തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ കൈവശമുള്ള മെഡിക്കല്‍, ഹെല്‍ത്ത് ഡേറ്റ കനേഡിയന്‍ മരുന്നു ഗവേഷക സംഘത്തിന് കൈമാറാന്‍ ധാരണ. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന, ദുരൂഹമായ ഇടപാടാണിത്.
മുമ്പു പലകുറി ശ്രമിച്ചിട്ടും നടക്കാതെ പോയ നീക്കത്തിന് വീണ്ടും വഴിയൊരുക്കുന്നത് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലാണ്. ‘ട്രാന്‍സ്‌േലഷണല്‍ ഗവേഷണ’ത്തിന്റെ മറവിലുള്ള കൈമാറ്റത്തിനു നേതൃത്വം നല്കുന്നത് മരുന്നു ഗവേഷകനും മരുന്നു പരീക്ഷണ സ്ഥാപനമായ കാനഡയിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറും പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (പിഎച്ച്ആര്‍ഐ) എക്‌സിക്യൂട്ടീവ് ഡയറക്ടറും മലയാളിയുമായ പ്രൊഫ. സലിം യൂസഫാണ്. തെരഞ്ഞെടുപ്പു കോലാഹലങ്ങള്‍ക്കിടെ സര്‍ക്കാര്‍ കൈവശമുള്ള ഡേറ്റ തിരക്കിട്ട് കൈമാറാനും മരുന്നുകള്‍ പരീക്ഷിക്കാനുമാണ് നീക്കം.
2013 മുതല്‍ പലപ്പോഴായി, മരവിപ്പിച്ച സര്‍വേയും മരുന്നു പരീക്ഷണവുമാണ് വീണ്ടും കൊണ്ടുവരുന്നത്. ഇതിന് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ‘ട്രാന്‍സ്‌ലേഷനല്‍ ഗവേഷണ’ പദ്ധതിയും ആരോഗ്യ ശാസ്ത്ര ഗവേഷണ നയവും ദുരുപയോഗപ്പെടുത്തുന്നു. ആരോഗ്യ സര്‍വകലാശാല, മെഡിക്കല്‍ കോളജുകള്‍, നഴ്‌സിങ്, ഫാര്‍മസി, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികളുടെയും രോഗങ്ങളുടെയും വിവരങ്ങളും ആരോഗ്യ വകുപ്പിന്റെ കൈവശമുള്ള കാര്യങ്ങളും കൈമാറാനാണ് തീരുമാനം.
മലയാളികളില്‍ വ്യാപകമായ പകര്‍ച്ച വ്യാധികള്‍, ജീവിത ശൈലീ രോഗങ്ങള്‍, വാര്‍ധക്യസഹജമായ അസുഖങ്ങള്‍, പുകവലി, മദ്യപാനം, ഹൃദ്രോഗം, അവയവ മാറ്റങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും കൈമാറും. ആരോഗ്യരംഗത്തെ വിദ്യാര്‍ത്ഥികള്‍ക്കു പഠനാവശ്യത്തിനുള്ള സര്‍വേ വിവരങ്ങള്‍ വരെ കൈമാറ്റത്തിലുണ്ട്. നിരന്തരം പകര്‍ച്ചവ്യാധികളുണ്ടാകുന്ന സാഹചര്യത്തില്‍ അതേപ്പറ്റി ഗവേഷണം നടത്തണമെന്നും അതിന് സംസ്ഥാനത്തെ ഗവേഷകര്‍ക്കു സാങ്കേതിക സഹായം നല്കി സംയുക്ത ഗവേഷണം വേണമെന്നുമുള്ള പുകമറ സൃഷ്ടിച്ചാണ് ഡേറ്റ കൈമാറ്റം. മെഡി. കോളജുകളിലും ജില്ലാ ജനറല്‍ ആശുപത്രികളിലും മരുന്നും പരീക്ഷിക്കും. ഗവേഷണത്തിനുള്ള സാങ്കേതിക സഹായമെന്ന വ്യാജേന, കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമില്ലാതെ മരുന്നു പരീക്ഷണത്തിനും ഡേറ്റ കൈമാറ്റത്തിനുമാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: