ആലപ്പുഴ: സംസ്ഥാനത്ത് ഇടതുപക്ഷം ജയിക്കുമെന്ന് പറയാന്‍ തയാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയന് പക്ഷെ ഉറപ്പിച്ചു പറയുന്നു, ഇരുപതിടത്തും ബിജെപി ജയിക്കില്ലെന്ന്. രണ്ടാം സ്ഥാനത്ത് പോലും വരില്ലെന്ന്. ആലപ്പുഴയില്‍ പത്രസമ്മേളനത്തിലാണ് ബിജെപിയുടെ പരാജയം പിണറായി പ്രവചിച്ചത്. എന്നാല്‍ ആലപ്പുഴ മണ്ഡലത്തിലടക്കം സിപിഎം ജയിക്കുമെന്ന് പറയാന്‍ തയാറായതുമില്ല. ബിജെപി വന്‍ മുന്നേറ്റം എല്ലായിടത്തും കാഴ്ചവയ്ക്കുമെന്ന് വ്യക്തമായതോടെയാണ് സിപിഎം അണികള്‍ക്കും, നേതാക്കള്‍ക്കും വ്യക്തമായ സന്ദേശം നല്കി പിണറായി വിജയന് മണ്ഡല പര്യടനം ആരംഭിച്ചത്.
ബിജെപി അട്ടിമറി വിജയം നേടുമെന്ന് ഉറപ്പായിടങ്ങളിലെല്ലാം സിപിഎം വോട്ട്, യുഡിഎഫിന് മറിക്കണമെന്ന സന്ദേശമാണ്, ബിജെപിയുടെ പരാജയം ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തിലൂടെ നല്‍കുന്നത്. കോണ്‍ഗ്രസിനെയല്ല, ബിജെപിയെയാണ് കേരളത്തിലും ഒന്നാം നമ്പര്‍ ശത്രുവായി സിപിഎം കാണുന്നത്. ബിജെപിയെ തോല്‍പ്പിക്കുക മാത്രമാണ് ലക്ഷ്യം. അതിന് വേണ്ടിവന്നാല്‍ കോണ്‍ഗ്രസിനെയും പിന്തുണയ്ക്കുമെന്ന് പിണറായി വിജയന് പറയാതെ പറയുന്നു. പത്രസമ്മേളനങ്ങളില്‍ മാത്രമല്ല, പ്രചാരണ യോഗങ്ങളിലും ഇടതുപക്ഷത്തെ ജയിപ്പിക്കണമെന്നല്ല, ബിജെപിയെ പരാജയപ്പെടുത്തണമെന്നാണ് പിണറായി വിജയന്റെ ആഹ്വാനം.
തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടം എന്ന നിലയില്‍ ഒന്നും പറയാന്‍ തയാറാകുന്നില്ല. കേന്ദ്രസര്‍ക്കാരിനെയും, ബിജെപിയേയും ശക്തമായി എതിര്‍ക്കുന്നത് ഇടതുസര്‍ക്കാരും, ഇടതുപക്ഷവുമാണെന്ന അവകാശവാദം മാത്രമാണ് നടത്തുന്നത്. തന്റെ സര്‍ക്കാരിന്റെ വികസനങ്ങള്‍ ഒന്നും പറയാനാകാത്ത ഗതികേടിലാണ് മുഖ്യമന്ത്രി. അതിനാല്‍ തന്നെ യുഡിഎഫിനെ മറികടക്കുന്ന രീതിയില്‍ സംഘടിത മതപ്രീണനമാണ് നടത്തുന്നത്. ഇതിനായി കുപ്രചാരണങ്ങളും, അടിസ്ഥാന രഹിതമായ അവകാശവാദങ്ങളുമാണ് നടത്തുന്നത്. പിണറായി വിജയന് പങ്കെടുക്കുന്ന പൊതുയോഗങ്ങളില്‍ നിര്‍ബന്ധപൂര്‍വം അണികളെ എത്തിക്കുന്നതിനാല്‍ ആള്‍ക്കൂട്ടം ഉണ്ടെങ്കിലും ആവേശമില്ലാത്തത് പാര്‍ട്ടിയേയും വെട്ടിലാക്കുന്നു.
മുന്‍കാലങ്ങളില്‍ വി.എസ്. അച്യൂതാനന്ദന് തീര്‍ത്തിരുന്ന ആവേശക്കാഴ്ചകളുടെ അടുത്തെത്താന്‍ പോലും പിണറായി വിജയന്റെ സാന്നിദ്ധ്യത്തിന് കഴിയുന്നില്ല. മാത്രമല്ല സംഘാടകരും പാര്‍ട്ടി നേതാക്കളും ഭയത്തിന്റെ മുള്‍മുനയിലുമാണ്. എപ്പോഴാണ് ചെറിയ വിഷയങ്ങളില്‍ പോലും മുഖ്യമന്ത്രി പൊട്ടിത്തെറിക്കുന്നതെന്ന് പറയാനാകില്ല. അതിനാല്‍ സമ്മേളനത്തില്‍ നിന്ന് മുഖ്യമന്ത്രി പോകുന്നതു വരെ വീര്‍പ്പുമുട്ടിയാണ് സംഘാടകര്‍ നിലകൊള്ളുന്നത്. പാര്‍ട്ടിക്ക് പുറത്തുള്ളവരെ സമ്മേളനങ്ങളിലേക്ക് ആകര്‍ഷിക്കാനും പിണറായി വിജയന് സാധിക്കുന്നില്ല. മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ കേവലം ചടങ്ങുകള്‍ മാത്രമായി മാറുകയാണെന്ന് അണികളും പറയുന്നു. ബിജെപി വിരുദ്ധ പ്രസംഗം നടത്തി വീരവാദങ്ങളും, വീണ്‍വാക്കുകളും പറഞ്ഞ് തൃപ്തിയടയുകയാണ് പിണറായി വിജയനെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: