കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്ഫോടനക്കേസ് അന്വേഷണത്തിനായി എത്തിയ എൻഐഎ സംഘത്തിന് നേരെ ആക്രമണം. ഈസ്റ്റ് മിഡ്നാപൂരിലെ ഭൂപതിനഗറിൽ ആണ് സംഭവം. തൃണമൂൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോഴാണ് എൻഐഎ സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്.
150 ഓളം വരുന്ന ആൾ കൂട്ടം എൻഐഎ സംഘത്തെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. ആക്രമണത്തിൽ ഒരു എൻഐഎ ഉദ്യോഗസ്ഥന് പരുക്കേറ്റു. 2022ൽ ഭൂപതി നഗറിൽ മൂന്നു പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനക്കേസ് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് എൻഐഎ സംഘത്തിന് നേരെ ആക്രമണം നടന്നത്. പുലർച്ചെ 5.30ഓടെയാണ് സംഭവം ഉണ്ടായത്.
കഴിഞ്ഞ മാസം സ്ഫോടനവുമായി ബന്ധപ്പെട്ട് എട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളെ എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എൻഐഎയുടെ നീക്കത്തിൽ ബിജെപിക്ക് പങ്കുണ്ടെന്ന് ടിഎംസി ആരോപിച്ചിരുന്നു. അറസ്റ്റിലായ സംസ്ഥാന ഭക്ഷ്യമന്ത്രി ജ്യോതി പ്രിയ മല്ലിക്കുമായി അടുത്ത ബന്ധമുള്ള സസ്പെൻഷനിലായ പ്രാദേശിക തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വീട് റെയ്ഡ് ചെയ്യാൻ പോയ ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് എൻ.ഐ.എ സംഘത്തിന് നേരെ ആക്രമണമുണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: