ആലപ്പുഴ: കുപ്രചാരണങ്ങള്‍ക്കും, ഭീഷണികള്‍ക്കും മുന്നില്‍ പതറാതെ എന്‍ഡിഎയുടെയും സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്റെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കരുത്തോടെ മുന്നേറുന്നു. എന്‍ഡിഎയുടെ മുന്നേറ്റത്തില്‍ അസ്വസ്ഥരായ കരിമണല്‍ ലോബിയും, ഒരു വിഭാഗം മാദ്ധ്യമങ്ങളും സ്ഥാനാര്‍ത്ഥിക്കും, ബിജെപിക്കും എതിരെ അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ്. ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നതെന്ന വസ്തുത മറച്ചുപിടിച്ച് ഇടതുവലതു മുന്നണികളെ സഹായിക്കുക എന്ന തന്ത്രമാണ് ഇവര്‍ പയറ്റുന്നത്. എന്നാല്‍ ആലപ്പുഴയിലെ വോട്ടര്‍മാര്‍ ഇതെല്ലാം തള്ളിക്കളഞ്ഞ് ശോഭാസുരേന്ദ്രനെ ഏറ്റെടുത്തതോടെ ഭീഷണിയുമായി മറ്റൊരു സംഘം രംഗത്തെത്തി.
ഭീഷണിയ്ക്ക് മുന്നില്‍ നട്ടെല്ല് വളക്കില്ലെന്നും ആലപ്പുഴയ്ക്ക് നരേന്ദ്രമോദിയുടെ പ്രതിനിധിയാണ് വേണ്ടെതെന്ന് ജനങ്ങള്‍ തീരുമാനിച്ച് കഴിഞ്ഞെന്നും ശോഭാസുരേന്ദ്രന് പറഞ്ഞു. തീരത്തെയും തീരവാസികളെയും അവഗണിക്കുകയും, ചതിക്കുകയും ചെയ്ത ഇടതുവലതു മുന്നണികള്‍ക്കെതിരായ വിധിയെഴുത്താകും ഇത്തവണയുണ്ടാകുക. മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാണ്. അവരുടെ തൊഴില്‍മേഖല സംരക്ഷിക്കുന്നതില്‍ മാറിമാറി മണ്ഡലം പ്രതിനിധീകരിച്ചവര്‍ പരാജയപ്പെട്ടു. കൂടാതെ തീരശോഷണവും, കടല്‍ക്ഷോഭവും ജനജീവിതം ദുരിതപൂര്‍ണമാക്കി. തീരം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുന്നതിന് പകരം കരിമണല്‍ ലോബിക്ക് തീറെഴുതുകയാണ് ഭരണകൂടവും, ജനപ്രതിനിധികളും ചെയ്തത്. ഇതിനെതിരായ വിധിയെഴുത്തുണ്ടാകുമെന്ന ശുഭപ്രതീക്ഷയാണ് എന്‍ഡിഎയ്ക്കും സ്ഥാനാര്ത്ഥിക്കുമുള്ളത്.
ഇന്നലെ പിറന്നാള്‍ ദിനമായതിനാല്‍ ക്ഷേത്രദര്‍ശനത്തോടെയാണ് ശോഭാസുരേന്ദ്രന് പ്രചാരണം തുടങ്ങിയത്. എഎന്‍ പുരം വിരാട് വിശ്വകര്‍മ്മ ശ്രീ മുത്താരമ്മന്‍ കോവിലിലും കൊച്ചു മുല്ലയ്ക്കല് ക്ഷേത്രത്തിലും ദര്‍ശനം നടത്തി. പിന്നീട് ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിന്റെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്റ് മണ്ഡല തല നേതൃയോഗത്തില്‍ പങ്കെടുത്തു. അതിനുശേഷം മാദ്ധ്യമ പ്രവര്‍ത്തകരുമായി കുറച്ചുനേരം ചെലവിട്ടു.
ഉച്ചയ്ക്ക് ശേഷം കാര്‍ത്തികപ്പള്ളി മണ്ഡലത്തിലെ തീരദേശ മേഖലകള്‍ സന്ദര്‍ശിച്ചു. കടലാക്രണം പതിവായ പ്രദേശത്ത് സ്ഥാനാര്‍ത്ഥിയെത്തിയപ്പോള്‍ തങ്ങളുടെ ദുരിതം പറയാന്‍ നിരവധി പേരാണ് എത്തിയത്. ഊഷ്മള വരവേല്‍പ്പാണ് ശോഭാസുരേന്ദ്രന് ലഭിച്ചത്.
സുനാമി മുതല്‍ ഇക്കാലമത്രയും ഇടതുവലതു സര്‍ക്കാരുകളും ജനപ്രതിനിധികളും പ്രദേശത്തോട് കാണിച്ച അവഗണന പ്രദേശവാസികള്‍ അക്കമിട്ട് നിരത്തി. തീരമേഖലയോട് മോദി സര്‍ക്കാര്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. മത്സ്യമേഖലയ്ക്ക് കേന്ദ്രത്തില്‍ പ്രത്യേക വകുപ്പു വരെ രൂപീകരിച്ചു. ആലപ്പുഴയ്ക്ക് എന്‍ഡിഎ പ്രതിനിധിയുണ്ടായാല്‍ തീരത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം കയ്യടികളോടെയാണ് അവര്‍ ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: