ചെന്നൈ: സംവിധായകന്‍ കസ്തൂരി രാജയുടെ മകനും, സംവിധായകന്‍ സെല്‍വരാഘവന്റെ ഇളയ സഹോദരനുമായ നടന്‍ ധനുഷും, തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തും വേര്‍പിരിയുന്നു.
2022 മുതല്‍ വേര്‍പിരിഞ്ഞു കഴിയുന്ന ഇരുവരും ചെന്നൈ കുടുംബ കോടതിയിലാണ് വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. പരസ്പര സമ്മതത്തോടെയുള്ള അപേക്ഷയാണ് നല്‍കിയത്.
2004 നവംബര്‍ 18ന് ചെന്നൈയില്‍ വച്ചാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ധനുഷ്-ഐശ്വര്യ ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. യാത്ര, ലിംഗ എന്ന് പേരുള്ള രണ്ടുമക്കളാണ് ദമ്പതികള്‍ക്കുള്ളത്. ഏകദേശം 20 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനാണ് ഇരുവരും ഒദ്യോഗികമായി വിരാമമിടാന്‍ പോകുന്നത്.
2022 ജനുവരി 17നാണ് ഇരുവരും തങ്ങളുടെ വേര്‍പിരിയല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റിട്ടത്.
ധനുഷിന്റെയും, ഐശ്വര്യ രജനികാന്തിന്റെയും കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് ഇരുവര്‍ക്കുമിടയിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടിരുന്നു. എന്നാല്‍ ധനുഷും, ഐശ്വര്യയും വിവാഹമോചനം നേടാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും ചെന്നൈ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
2004ല്‍ നടന്ന തങ്ങളുടെ വിവാഹം അസാധുവായി പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഹര്‍ജി ഉടന്‍ വാദം കേള്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക