പെര്‍ത്ത്: ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഭാരതത്തിന് കനത്ത തോല്‍വി. ആതിഥേയരായ ഓസ്ട്രേലിയയോട് 5-1നാണ് ഭാരതം പരാജയപ്പെട്ടത്. മലയാളി ഗോള്‍ കീപ്പര്‍ പി.ആര്. ശ്രീജേഷ് ഗോള്‍ വലയ്ക്ക് മുന്നില്‍ നടത്തിയ പ്രകടനമികവില്ലായിരുന്നെങ്കില് തോല്‍വിയുടെ ആഘാതം കൂടുതല്‍ കഠിനമായേനെ.
കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ ഓസ്ട്രേലിയ ആദ്യ ഗോള്‍ നേടി. ഒരു ഗോള്‍ നേട്ടത്തിലൂടെ തന്നെ ആത്മവിശ്വാസത്തിലായ ആതിഥേയര്‍ പ്രസ്സിങ് ഗെയിമുമായി ആക്രമണത്തിന് മൂര്‍ച്ഛ കൂട്ടി. ആദ്യ പത്ത് മിനിറ്റിനുള്ളില്‍ രണ്ടിലധികം കിടിലന്‍ സേവുകളാണ് ശ്രീജേഷ് നടത്തിയത്.
കളി മറന്നവരെ പോലെ ഉഴറിയ ഭാരത താരങ്ങള്‍ ഉണര്‍ന്നുകളിച്ചത് കളിയിലെ നാലാം ക്വാര്‍ട്ടറിലാണ്. അപ്പോഴേക്കും സമയം ഏറെ അതിക്രമിച്ചിരുന്നു. നാലാം ക്വാര്‍ട്ടറിന്റെ തുടക്കത്തിലാണ് ഭാരതം ആശ്വാസ ഗോള്‍ കണ്ടെത്തിയത്. 47-ാം മിനിറ്റില്‍ മികച്ചൊരു കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ഗുര്‍ജന്ത് സിങ് ആണ് ഭാരതത്തിന്റെ ഗോള്‍ നേടിയത്.
ഓസ്ട്രേലിയയ്ക്കായി രണ്ടാം ഗോള്‍ നേടിയ ടോം വിക്ഖാം ഇരട്ടഗോള്‍ നേടി. ആദ്യ ഗോള്‍ 20-ാം മിനിറ്റിലും രണ്ടാം ഗോള്‍ 38-ാം മിനിറ്റിലും. 37-ാം മിനിറ്റില്‍ ഓസ്ട്രേലിയയ്ക്കായി ജോയെല്‍ റിന്റാലയും ഗോള്‍ നേടി. കളിയുടെ മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ എതിരില്ലാത്ത നാല് ഗോളുകള്‍ വഴങ്ങി ഭാരതം മത്സരം കൈവിട്ട നിലയിലായി.
എങ്കിലും തളരാതെ പൊരുതിയ സന്ദര്‍ശകര്‍ ഒരുഗോള്‍ മടക്കി. ഒടുവില്‍ 57-ാം മിനിറ്റില്‍ ഫ്ലിന്‍ ഒജില്വീയിലൂടെ ഓസ്ട്രേലിയ കളിയിലെ അവസാന ഗോളും നേടി.
പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് പരമ്പരയിലെ എല്ലാ കളികളും നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: