കൊച്ചി: പാനൂര്‍ ബോംബു സ്ഫോടനത്തില്‍ അറസ്റ്റിലായവരെ ന്യായീകരിക്കാന്‍ പുതിയ ക്യാപ്സൂളുമായി സിപിഎം. അറസ്റ്റിലായത് അവിടെ സന്നദ്ധ പ്രവര്ത്തനത്തിനെത്തിയവരാണെന്ന വിചിത്ര വാദമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. അറസ്റ്റിലായ മീത്തല കുന്നോത്തുപറമ്പ് ഡിവൈഎഫ്ഐ യൂണിറ്റ് മുന്‍ സെക്രട്ടറിയും റെഡ് വോളന്റിയര്‍ ക്യാപ്റ്റനുമായ അമല്‍ ബാബുവിനെക്കുറിച്ചാണ് ഗോവിന്ദന് പറഞ്ഞത്.
സ്ഫോടനവുമായി ബന്ധമില്ലെന്നും തങ്ങള്‍ പണ്ടേ പുറത്താക്കിയ ഗുണ്ടകളാണ് സ്ഫോടനത്തില്‍ മരിച്ചയാളും പരിക്കേറ്റവരുമെന്നുമുള്ള പാര്‍ട്ടി നേതാക്കളുടെ ന്യായീകരണ ക്യാപ്സൂള്‍ ജനങ്ങള്‍ വിഴുങ്ങിയിരുന്നില്ല. പിന്നാലെയാണ് അറസ്റ്റിലായവരെ വെള്ള പൂശാന്‍ വിചിത്ര വാദം. മുമ്പ് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയവരെ പാര്ട്ടിക്കാര് തല്ലിച്ചതയ്ക്കുകയും പൂച്ചട്ടിയെടുത്തു തലയ്ക്കടിക്കുകയും ചെയ്തിരുന്നു. ഇതിനെ രക്ഷാപ്രവര്‍ത്തനമെന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചത് വലിയ വിവാദമാകുകയും പാര്‍ട്ടിക്കു നാണക്കേടുമുണ്ടാക്കി. അത്തരമൊരു വാദമാണ് ഇന്നലെ എം.വി. ഗോവിന്ദന് നിരത്തിയതും.
ഗോവിന്ദന്റെ വാക്കുകള്‍:
‘എവിടെയോ ബോംബു പൊട്ടിയത് സിപിഎമ്മിന്റെ തലയില്‍ വയ്ക്കാനുള്ള ശ്രമമാണ്. സ്ഫോടനത്തില്‍ മരിച്ചയാളുടെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചതാണ് വിവാദം. ആപത്തുണ്ടാകുമ്പോള്‍ അവിടെ പോകുന്നതും കുടുംബത്തെ ആശ്വസിപ്പിക്കുന്നതും മനുഷ്യത്വമാണ്. സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച കേസുകളിലെ പ്രതികളാണ് ബോംബു നിര്‍മിച്ചവരും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതും. പാനൂര്‍ സ്ഫോടനത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നു നേരത്തേ വ്യക്തമാക്കിയിരുന്നു.
എല്ലാം ചിതറിക്കിടക്കുന്ന ബോംബു പൊട്ടിയ സ്ഥലത്ത് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ മുന്‍പന്തിയില്‍ നിന്ന് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ യത്നിച്ച ഡിവൈഎഫ്ഐ സഖാവിനെയാണ് ഇപ്പോള്‍ പോലീസ് പിടിച്ചിരിക്കുന്നത്. അതു സംബന്ധിച്ചു കൃത്യമായ ധാരണ വേണം. ഇങ്ങനെയുള്ള സന്നദ്ധ പ്രവര്‍ത്തനം പോലും കുറ്റകൃത്യ പട്ടികയില്‍പ്പെടുത്തി കൈകാര്യം ചെയ്യാനാകില്ലല്ലോ. തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കമാണ്. സിപിഎമ്മിനെതിരേയുള്ള പ്രചാരണം മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തതാണ്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: