വടക്കാഞ്ചേരി: തണലും മധുരവും ഒരു കുടക്കീഴില്‍. വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ മുന്തിരിപ്പന്തലൊരുക്കി യുവാവ്. വീടിന്റെ ടെറസില്‍ പച്ചപ്പ് വിരിച്ചൊരുങ്ങിയ വള്ളികളില്‍ സ്വാദേറിയ മുന്തിരിക്കുലകളും വിളഞ്ഞതോടെ ആഹ്ലാദത്തിനും ഇരട്ടിമധുരം. പ്രവാസി കൂടിയായ കുമ്പളങ്ങാട് ചാഴിക്കുളം വീട്ടില്‍ സുജിത്താ(26)ണ് ടെറസില്‍ മികവിന്റെ മുന്തിരിക്കൃഷിയൊരുക്കിയത്.
വേനലില്‍ തണലൊരുക്കുന്ന പന്തലില്‍ വിശ്രമിക്കാം എന്നു മാത്രമല്ല പഴുത്ത മുന്തിരിങ്ങ കഴിച്ച് ആരോഗ്യവും സംരക്ഷിക്കാം. തണലൊരുക്കാന്‍ ആദ്യം ഫാഷന്‍ ഫ്രൂട്ട് കൃഷിയാണ് പരീക്ഷിച്ചത്. അതത്ര വിജയമായിരുന്നില്ല. പിന്നീടാണ് വീടിന്റെ അതിര്‍ത്തിയിലുണ്ടായിരുന്ന പച്ച മുന്തിരിയുടെ വള്ളി മുകളിലേക്ക് പടര്‍ത്തി വിട്ടത്. തൂങ്ങിയാടുന്ന മുന്തിരിക്കുലകള്‍ കാണുമ്പോള്‍ ലഭിക്കുന്ന മാനസികോല്ലാസം ചെറുതല്ലെന്നാണ് യുവാവിന്റെ ഭാഷ്യം. വീട്ടില്‍ വരുന്ന അതിഥികള്‍ക്കും മുന്തിരികള്‍ നല്‍കാറുണ്ട്.
യൂട്യൂബില്‍ നോക്കി വിവരങ്ങള്‍ ശേഖരിച്ചാണ് കൃഷിയുടെ പരിപാലനം. അവധി കഴിഞ്ഞ് സുജിത്ത് തിരികെ മടങ്ങിയാല്‍ പിന്നെ പരിപാലനച്ചുമതല അമ്മ ലത സഹോദരങ്ങളായ മനീഷ്, അജിത് പിതാവിന്റെ സഹോദര പത്‌നി ശകുന്തള എന്നിവര്‍ക്കാണ്. മധുരമേറിയ വിഷരഹിത മുന്തിരിക്കുലകള്‍ സ്വന്തമായി ഉത്പാദിപ്പിക്കാന്‍ കഴിയുന്നതിന്റെ സന്തോഷം പങ്കു വെക്കുകയാണ് കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: