് ഒരു മാസം 900 കോടി രൂപയാണ് സര്‍ക്കാരിന് ചെലവ്. ഇതിന് പുറമെ ക്ഷേമ പെന്‍ഷനുകള്‍ക്കായി 90 കോടി രൂപ വേറെയും കണ്ടെത്തേണ്ടതുണ്ട്.
സാമൂഹ്യപെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ വിതരണം ചെയ്യാത്തതിന് കാരണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെതിരായ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക