ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്ന വിജയം കൈവരിച്ചില്ലെങ്കില്‍ രാഹുല്‍ നേതൃസ്ഥാനം ഒഴിയണമെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പത്തു വര്‍ഷമായി ഭരണം പിടിക്കാനാകാത്ത രാഹുല്‍ വഴിമാറിക്കൊടുക്കുകയോ പ്രാപ്തരായവര്‍ക്ക് ചുമതല കൈമാറുകയോ വേണം, പ്രശാന്ത് കിഷോര്‍ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് പറഞ്ഞു.
പത്തുവര്‍ഷമായി വിജയിക്കാനാകാത്ത ഒരു ജോലി ആവര്‍ത്തിച്ചു കൊണ്ടിരുന്നാല്‍ അല്പം വിശ്രമിക്കുന്നതില്‍ തെറ്റില്ല. അടുത്ത അഞ്ചു വര്‍ഷം ആ ജോലി മറ്റൊരാളെ ഏല്പിക്കുകയാണ് വേണ്ടത്. സോണിയ അതു ചെയ്തിരുന്നു. രാജീവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സോണിയ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും 1991ല്‍ പി.വി. നരസിംഹ റാവുവിനെ ചുമതലയേല്പ്പിക്കുകയുമാണ് ചെയ്തത്, പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ മാത്രം ജയിച്ചാല്‍ കോണ്‍ഗ്രസിന് രാജ്യം ഭരിക്കാനാവില്ല. ഉത്തര്‍പ്രദേശിലും ബീഹാറിലും മധ്യപ്രദേശിലും ജയിച്ചില്ലെങ്കില്‍ വയനാട്ടില്‍ നിന്ന് ജയിച്ചിട്ട് പ്രയോജനമൊന്നുമില്ല. രാഹുല്‍ അമേഠി വിട്ടത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. 2014ല്‍ നരേന്ദ്രമോദി സ്വന്തം സംസ്ഥാനമായ ഗുജറാത്തിന് പുറമെ ഉത്തര്‍പ്രദേശില്‍ നിന്നും മത്സരിച്ചു. ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് വിജയിക്കുകയോ അവിടെ ശ്രദ്ധേയമായ സാന്നിധ്യമോ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ഭാരതത്തില്‍ ജയിക്കാന്‍ കഴിയില്ല.
ലോകമെമ്പാടുമുള്ള നല്ല നേതാക്കളുടെ ഒരു പ്രധാന ഗുണം അവര്‍ക്ക് അവരുടെ കുറവ് എന്താണ് എന്നറിയാം എന്നതാണ്. ആ കുറവുകള്‍ നികത്താന്‍ അവര്‍ പരിശ്രമിച്ചു കൊണ്ടിരിക്കും. എന്നാല്‍ രാഹുലിന് എല്ലാം അറിയാമെന്ന തോന്നലാണ്. സഹായത്തിന്റെ ആവശ്യം തിരിച്ചറിയുന്നില്ലെങ്കില്‍ നിങ്ങളെ ആര്‍ക്കും സഹായിക്കാന്‍ കഴിയില്ല. തനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യാന്‍ ഒരാളെ വേണമെന്ന് അദ്ദേഹം കരുതുന്നു. അത് സാധ്യമല്ല.
2019ല്‍ കോണ്‍ഗ്രസ് തോറ്റപ്പോള്‍ അധ്യക്ഷസ്ഥാനം രാജിവയ്ക്കുമെന്നാണ് രാഹുല്‍ പറഞ്ഞത്. നേതൃസ്ഥാനം മറ്റാരെയെങ്കിലും ഏല്‍പ്പിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അതിന് വിരുദ്ധമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജനചര്‍ച്ചയില്‍ പോലും മറ്റു നേതാക്കള്‍ക്ക് അഭിപ്രായം പറയാനാകുന്നില്ല. രാഹുല്‍ അഭിപ്രായം പറയേണ്ട വിഷയങ്ങളില്‍ പോലും അഭിപ്രായങ്ങള്‍ പറയുന്നില്ല. തോല്‍വികള്‍ക്കിടയിലും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് താനായിരിക്കണമെന്ന് രാഹുല്‍ നിര്‍ബന്ധം പിടിക്കരുത്.
തെരഞ്ഞെടുപ്പ് കമ്മിഷന്, ജുഡീഷ്യറി, മാധ്യമങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വിട്ടുവീഴ്ച ചെയ്തതിനാലാണ് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുന്നതെന്ന രാഹുലിന്റെ വാദവും പ്രശാന്ത് കിഷോര്‍ തള്ളി. 2014ല്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ നടന്ന തെരഞ്ഞെടുപ്പിലാണ് അവരുടെ സീറ്റ് 206ല്‍ നിന്ന് 44 ആയി കുത്തനെ കുറഞ്ഞതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തെക്ക്, കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി വന്‍ മുന്നേറ്റം നടത്തും’
ന്യൂദല്‍ഹി: ഭാരതത്തിന്റെ തെക്കും കിഴക്കും സംസ്ഥാനങ്ങളിലും ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്ന് പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെട്ടു. തെക്ക് നിലവില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടും. തമിഴ്നാട്ടില്‍ വോട്ട് വിഹിതം ഇരട്ട അക്കത്തിലാകും. തെലങ്കാനയില്‍ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ എത്തും. ഒഡീഷയിലും ബംഗാളിലും ബിജെപി ഒന്നാമതെത്തും. ബിജെപിക്ക് മുന്നൂറിലധികം സീറ്റുകള്‍ നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: