കോട്ടയം: പുത്രവാല്‍സല്യം തുളുമ്പാനാകാതെ നെഞ്ചുനിറഞ്ഞു നില്ക്കുന്നു. കടുത്ത മനസംഘര്‍ഷം ആ മുഖത്തും ശരീരഭാഷയിലും വായിച്ചെടുക്കാം. എങ്കിലും നിവൃത്തിയില്ലാതെ എ.കെ.ആന്റണിയെന്ന പിതാവ് ആ മകനെ ഈസ്റ്റര്‍ മാസത്തില്‍ മൂന്നുവട്ടം തള്ളിപ്പറഞ്ഞു: അനില്‍ ആന്റണി തോല്‍ക്കണം, തോല്‍ക്കണം, ആന്റോ ആന്റണി ജയിക്കണം…
മകനെ തള്ളിപ്പറയാതെ കോണ്‍ഗ്രസില്‍ എങ്ങിനെ നില്ക്കാനാവും! അതിനാല്‍ മാത്രം. നെഞ്ചു നീറി കുറച്ചുവാക്കുകള്‍. അല്ലെങ്കില്‍ നാളെ കോണ്‍ഗ്രസില്‍ നിന്നുതന്നെ ചൂണ്ടുവിരല്‍ നീണ്ടുവരും, ഒറ്റുകാരന്, ഒറ്റുകാരന് എന്ന് സഹപ്രവര്‍ത്തകര്‍ ആര്‍ത്തുവിളിക്കും. പാര്‍ട്ടി പതാക പുതയ്ക്കാതെ പള്ളി സെമിത്തേരിയില്‍ കിടക്കേണ്ടിവരും.
കെ.പി.സി.സി. ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിലാണ് എ.കെ.ആന്റണി മകനെ തള്ളിപ്പറഞ്ഞത്. തന്റെ മതം കോണ്‍ഗ്രസ് ആണ്. പത്തനംതിട്ടയില്‍ പ്രചാരണത്തിനില്ല. ഇത്രയുമൊക്കെക്കൂടി ആന്റണി ഇടറിയ സ്വരത്തില്‍ പറഞ്ഞൊപ്പിച്ചു.
എന്നാല്‍ അച്ഛനോട് സഹതാപം മാത്രമെന്നാണ് പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി ഇതോട് പ്രതികരിച്ചത്. കോണ്‍ഗ്രസില്‍ ഉള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും അനില്‍ ആന്റണി പറഞ്ഞു.
അതേസമയം മകന് തോല്‍ക്കണമെന്ന ചിന്തിക്കുന്ന ഏക പിതാവ് ആന്റണി മാത്രമാകുമെന്ന് കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: