കോട്ടയം: വാഹന യാത്രക്കാര്‍ ശ്രദ്ധിക്കണം. ഏതു വാഹനവും എപ്പൊഴും തടഞ്ഞു പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ നിരത്തുകളിലുണ്ടാകും. നടി മഞ്ജു പിള്ളയുടെ വാഹനം ഇന്നലെ തടഞ്ഞു പരിശോധിച്ചത് വാര്‍ത്തയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് രേഖകളില്ലാതെ 50,000 രൂപയില്‍ കൂടുതല്‍ വാഹനത്തിലുണ്ടെങ്കില്‍ അധികൃതര്‍ക്ക് പിടിച്ചെടുക്കാം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍ ചേര്‍ന്ന് ഇത്തരത്തില്‍ പിടിച്ചെടുത്തത് 33.31 കോടി രൂപ മതിക്കുന്ന പണവും സ്വര്‍ണ്ണവും മറ്റു വസ്തുക്കളുമാണ്.
രേഖകളില്ലാത്ത കൊണ്ടുപോകുന്ന പണം പിടിച്ചെടുത്താല്‍ അത് സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ വേണ്ടിയല്ല എന്ന് തെളിയിക്കണം. എങ്കിലേ വിട്ടുകിട്ടൂ. 10 ലക്ഷം രൂപയിലേറെ കണ്ടെത്തിയാല്‍ അത് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറും.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണവും സമ്മാനങ്ങളും മറ്റും ഉപയോഗിക്കുന്നതാണ് തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം നടപടി സ്വീകരിക്കുന്നതിനു കാരണം. മദ്യം, ആയുധങ്ങള്‍ സ്വര്‍ണ്ണം, പതിനായിരം രൂപയിലേറെ വിലവരുന്ന സമ്മാനങ്ങള്‍ തുടങ്ങിയവയും പിടിച്ചെടുക്കാന്‍ വകുപ്പുണ്ട്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഒരു ലക്ഷം രൂപ വരെ കൈവശം വയ്ക്കാമെങ്കിലും അതിന് പാര്‍ട്ടി ട്രഷററുടെ കത്ത് കരുതണം. 10 ലക്ഷം രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുന്നുണ്ടെങ്കില്‍ അറിയിക്കാന്‍ ബാങ്കുകള്‍ക്കും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനും സമാധാനം പറയേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: