കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണം സിപിഎം നേതൃത്വത്തിന്റെ അറിവോടെ. കേസുകളില്‍ കുടുങ്ങിയ സിപിഎം നേതാക്കളെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അറസ്റ്റുചെയ്താല്‍ കാലാപം ഉണ്ടാക്കാനായി നിര്‍മ്മിച്ചതാണ് ബോംബുകള്‍. മുന്‍മന്ത്രിമാരായ തോമസ് ഐസക്ക്, എ സി മൊയ്തീന്, മുഖ്യമന്ത്രിയുടെ മകള്‍ വീണ എന്നിവരൊക്കെ വിവിധ കേസുകളില്‍ കുടുങ്ങി അറസ്റ്റിന്റെ വക്കിലാണ്. അറസ്റ്റ് രാഷ്ട്രീയമായി വലിയ തിരിച്ചടി ഉണ്ടാകുമെന്നതിനാല്‍ വലിയ തോതില്‍ കലാപം ഉണ്ടാക്കാന്‍ സിപിഎം തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണ് ബോംബ് നിര്‍മാണം.
ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ സി.പി.എം. പ്രവര്ത്തകന് മരിച്ചു. കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. സ്ഫോടനം നടന്നയുടനെ ഒളിവില്‍പ്പോയ മുഖ്യസൂത്രധാരന്‍ ഡി.വൈ.എഫ്.ഐ. കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ (31), കെ. അക്ഷയ് (29) എന്നിവരെയാണ് അന്വേഷണച്ചുമതലയുള്ള കൂത്തുപറമ്പ് എ.സി.പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
ഷിജാലിനെ കണ്ടെത്താന്‍ മൂന്നുദിവസമായി പൊലീസ് വ്യാപക തിരച്ചിലായിരുന്നു. ഇതിനിടെ ഉദുമല്‍പേട്ടില്‍ ഒളിവില്‍ കഴിഞ്ഞ ഇരുവരെയും പാലക്കാട് ബോര്ഡറില് വെച്ചാണ് പിടികൂടിയത്. മരിച്ച ഷിറില്‍ ഉള്‍പ്പെടെ 12 പേരാണ് കേസില്‍ ഉള്‍പ്പെട്ടത്.
ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി അമല്‍ ബാബു (28), മുളിയാത്തോട്ടെ സി.പി.എം പ്രവര്ത്തകന് കരിപ്പന കാട്ടില്‍ മിഥുന് (31) എന്നിവര്‍ ഉള്‍പ്പെടെ ആറുപേരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അശ്വന്ത്, വിനോദ്, വിനീഷ് എന്നിവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
പാനൂര്‍ സ്ഫോടനം വടകര മണ്ഡലത്തിലുള്‍പ്പെടെ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സിപിഎം നേതൃത്വത്തില്‍ അഭിപ്രായഭിന്നത. വടകരയില്‍ ശൈലജയുടെ തെരഞ്ഞെടുപ്പ് സാധ്യതയെ പ്രതികൂലമായി ബാധിക്കും.
വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ സിപിഎം സംസ്ഥാന കമ്മറ്റിയംഗമായ പി. ജയരാജനാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. അതുകൊണ്ടു തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ ബോംബു നിര്‍മ്മാണെത്ത ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ ഏറെയും വിരല്‍ ചൂണ്ടുന്നത് പി. ജയരാജനിലേക്കാണ്.
ടി.പി. ചന്ദ്രശേഖരന് വധക്കേസും സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയവും ചര്‍ച്ചയാകുന്ന വടകര മണ്ഡലത്തില്‍ ഇരുട്ടടിയായി മാറിയിരിക്കുകയാണ് പാനൂരിലെ സ്ഫോടനം. ഇതിനിടെ സംഭവത്തില്‍ തനിക്കെതിരെ ഉയരുന്ന പ്രചാരണങ്ങളെ സ്വന്തം നിലയില്‍ പ്രതിരോധിച്ച് ശൈലജ രംഗത്തു വന്നു.
പാനൂര്‍ സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം തെരയേണ്ടതില്ലെന്ന് അവര്‍ പറഞ്ഞു. ബോംബ് നിര്‍മ്മാണത്തിന് നേതൃത്വം നല്കിയ സഖാക്കളെ ന്യായീകരിക്കുകയും കൊല്ലപ്പെട്ടയാളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുകയും ചെയ്ത നേതാക്കളുടെ നടപടിയില്‍ തനിക്കുള്ള അപ്രിയമാണ് ശൈലജ പറഞ്ഞത്.. സ്ഫോടനക്കേസിലുള്‍പ്പെട്ട ആള്‍ക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ച് ശൈലജക്കെതിരായ സാമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: