ന്യൂദല്‍ഹി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും വിവിധ അനുമതികള്‍ ലഭ്യമാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന് സജ്ജമാക്കിയ സുവിധ പോര്‍ട്ടലിന് മികച്ച പ്രതികരണം. തെരഞ്ഞെടുപ്പു പ്രഖ്യാപനവും മാതൃകാപെരുമാറ്റച്ചട്ടവും നിലവില്‍ വന്നതുമുതല്‍ വെറും 20 ദിവസത്തിനുള്ളില്‍, സുവിധ പ്ലാറ്റ്ഫോമില്‍ ലഭിച്ചത് 73,379 അനുമതി അപേക്ഷകളാണ്.
രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സ്ഥാനാര്‍ത്ഥികളില്‍നിന്ന് ലഭിച്ച ഈ അപേക്ഷകളില്‍ 44,626 അപേക്ഷകള്‍ (60%) അംഗീകരിച്ചു. അപേക്ഷകളില്‍ 15%, ഏകദേശം 11,200 അപേക്ഷകള്‍ നിരസിച്ചു. 10,819 അപേക്ഷകള്‍ അസാധുവോ ഡ്യൂപ്ലിക്കേറ്റോ ആയതിനാല്‍ റദ്ദാക്കി. ഇന്നലെ വരെ ലഭ്യമായ വിശദാംശങ്ങള്‍ അനുസരിച്ച് ബാക്കി അപേക്ഷകള്‍ പരിഗണിച്ചുവരികയാണ്.
കേരളത്തില്‍ ഇതുവരെ 1,411 അപേക്ഷകളാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് തമിഴ്നാട്ടില്‍ നിന്നാണ് 23,239. രണ്ടാം സ്ഥാനത്ത് 11,976 അപേക്ഷകള്‍ ലഭിച്ച പശ്ചിമബംഗാളാണ്. 10,636 അപേക്ഷകള്‍ ലഭിച്ച മധ്യപ്രദേശാണ് മൂന്നാം സ്ഥാനത്ത്. ഏറ്റവും കുറവ് അപേക്ഷകള്‍ ലഭിച്ചത് ചണ്ഡീഗഡില്‍ നിന്നാണ്, 17. ലക്ഷദ്വീപില്‍ നിന്ന് 18, മണിപ്പൂരില്‍ നിന്ന് 20 അപേക്ഷകള്‍ ലഭിച്ചു.
പ്രചാരണയോഗങ്ങള്‍ സംഘടിപ്പിക്കല്‍, താല്‍ക്കാലിക പാര്‍ട്ടി ഓഫീസുകള്‍ തുറക്കല്‍, ഹെലികോപ്റ്ററുകള്‍ക്കുള്ള പെര്‍മിറ്റ്, വീഡിയോ വാനുകള്‍, മറ്റുവാഹനങ്ങള്‍ എന്നിവയ്ക്കുള്ള പെര്‍മിറ്റുകള്‍ തുടങ്ങിയവയ്ക്ക് സുവിധ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് അനുമതി നല്‍കുന്നത്. സുവിധ പോര്‍ട്ടല്‍ (https://suvidha.eci.gov.in) വഴി, രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എവിടെനിന്നും ഏതുസമയത്തും അനുമതി അപേക്ഷകള്‍ ഓണ്‍ലൈനില്‍ തടസമില്ലാതെ സമര്‍പ്പിക്കാം. കൂടാതെ, ഓഫ്ലൈനിലും അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.
അപേക്ഷകര്‍ക്ക് അവരുടെ അപേക്ഷകളുടെ നില തത്സമയം പിന്തുടരാന് സഹായിക്കുന്ന ആപ്ലിക്കേഷനും സുവിധയ്ക്കുണ്ട്. ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്. സുവിധ പ്ലാറ്റ്ഫോം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക മാത്രമല്ല, അപേക്ഷകളുടെ തത്സമയ പിന്തുടരല്, നിലവിലെ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍, സമയംരേഖപ്പെടുത്തിയുള്ള സമര്‍പ്പിക്കലുകള്‍, എസ്എംഎസ് വഴിയുള്ള ആശയവിനിമയം എന്നിവ നല്‍കുന്നതിലൂടെ സുതാര്യത ഉറപ്പാക്കുകയും ചെയ്യുന്നു. പോര്‍ട്ടലില്‍ ലഭ്യമായ അനുമതി ഡാറ്റ തെരഞ്ഞെടുപ്പു ചെലവുകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നതിനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: