തിരുവനന്തപുരം: പിഎം വിശ്വകര്‍മ്മ യോജനയിലൂടെ വിശ്വകര്‍മ്മ സമുദായത്തിന് പിന്തുണയും സഹായവും പ്രചോദനവും നല്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അകമഴിഞ്ഞ നന്ദി പറഞ്ഞും തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേറിന് നിര്‍ലോപമായ പിന്തുണ അറിയിച്ചും വിശ്വകര്‍മ്മ സമുദായം. കോട്ടയ്ക്കകം കാര്‍ത്തികതിരുനാള്‍ തിയേറ്ററില്‍ വിശ്വകര്മ്മവിഭാഗത്തിലെ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുടുംബസംഗമമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാംഭരണത്തിന് കരുത്തേകാന്‍ രാജീവ് ചന്ദ്രശേഖറിന് വിജയിപ്പിക്കാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരത്തെ വികസനത്തിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഇതൊരു നിയോഗമായി ഏറ്റെടുക്കുന്നു. നരേന്ദ്രമോദിയുടെ സ്ഥാനാര്‍ത്ഥിയാണെന്നതില്‍ അഭിമാനമുണ്ട്. മോദി ഭരണകാലത്ത് പത്തുവര്‍ഷം കൊണ്ട് ഭാരതത്തിന്റെ സമ്പത്തികരംഗം വളരെ മുന്നോട്ടു പോയി.
മുന്‍ സര്‍ക്കാരുകളുടെ ഭരണകാലത്ത് കഴിവുള്ളവര്‍ക്ക് പണം ലഭ്യമാകാന്‍ തടസമുണ്ടായിരുന്നു. അന്ന് ഇന്ത്യന്‍ ബാങ്കിംഗ് മേഖലയുടെ 98 ശതമാനവും ലോണുകള്‍ ലഭിച്ചിരുന്നത് എട്ടോ ഒന്‍പതോ കുടുംബങ്ങള്‍ക്കു മാത്രമായിരുന്നു. എന്നാല്‍ ഇന്ന് കഴിവുള്ളവര്‍ക്ക് പിഎം മുദ്ര, പിഎം സ്വാനിധി തുടങ്ങി നിരവധി പദ്ധതികളിലൂടെ സഹായം ലഭിക്കുന്നു. എല്ലാ ഭാതീയര്ക്കും അവസരം നല്‍കുക എന്നതാണ് നരേന്ദ്രമോദിയുടെ കാഴ്ചപ്പാട്. ഇന്ത്യെ മുന്നോട്ടുനയിക്കുന്ന എന്ന് ഈ നിലപാടിനുവേണ്ടിയാണ് താന്‍ മത്സരിക്കുന്നത്. മറിച്ച് ആളുകളോടെ നെഗറ്റീവ് കാര്യങ്ങള്‍ പറയാനും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് വോട്ടര്‍മാരെ പേടിപ്പിക്കാനും താനില്ല. ഇനി തിരുവനന്തപുരത്ത് കാര്യങ്ങള്‍ നടക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ഉറപ്പുനല്‍കി.
സ്വതന്ത്രഭാരതത്തില്‍ വിശ്വകര്‍മ്മ സമുദായത്തിന് നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്താണ് ഇത്തരമൊരു മുന്തിയ പരിഗണന ലഭിച്ചതെന്നു ‘നമ്മുടെ പ്രധാനമന്തി നമുക്കായി വിഭാവനം ചെയ്ത പി എം വിശ്വകര്‍മ്മ യോജന വിശകലനം’ ചെയ്തുകൊണ്ട് സംഘടിപ്പിച്ച വിശ്വകര്‍മ്മ കുടുംബ സംഗമത്തില്‍ അധ്യക്ഷത വഹിച്ച തമിഴ് വിശ്വകര്‍മ്മ സമൂഹം സംസ്ഥാന പ്രസിഡന്റ് ആര്.എസ്.മണിയന് പറഞ്ഞു.
വിശ്വകര്‍മ്മസമുദായത്തിലെ വിവിധ സംഘടനകളെ ഒരേ വേദിയില്‍ ഒരുമിപ്പിക്കാന്‍ സാധിച്ചത് നല്ലൊരു സൂചനയാണ്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഇവിടെ ജയിച്ചുപോയ ആള് കുറെ ഹൈമാസ്റ്റ് ലൈറ്റുകളല്ലാതെ എന്താണ് നല്‍കിയത്. നമ്മുടെ കൂട്ടത്തില്‍ വിവിധ രാഷ്ട്രീയ വിശ്വാസികള്‍ ഉണ്ടെങ്കിലും ഇത്തവണ നരേന്ദ്രമോദി സര്‍ക്കാരിനുവേണ്ടി പിന്തുണ നല്‍കണമെന്നും സമുദായത്തെ സഹായിച്ചവരെ തിരിച്ചു സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ നിറഞ്ഞകവിഞ്ഞ ആബാലവൃദ്ധം സദസ് നിറഞ്ഞ കൈയടികളോടെയാണ് രാജീവ് ചന്ദ്രശേഖറിന് പിന്തുണ അറിയിച്ചത്.
കുടുംബസംഗമം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ്ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. പിഎം വിശ്വകര്‍മ്മ യോജന വിശകലനം ചെയ്തുകൊണ്ട് ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ കുളനട അശോകന് സംസാരിച്ചു. വിവിധ വിശ്വകര്‍മ്മ സംഘടനാ നേതാക്കളായ, അഖിലകേരള വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന സെക്രട്ടറി കോട്ടയ്ക്കകം ജയകുമാര്‍, വൈസ്പ്രസിഡന്റ് കരമന ബാലകൃഷ്ണന്, ആള്‍കേരള കാര്‍പെന്റേഴ്സ് യൂണിയന് സംസ്ഥാന പ്രസിഡന്റ് വെള്ളനാട് സതീഷ്, സര്‍വ വിശ്വകര്‍മ്മ സംഘം സംസ്ഥന ജനറല്‍ സെക്രട്ടറി ഡോ.ജി.സന്തോഷ്കുമാര്‍, മലബാര്‍ വിശ്വകര്‍മ്മ സോഷ്യല്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് കളിപ്പാംകുളം ബാലചന്ദ്രന്, വിശ്വകര്‍മ്മ കുടുംബ സംഗമം സംസ്ഥാന പ്രസിഡണ്ട് അശോക് കുമാര്‍, കെഎസ്വിഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ്, സര്വവിശ്വകര്മ്മ സംഘം സംസ്ഥാന പ്രസിഡന്റ് വലിയശാല ബിന്ദു, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവന്‍കുട്ടി, ജില്ലാപ്രസിഡന്റ് വി.വി.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: